വരയിലെ റിയലിസ്റ്റിക് ചന്തം, ഓർമകളെ ക്യാൻവാസിലേക്ക് പകർത്തി ബബിത
text_fieldsമനോഹരമായി പകർത്തിയിടുന്ന പലതും ചിലപ്പോൾ യാഥാർഥ്യങ്ങളേക്കാൾ സുന്ദരമാകും. ചുറ്റുമുള്ള കാഴ്ചകൾ ഇത്രയും ഭംഗി നിറഞ്ഞതായിരുന്നോ എന്ന് അപ്പോൾ നമ്മൾ അത്ഭുതം കൊള്ളും. ബബിത നായരുടെ ചിത്രങ്ങളും അങ്ങനെയാണ്. വരച്ചതാണോ, ഫോട്ടോ കോപ്പിയാണോ എന്ന് ഒരു നിമിഷം ആരെയും സംശയത്തിലാക്കുന്നവ. അത്രമേൽ ജീവൻ തുടിക്കുന്നത്.
കാടിറങ്ങിവരുന്ന പുലിയും, തെരുവിൽ മരച്ചീനി വിൽക്കുന്ന വയോധികയും, ഭൂതകാലത്തിന്റെ ഓർമകൾ പോലെയുള്ള സൈക്കിളും, പുഴ കടക്കുന്ന തോണിയും എല്ലാം ഇത്തരം ചിലതാണ്. ആസ്വാദകരുടെ പ്രശംസ നേടിയവ. സമൂഹമാധ്യമങ്ങളിലെ വൈറൽ ചിത്രങ്ങൾ.
ബബിത
ഫ്രീലാൻസ് ആർട്ടിസ്റ്റായ ബബിത റിയലിസ്റ്റിക് പെയിൻറിങ്ങുകളിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. മ്യൂറൽ പെയിന്റിങ്ങുകളും അബ്‌സ്‌ട്രാക്റ്റ് വർക്കുകളും ഇതിനൊപ്പമുണ്ട്.
നിറയുന്ന ഗൃഹാതുരത്വം
ഗൃഹാതുരത്വത്തിന്റെ കൈപിടിച്ചാണ് ബബിതയുടെ വരയാത്രകൾ. ഓർമകളുടെ തീരങ്ങളിലേക്ക് അവ ആസ്വാദകരെ കൊണ്ടെത്തിക്കുന്നു. പഴയകാല കാഴ്ചകളിലേക്കും സഞ്ചരിച്ച വഴികളിലേക്കും തിരികെ നടത്തിക്കുന്നു. മാഞ്ഞുപോകുന്ന ചുറ്റുവട്ട കാഴ്ചകളുടെ പുനരാവിഷ്കരണവും സൂക്ഷിപ്പുരേഖകളും കൂടിയായി ഈ ചിത്രങ്ങളെ കാണാം. ഇത് ബബിതയും തിരിച്ചറിയുന്നുണ്ട്. ബോധപൂർവമല്ലാതെ കടന്നുവന്ന ആ കാഴ്ചകൾ ഇപ്പോൾ ചിത്രകാരിയുടെകൂടി ഗൃഹാതുരത്വ ഓർമകളാണ്.
ജീവിത പരിസരങ്ങളിലെ ചുറ്റുവട്ട കാഴ്ചകളിൽ നിന്നാണ് ബബിത വരകൾക്കുള്ള പ്രമേയങ്ങൾ കണ്ടെത്തുന്നത്. യാത്രകളിലും നിരീക്ഷണങ്ങളിലും ചിലത് ചിത്രമായി ഉള്ളിൽ പതിയും. അവ ഫോട്ടോ എടുത്ത് മൊബൈലിൽ സൂക്ഷിക്കും. വരച്ചേ മതിയാകൂ എന്ന് ഉള്ളിൽ നിന്ന് കൊളുത്തിവലിക്കൽ തുടങ്ങുമ്പോൾ നിറങ്ങൾ ഒരുക്കൂട്ടും, ബ്രഷ് കയ്യിലെടുക്കും. വൈകാതെ അവ ഒരു സുന്ദര ചിത്രമായി രൂപമെടുക്കും.
വരയിലേക്കുള്ള വഴികൾ
നിറങ്ങളും ക്രയോണുകളും കാണുമ്പോൾ ആവേശഭരിതയായിരുന്ന കുട്ടിക്കാലമായിരുന്നു ബബിതയുടെത്. നാലാം വയസ്സുമുതൽ ഡ്രോയിങ് മത്സരങ്ങളിൽ പങ്കെടുത്ത് വരതെളിയിച്ചാണ് വളർച്ച. കലാപ്രവർത്തനങ്ങളിൽ തൽപരനായിരുന്ന പിതാവ് ഗോപിനാഥാണ് ആദ്യ പ്രചോദനം. ചെറുതും വലുതുമായ എല്ലാ മത്സരങ്ങൾക്കും അദ്ദേഹം ബബിതയെ അനുഗമിച്ചു.
കണ്ണൂരിൽ ജനിച്ചു കോഴിക്കോട് വളർന്ന ബബിത സ്കൂൾ തലങ്ങളിൽ നിരവധി അവാർഡുകൾ നേടിയിട്ടുണ്ട്.
