Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

മകന്റെ ഗെയിമിങ് ഭ്രാന്ത് മനസ്സിലാക്കാൻ കളിച്ചുതുടങ്ങി; 60-ാം വയസ്സിൽ അഞ്ച് ലക്ഷത്തിലധികം ഫോളോവേഴ്സുള്ള വൈറൽ ഗെയിമറായി അമ്മ

text_fields
bookmark_border
മകന്റെ ഗെയിമിങ് ഭ്രാന്ത് മനസ്സിലാക്കാൻ കളിച്ചുതുടങ്ങി; 60-ാം വയസ്സിൽ അഞ്ച് ലക്ഷത്തിലധികം ഫോളോവേഴ്സുള്ള വൈറൽ ഗെയിമറായി അമ്മ
cancel

ഒരു കാലത്ത് മകൻ ഗെയിമിൽ മുഴുകി നടക്കുമ്പോൾ അവനെ വഴക്കുപറഞ്ഞും ഇന്റർനെറ്റ് കഫേകളിൽ നിന്ന് വലിച്ചുപിടിച്ചും വീട്ടിലേക്ക് കൂട്ടിക്കൊണ്ടുവന്ന അമ്മ ഇന്ന് അതേ ഗെയിമിങ് ലോകത്തെ വിസ്മയിപ്പിക്കുന്ന താരമായി മാറിയിരിക്കുന്നു. ചൈനയിലെ ഗുവാങ്ഡോങ് പ്രവിശ്യയിലുള്ള മെയിഷോ സ്വദേശിനിയായ സോങ് ജുവാൻജുവാൻ എന്ന 60-കാരിയാണ് പ്രായത്തെ വെല്ലുന്ന ഈ അസാധാരണ നേട്ടത്തിലൂടെ ലോകമെമ്പാടും ശ്രദ്ധ പിടിച്ചുപറ്റിയത്. ഓൺലൈൻ ലോകത്ത് ‘ആന്റി ജുവാൻ’ എന്ന് അറിയപ്പെടുന്ന ഇവർക്ക് ഇന്ന് അഞ്ച് ലക്ഷത്തിലധികം ഫോളോവേഴ്സാണുള്ളത്.

തന്റെ ഇളയ മകനായ സുവോഡി ജോലിയൊക്കെ ഉപേക്ഷിച്ച് വീട്ടിലിരുന്ന് കമ്പ്യൂട്ടർ ഗെയിമുകളിൽ സമയം ചെലവഴിക്കാൻ തുടങ്ങിയതോടെയാണ് സോങ്ങിന്റെ ജീവിതത്തിൽ വഴിമാറ്റമുണ്ടായത്. ഏകദേശം 20 വർഷങ്ങൾക്ക് മുമ്പ് മകൻ സ്കൂളിൽ പഠിക്കുന്ന കാലത്ത് ഗെയിമിങിന് അടിമയായപ്പോൾ പഠനം മുടങ്ങുമെന്ന പേടിയിൽ അമ്മ അവനെ വഴക്കുപറയുമായിരുന്നു. എന്നാൽ വർഷങ്ങൾക്ക് ശേഷം വീണ്ടും മകൻ ഗെയിമിങ് ശീലമാക്കിയപ്പോൾ അതിൽ ദേഷ്യപ്പെടുന്നതിന് പകരം എന്താണ് ഇതിന്റെ ആകർഷണമെന്ന് നേരിട്ട് മനസ്സിലാക്കാൻ സോങ് തീരുമാനിക്കുകയായിരുന്നു. അങ്ങനെ മകനോട് തന്നെ തനിക്ക് ഗെയിം പഠിപ്പിച്ചുതരാൻ അവർ ആവശ്യപ്പെട്ടു.

തുടക്കത്തിൽ ഗെയിം കളിക്കുക എന്നത് സോങ്ങിനെ സംബന്ധിച്ച് വളരെ ബുദ്ധിമുട്ടേറിയ ഒരു കാര്യമായിരുന്നു. വെർച്വൽ ലോകത്ത് എങ്ങനെ മുന്നോട്ട് പോകണമെന്നോ ചുമരുകളിൽ ഇടിക്കാതെ എങ്ങനെ വഴിമാറണമെന്നോ അറിയാതെ അവർ ഏറെ വിഷമിച്ചു. പ്രായത്തിന്റേതായ കാഴ്ചക്കുറവും പ്രതികരണ ശേഷിയിലെ കുറവുകളും അവർക്ക് വെല്ലുവിളിയായെങ്കിലും അവർ പിന്മാറാൻ തയാറായില്ല. നിരന്തരമായ കഠിനാധ്വാനത്തിലൂടെ അവർ ഗെയിമിങ് ശീലമാക്കി മാറ്റുകയും, പിന്നീട് 2022-ഓടെ താൻ കളിക്കുന്നത് ലൈവ് സ്ട്രീം ചെയ്യാൻ തുടങ്ങുകയും ചെയ്തു. ചെറിയ പ്രായക്കാരുടെ ഗെയിമിങ് ശൈലികളും പദപ്രയോഗങ്ങളും ഉപയോഗിച്ച് ഷൂട്ടിങ് ഗെയിമുകളിൽ അറുപതാം വയസ്സിൽ ഒരു അമ്മ മിന്നുന്ന പ്രകടനം കാഴ്ചവെക്കുന്നത് ആളുകളിൽ കൗതുകമുണർത്തി. ഇതുവരെ എണ്ണായിരത്തിലധികം മണിക്കൂറുകളാണ് അവർ ഗെയിമിങ് രംഗത്ത് ചെലവഴിച്ചിട്ടുള്ളത്.

ഈ യാത്രയിലെ ഏറ്റവും വലിയ ഹൈലൈറ്റ് 2024 ഡിസംബറിലാണ് നടന്നത്. കൗണ്ടർ-സ്ട്രൈക്ക് ഗെയിമിങ് മത്സരത്തിൽ അന്താരാഷ്ട്ര തലത്തിൽ പ്രശസ്തനായ റഷ്യൻ കൗമാര താരം ഡോങ്കിനെതിരെ കളത്തിലിറങ്ങിയ സോങ് അദ്ദേഹത്തെ അട്ടിമറിച്ചത് ഏറെ ശ്രദ്ധിക്കപ്പെട്ടു. ഒരു അമ്മയുടെ നിശ്ചയദാർഢ്യവും കഠിനാധ്വാനവും എങ്ങനെയെല്ലാം വിജയങ്ങൾ സമ്മാനിക്കാമെന്നതിന്റെ ഉത്തമ ഉദാഹരണമായി മാറിയിരിക്കുകയാണ് 'ആന്റി ജുവാൻ'.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - At the age of 60 mother became a pro gamer with over 5 lakh followers
Next Story