വടക്കാഞ്ചേരി: വീട്ടമ്മ മാത്രമല്ല; അത്ലറ്റ്, ഡ്രൈവർ, തെങ്ങുകയറ്റക്കാരി, നർത്തകി... പാർളിക്കാട് വാലിപ്പറമ്പിൽ വീട്ടിൽ വി.കെ. ബാബുവിന്‍റെ ഭാര്യ എസ്. കവിത എന്ന 43കാരി ജീവിതത്തിൽ ഓൾറൗണ്ടറാണ്. ഒന്നിനും സമയമില്ലെന്ന രക്ഷപ്പെടൽ ന്യായം പറയുന്ന വീട്ടമ്മമാർക്ക് മികച്ച മാതൃകയാണ് ഈ യുവതി.
കുടുംബശ്രീ പ്രവർത്തകയും പാലക്കാട് വെസ്റ്റ് വുമൺസ് ഫെഡറേഷൻ ലേബർ ബാങ്ക് കോഓഡിനേറ്ററുമായ കവിത കോഴിക്കോട്ട് നടന്ന സംസ്ഥാനതല മത്സരത്തിൽ ഡിസ്കസ് ത്രോ, നടത്തം, റിലേ മത്സരങ്ങളിൽ മെഡലുകൾ വാരിക്കൂട്ടിയിരുന്നു. നവംബറിൽ വാരണാസിയിൽ നടന്ന ദേശീയതല മത്സരത്തിൽ ഡിസ്കസ് ത്രോ, നടത്തം എന്നിവയിൽ മൂന്നാം സ്ഥാനം ലഭിച്ചു. ജപ്പാനിൽ നടക്കാനിരിക്കുന്ന ഇന്‍റർനാഷനൽ മീറ്റിൽ പങ്കെടുക്കണമെന്നാണ് ആഗ്രഹം. സാമ്പത്തികസ്ഥിതി അനുവദിക്കാത്തതിനാൽ സ്പോൺസറെ കണ്ടെത്താനുള്ള ശ്രമത്തിലാണ്.
തെങ്ങുകയറ്റം, പാടശേഖരങ്ങളിൽ ട്രാക്ടർ ഓടിക്കൽ, യന്ത്രവത്കൃത ഞാറ് നടീൽ എന്നിവയിലും കവിതയുടെ മുദ്ര പതിഞ്ഞിട്ടുണ്ട്. ഈ തൊഴിലുകളെല്ലാം സമർഥമായി ചെയ്യും. ഇത്തരം പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പാലക്കാട് വുമൺസ് ഫെഡറേഷൻ ലേബർ ബാങ്കിന് കീഴിൽ നിരവധി വനിതകൾക്ക് പരിശീലനം നൽകുന്നുണ്ട്. സാംസ്കാരിക വകുപ്പിന്‍റെ വജ്ര ജൂബിലി ഫെലോഷിപ്പിന്‍റെ ഭാഗമായി മോഹിനിയാട്ടം അഭ്യസിച്ച് ഉത്രാളിക്കാവ് ക്ഷേത്രത്തിൽ അരങ്ങേറ്റം നടത്തി. ഭർത്താവ് ബാബു, മക്കളായ ഭാഗ്യലക്ഷ്മി, സീതാലക്ഷ്മി എന്നിവരുടെ പൂർണ പിന്തുണയാണ് തന്‍റെ കരുത്തെന്ന് കവിത പറയുന്നു.