അലീന അഭിലാഷ്@ ന്യൂസിലൻഡിലെ മലയാളി വനിത പൊലീസ് ഓഫിസർ
text_fieldsമാതാപിതാക്കളായ അഭിലാഷ്, ബോബി, സഹോദരൻ ആൽബി എന്നിവർക്കൊപ്പം അലീന
പാലാ: ന്യൂസിലൻഡിലെ ആദ്യ മലയാളി വനിത പൊലീസ് ഓഫിസറെന്ന നേട്ടത്തിൽ പാലാക്കാരി അലീന അഭിലാഷ്. റോയൽ ന്യൂസിലൻഡ് പൊലീസ് കോളജിലെ പരിശീലനം പൂർത്തിയാക്കിയ അലീനയുടെ ഗ്രാജുവേഷൻ ചടങ്ങ് കഴിഞ്ഞദിവസം വെലിങ്ടണ്ണിൽ നടന്നു. കോൺസ്റ്റബിൾ റാങ്കിലെ ആദ്യ നിയമനം ഓക്ലാൻഡിലാണ്. ന്യൂസിലൻഡ് പൊലീസിൽ ഓഫിസർ തസ്തിക ആരംഭിക്കുന്നത് കോൺസ്റ്റബിൾ റാങ്കിലാണ്.
പാമർസ്റ്റൺ നോർത്തിൽ സ്ഥിരതാമസമാക്കിയ പാലാ ഉള്ളനാട് പുളിക്കൽ അഭിലാഷ് സെബാസ്റ്റ്യന്റെയും പിഴക് പുറവക്കാട്ട് ബോബിയുടെയും മകളാണ് 22കാരിയായ അലീന. ഒട്ടാഗോ സർവകലാശാലയിൽനിന്ന് സൈക്കോളജിയും ക്രിമിനോളിയും പഠിച്ച ശേഷമാണ് പൊലീസിൽ ചേർന്നത്.
ആറാം ക്ലാസുവരെ പാലാ ചാവറ പബ്ലിക് സ്കൂളിൽ പഠിച്ച ശേഷം മാതാപിതാക്കൾക്കൊപ്പം ന്യൂസിലൻഡിലേക്ക് കുടിയേറി. സമൂഹത്തോടുള്ള പ്രതിബന്ധതയാണ് പൊലീസിൽ ചേരാൻ തീരുമാനിച്ചതിനു പിന്നിലെന്ന് അലീന പറഞ്ഞു. വിക്ടോറിയ കോളജിൽ ഒന്നാം വർഷ നിയമ വിദ്യാർഥിയായ ആൽബി അഭിലാഷ് ഏക സഹോദരനാണ്.
അലീന അഭിലാഷിനെ മാണി സി. കാപ്പൻ എം. എൽ.എ, ജോസ് കെ. മാണി എം.പി, ചാവറ പബ്ലിക് സ്കൂൾ പ്രിൻസിപ്പൽ ഫാ. സാബു കൂടപ്പാട്ട്, മുൻ പ്രിൻസിപ്പൽ ഫാ. മാത്യു കരീത്തറ എന്നിവർ അഭിനന്ദിച്ചു.

