Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightWomanchevron_rightമരുഭൂമിയിലൊരു...

മരുഭൂമിയിലൊരു മുന്തിരിത്തോപ്പ്

text_fields
bookmark_border
Suhara Majeed
cancel
camera_alt

 ദുഹൈലിലെ വീട്ടുമുറ്റത്തെ തോട്ടത്തിൽ സുഹറ മജീദ്

കോഴിക്കോട് നടുവണ്ണൂർ സ്വദേശിനിയായ പ്രവാസി വീട്ടമ്മ സുഹറ മജീദ് ഖത്തറിലെ വീട്ടുമുറ്റം ഒരു മിനി സൂപ്പർ മാർക്കറ്റാക്കിയിരിക്കുകയാണ്. ഇവിടെ മുന്തിരി മുതൽ വിവിധ പഴവർഗങ്ങളും തക്കാളിയും കറിവേപ്പിലയും പച്ചക്കറികളും ഉൾപ്പെടെ എല്ലാമുണ്ട്.

കമ്പത്തെയും തേനിയിലെയും കുളിരുകോരുന്ന തണുപ്പിനിടയിൽ പഴുത്ത് പാകമായ മുന്തിരിക്കുലകൾ തൂങ്ങിനിൽക്കുന്ന മുന്തിരിത്തോട്ടങ്ങൾ നമ്മൾ മലയാളികൾക്ക് പുതുമയല്ല. എന്നാൽ, 40 മുതൽ 46 ഡിഗ്രിവരെ ചുട്ടുപൊള്ളുന്ന ചൂടിൽ മരുഭൂമിയിലെ വീട്ടുമുറ്റത്ത് തവിട്ടുനിറത്തിൽ തുടുത്തുനിൽക്കുന്ന മുന്തിരിക്കുലകൾ ഒരു അതിശയകാഴ്ച തന്നെയാണ്.

മരുഭൂമിയിലെ ചൂടിൽ പച്ചതൊടാൻ മടിക്കുന്ന മുന്തിരി വള്ളികളെ നട്ടുവളർത്തി, നിറയെ പൂവും പിന്നെ കായുമാക്കി മാറ്റുകയാണ് ഇവിടെയൊരു പ്രവാസി വീട്ടമ്മ. കോഴിക്കോട് നടുവണ്ണൂരിൽനിന്നുള്ള സുഹറ മജീദാണ് കുടുംബത്തിന്റെയും ബന്ധുക്കളുടെയും പിന്തുണയിലെ ദുഹൈലിലെ വീട്ടുപരിസരം ചെറിയൊരു മുന്തിരിതോട്ടമാക്കി മാറ്റിയത്.

ഈത്തപ്പഴം പഴുക്കുന്ന ചൂടിലാണ് നിത്യവും വെള്ളവും തണുപ്പും ആവശ്യത്തിനുവേണ്ട മുന്തിരി ഇവിടെ വിളയുന്നത്. ഖത്തറിലെ പ്രവാസ കൃഷി ലോകത്ത് ഇവരുടെ ചെറു മുന്തിരി തോട്ടം പുതിയ വാർത്തയല്ല. കഴിഞ്ഞ എട്ടു -പത്തു വർഷത്തിലധികമായി മുന്തിരി വിളയുന്ന തോട്ടമാണ് ദുഹൈലിലെ വില്ലയുടെ മുറ്റം.

സുഹറയും ഭർത്താവ് മജീദും വീട്ടുമുറ്റത്തെ കൃഷിക്കൊപ്പം

ഖത്തറിലെ പ്രമുഖ മലയാളി സംരംഭകൻ അബ്ദുറഹിമാൻ കരിഞ്ചോലയും കുടുംബവും താമസിക്കുന്ന വീടിന്റെ ഔട്ട് ഹൗസിലാണ് ഇവരുടെ ബന്ധുകൂടിയായ സുഹറയും ഭർത്താവ് മജീദും താമസിക്കുന്നത്. ആ മുറ്റമാണ് അബ്ദുറഹ്മാൻ കരിഞ്ചോലയുടെയും ഭാര്യ ഷറീനയുടെയും കൂടി പിന്തുണയിൽ മുന്തിരി മുതൽ മധുര നാരങ്ങവരെയും കറിവേപ്പില മുതൽ തക്കാളിവരെയും പനനീർ മുതൽ പത്തുമണി ചെടികൾ വരെയും തളിർത്തുവളരുന്ന തോട്ടമാക്കി മാറ്റിയത്.

നെൽപ്പാടങ്ങളും തെങ്ങുകളും കവുങ്ങുകളുമായി കൃഷിക്ക് ഏറെ വളക്കൂറുള്ള നടുവണ്ണൂരിൽ ജനിച്ചുവളർന്ന സുഹറ മണ്ണിനോടുള്ള ഇഷ്ടം വീട്ടിലെ മുതിർന്നവരിൽനിന്ന് പകർന്നതായിരുന്നു. വിവാഹം കഴിഞ്ഞ് 30 വർഷം മുമ്പ് ഭർത്താവിന് കൂട്ടായി പ്രവാസത്തിലേക്ക് വന്നപ്പോൾ കൃഷിയെയും ഒപ്പംകൂട്ടി.