അതിനിടെയാണ് രവിവർമയുടെ ചിത്രങ്ങൾ ഉൾകൊള്ളുന്ന ഒരു പുസ്തകം കയ്യിലെത്തുന്നത്. പെയിന്റിങിന്റെ അത്ഭുത ലോകം മനസ്സിൽ പതിയാൻ അതിടയാക്കി. പുതിയ നിറങ്ങളുടെ കണ്ടെത്തൽ, പ്രയോഗം എന്നിവയിൽ രവിവർമയുടെ മികവ് ബബിതയിലെ ആർടിസ്റ്റിനെ തൊട്ടു.
റിയലിസ്റ്റിക് പെയിന്റിങ് എന്ന ചിന്തയും അതിൽനിന്ന് മുളപൊട്ടി. വരയെ കുറിച്ച കാഴ്ചപാടുകൾ വികസിച്ചതും പ്രഫഷനലായി സമീപിച്ചു തുടങ്ങിയതും ബംഗളുരു ജീവിതത്തിനിടയിലാണ്. ഫാഷൻ ഡിസൈനിങ് പഠിക്കാൻ ബംഗളുരുവിലെത്തിയ ബബിത കോഴ്സ് പൂർത്തിയാക്കിയതിനു പിറകെ കർണാടക ചിത്രകലാ പരിഷത്തിൽ ചേർന്നു. അത് ജീവിതത്തിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കി. ചിത്രകലയെ ഗൗരവമായി കാണുന്ന അനേകം മനുഷ്യരെ അവിടെ കണ്ടുമുട്ടി. വരയിൽ കൂടുതൽ നിരീക്ഷണങ്ങളും പഠനവും നടത്തി സ്വയം മിനുക്കിയെടുത്തു.
ജീവൻ തുടിക്കുന്ന ചിത്രങ്ങൾ
ചിത്രകലാ പഠനത്തിനിടെ തന്നെ ഡിസൈനറായി ജോലിയും കിട്ടി. എന്നാൽ ഇതല്ല തന്റെ മേഖലയെന്ന് ഉള്ളിലെ കലാകാരി ബബിതയെ നിരന്തരം തിരുത്തികൊണ്ടേയിരുന്നു. ഒരിക്കൽ ബംഗളുരുവിൽ കണ്ട ട്രൈബൽ വനിതയുടെ ചിത്രം ബബിത പൂർത്തിയാക്കി. ഇതുകണ്ട പലരും ഫോട്ടോപോലെ ഉണ്ടല്ലോ എന്ന അഭിപ്രായം പങ്കുവെച്ചു. അത് വലിയ ആത്മവിശ്വാസവും തിരിച്ചറിവും നൽകി.
പിറകെ ജോലി ഒഴിവാക്കി വരയുമായി മുന്നോട്ടുപോകാമെന്ന തീരുമാനവും എടുത്തു. ജീവിതത്തിലെ വലിയ മാറ്റത്തിന്റെ തുടക്കവുമായി. പിന്നീട് ഒരുപാടു വർക്കുകൾ ബബിതയെ തേടിയെത്തി. പലയിടങ്ങളിലായി അവ ചുവരുകളെ അലങ്കരിച്ചു. ഭർത്താവ് സജിഷ് ഗംഗാധരൻ ബബിതക്ക് എല്ലാ പിന്തുണയും നൽകി. അമ്മ ഗീതാ ഗോപിനാഥും, മകൻ വേദ് മഹാദേവും വരകൾക്ക് കൂട്ടിരുന്നു.
എല്ലാ വർഷവും ബംഗളൂരുവിൽ നടക്കുന്ന പ്രശസ്തമായ വാർഷിക കലാമേളയായ 'ചിത്ര സന്തേ'യിൽ ബബിത സ്ഥിരം സാന്നിധ്യമായി. 2014-ൽ ചിത്രകലാ പരിഷത്തിൽ ഏകാംഗ പ്രദർശനം നടത്തി.
2016ൽ നന്തൻകോട് കേരള ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിലും എക്സിബിഷൻ നടത്തി. കേരള ലളിതകലാ അക്കാദമി ആർട്ട് ഗാലറിയിൽ 36 കലാകാരന്മാർ പങ്കെടുത്ത 'ചിത്ര സഞ്ചാരം' ദേശീയതല പ്രദർശനത്തിലും പങ്കെടുത്തു.
സ്വപ്നങ്ങളിലെ നിറങ്ങൾ
ചിത്രകലയിൽ ക്ലാസുകൾ നടത്തിവരുന്ന ബബിതക്ക് ചെറിയ കുട്ടികൾ മുതൽ മുതിർന്നവർ വരെ പഠിതാക്കളായുണ്ട്.
തിരുവനന്തപുരത്ത് താമസമാക്കിയ ബബിതയുടെ വീടിന് സമീപാണ് വെള്ളായനിക്കായൽ. കായലും തീരവും നൽകുന്ന ശാന്തതയും കാഴ്ചകളും പുതിയ ചിത്രങ്ങൾക്ക് ഊർജ്ജവും കഥാപാത്രങ്ങളുമാണ് ബബിതക്ക്. ജീവനുള്ള ചിത്രങ്ങൾക്ക് നിറം കൊടുക്കണമെങ്കിൽ ഓരോ കാഴ്ചയിലും ജീവിതം തിരയണമെന്നാണ് ബബിതയുടെ തത്വം. കാഴ്ചകൾ കണ്ടുകണ്ട് ബബിത ചിത്രസഞ്ചാരം തുടരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

