അറബിക് കാലിഗ്രാഫിയിൽ അത്ഭുതം തീർത്ത് ഷഹനാസ്
text_fieldsതേവലക്കര സ്വദേശിനി ഷഹനാസ് തന്റെ സൃഷ്ടികൾക്കൊപ്പം
കരുനാഗപ്പള്ളി: പഠനത്തോടൊപ്പം അറബിക് കയ്യെഴുത്തു കലയായ കാലിഗ്രാഫിയിൽ മനോഹരമായ ചുവർചിത്രങ്ങൾ തീർക്കുകയാണ് കൊല്ലം തേവലക്കര സ്വദേശിനി ഷഹനാസ്. ഗൾഫ് മാർക്കറ്റുകളിൽ വൻ വില വരുന്ന അറബിക് പോട്രെയ്റ്റുകൾ സ്വയം ആർജിച്ചെടുത്ത കരവിരുതിലൂടെ പൂർത്തീകരിക്കുന്ന ഈ മിടുക്കി ഇതോടൊപ്പം ബോട്ടിൽ ആർട്ടിലൂടെ ചെയ്തെടുത്ത വർണ്ണാഭമായ കുപ്പികളുടെയും ജലഛായാ ചിത്രങ്ങളുടെയും വലിയ ഒരു ശേഖരത്തിന്റെ ഉടമ കൂടിയാണ്. പ്രമുഖ സൂഫി കവിയായ ജലാലുദ്ദീൻ റൂമിയുടെ പ്രസിദ്ധമായ ദൈവസ്നേഹം തുളുമ്പുന്ന ‘കുല്ലു മുഹിബ്ബിൻ മുഷ്താഖ് വലവ് കാന മൗസൂല’ എന്ന കവിതാ ശകലം അറബിക് കാലിഗ്രാഫിയിൽ ഹൃദയ ചിഹ്നത്തിനുള്ളിൽ വരച്ചെടുത്തതിന് ഷഹനാസിനെത്തേടി അംഗീകാരവും എത്തിയിരുന്നു. കരുനാഗപ്പള്ളി സി.എച്ച്. മുഹമ്മദ് കോയാ മെമ്മോറിയൽ ടീച്ചേഴ്സ് ട്രെയിനിങ് സെന്ററിൽ അവസാന വർഷ വിദ്യാർഥിനിയാണ് ഷഹനാസ്. ദൈവസ്നേഹം ഉണ്ടെങ്കിൽ അസാധ്യമായതു ഒന്നുമില്ല എന്ന് ഉറച്ചുവിശ്വസിക്കുന്ന ഷഹനാസ് തന്റെ വരയിലൂടെ ദൈവ പ്രീതി സാധ്യമാക്കാനുള്ള ശ്രമത്തിലാണ്.
വിവാഹ നാളുകളിൽ അണിഞ്ഞൊരുങ്ങുന്ന മണവാട്ടിമാരുടെ കരങ്ങളിൽ മൈലാഞ്ചി വരകളിലൂടെ മനോഹരമായ ചിത്രങ്ങൾ തീർത്തുവരുന്ന ഷഹനാസ് പഠനത്തിനുള്ള വരുമാനവും ഇതിലൂടെ കണ്ടെത്തുന്നു. പ്രത്യേക പരിശീലകരോ സഹായികളോ ഇല്ലാതെ അവധി ദിവസങ്ങളിൽ സ്വയം വരച്ചെടുക്കുന്ന ഈ കാലിഗ്രാഫി വർക്കുകൾക്ക് ഇപ്പോൾ ആവശ്യക്കാർ ഏറിവരികയാണ്. ഷഹനാസിന് സകലവിധ പിന്തുണയും നൽകി പിതാവ് തേവലക്കര പടിഞ്ഞാറ്റക്കര കണ്ണാപ്പള്ളിൽ ഷെരീഫും മാതാവ് സജീനയും എപ്പോഴും സഹായവുമായി ഒപ്പമുണ്ടാകുന്നതാണ് തന്റെ വരകൾക്കു നവജീവൻ നൽകാൻ കഴിയുന്നതെന്ന് ഷഹനാസ് പറയുന്നു. ചുമർചിത്രങ്ങളും ഛായാചിത്രങ്ങളും, കാലിഗ്രാഫി വർക്കുകളും, ആർട് വർക്കുകളും പരീക്ഷകാലം കഴിഞ്ഞാൽ സജീവമാക്കാനുള്ള ശ്രമത്തിലാണ് ഈ മിടുക്കി.
അറബിക് കാലിഗ്രാഫിയിൽ ഖുർആൻ വാക്യങ്ങൾ കാൻവാസിൽ പകർത്തി വരുന്ന ഷഹനാസിന്റെ ഏറ്റവും വലിയ ആഗ്രഹം ഇതേ ലിപിയിൽ ഖുർആനിലെ 6666 സൂക്തങ്ങൾ പൂർത്തിയാക്കണം എന്നുള്ളതാണ്. അതിനും കഴിയുമോ എന്ന ചോദ്യത്തിന് ഷഹനാസിന് ഒറ്റ ഉത്തരം മാത്രമേ ഉള്ളൂ "തന്റെ വരകളിൽ ദൈവസ്നേഹം ചാലിച്ചതാണ് ,ദൈവം അത് പൂർത്തിയാക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