ഉമ്മുൽ അമദിലായിരുന്നു ആദ്യ കാലങ്ങളിൽ താമസം. അവിടെ, സ്പോൺസറായ ഖത്തരിയുടെ വീടിനോട് ചേർന്ന താമസസ്ഥലം പച്ചപ്പിനാൽ സമൃദ്ധമാക്കിയായിരുന്നു തുടക്കം. വിവിധ പച്ചക്കറികളും ഇലവർഗങ്ങളും പഴങ്ങളുമെല്ലാം കൃഷി ചെയ്തു തുടങ്ങി. ഐൻഖാലിദിൽ സൂപ്പർമാർക്കറ്റ് നടത്തുന്ന ഭർത്താവ് മജീദും, അദ്ദേഹത്തിന്റെ സഹോദരങ്ങളുമെല്ലാം സഹായികളായി ഒപ്പമുണ്ടായിരുന്നു. ആവശ്യമായ വളവും വിത്തും തൈകളും അവരിലൂടെ എത്തി. ഖത്തരി വീട്ടുകാർക്കും സുഹറയുടെ കൃഷികൾ പ്രിയങ്കരമായി.

എട്ടുവർഷം മുമ്പായിരുന്നു അവിടം വിട്ട് ദുഹൈലിലെത്തിയത്. നേരത്തേ ഇവിടെ താമസമാക്കി അബ്ദുറഹ്മാൻ കരിഞ്ചോലയുടെ കുടുംബത്തിനൊപ്പം മുറ്റം തോട്ടമാക്കിമാറ്റി. മരുഭൂമിയുടെ വരണ്ട മണ്ണിന് വളക്കൂറ് നൽകി. രാവിലെയും വൈകുന്നേരവും ഉൾപ്പെടെ നട്ടും നനച്ചും പരിചരിച്ചും അവർ പച്ചപിടിപ്പിച്ചു.

ചെറു മുറ്റത്ത് ഹോളോബ്രിക് കട്ടകൾക്കുള്ളിൽ ഫാമിൽനിന്നുള്ള മണ്ണുകൾ നിറച്ച് കൃഷിയിടമൊരുക്കി. ജൈവ മാലിന്യങ്ങളും, ചാണകവും ഉൾപ്പെടെ വളമാക്കി മണ്ണിനെ നനച്ചപ്പോൾ മരുഭൂമി എന്തിനെയും പച്ചപിടിപ്പിക്കാൻ പാകമായി. അങ്ങനെ, പത്തുമണി ചെടികൾ വിരിഞ്ഞു നിന്ന മുറ്റത്ത് പിന്നെ ഓരോന്നായി വിത്തും തൈകളുമായി ഇറങ്ങി.


അങ്ങനെ പച്ചക്കറികളും പഴങ്ങളും ഇലക്കറി ഇനങ്ങളുമെല്ലാം ദുഹൈലിലെ മുറ്റത്തും പടരാൻ തുടങ്ങി. മുരിങ്ങ, കറിവേപ്പില, കോവയ്ക്ക, വിവിധ നിറങ്ങളിലുള്ള കാപ്‌സികം, വിവിധ തരം മുളകുകൾ, വഴുതന, തക്കാളി, പൊതീന, മല്ലിച്ചപ്പ്, തുളസി, നാടൻ കക്കിരി, വെള്ളരി, മണിത്തക്കാളി, ചീരകൾ, ഉള്ളിത്തണ്ട്, കാരറ്റ്, ബീറ്റ് റൂട്ട്, ലെട്ടൂസ്, കാബേജ്, കോളി ഫൽവർ, ഇഞ്ചി, വിവിധ ഇനം പയറുകൾ, കുമ്പളങ്ങ, മത്തങ്ങ, വെണ്ട, ചേന, കൂർക്ക, മാവ്, തെങ്ങ്, പപ്പായ, നേന്ത്രവാഴ, മൾബറി, ചാമ്പക്ക, സപ്പോട്ട, റമ്പുട്ടാൻ, കൈതച്ചക്ക, ചെറുനാരങ്ങ, കരിമ്പ്, കറ്റാർ വാഴ, ഷമ്മാം തുടങ്ങി എണ്ണിയാൽ തീരാത്ത വിഭവങ്ങൾ ഇത്തിരിപ്പോന്ന മുറ്റത്ത് വിളയുന്നത് കണ്ടാൽ അത്ഭുതപ്പെടും. ഇടവേളകളില്ലാതെ വർഷത്തിൽ എല്ലാസമയവും ഒന്നല്ലെങ്കിൽ മറ്റൊരു വിഭവം ഇവിടെ വിളയും. വീട്ടാവശ്യങ്ങൾക്കു ഉപയോഗിച്ചും സുഹൃത്തുക്കൾക്ക് സ്നേഹത്തോടെ പങ്കുവെച്ചും കണ്ടെത്തുന്ന സന്തോഷമാണ് ഈ വീട്ടമ്മക്ക് കൃഷിയിടത്തിലെ ലാഭം.

പടരുന്ന മധുര മുന്തിരി

വീട്ടുമുറ്റത്ത് പല ഇനം വിളകൾ പരീക്ഷിച്ച് വിജയം കൊയ്ത പരിചയുവുമായാണ് സുഹറ മുന്തിരിയിലും ഒരു കൈനോക്കാൻ തീരുമാനിക്കുന്നത്. അബ്ദുറഹ്മാൻ കരിഞ്ചോല നൽകിയ മുന്തിരി തൈ നട്ടായിരുന്നു ആദ്യ പരീക്ഷണം. ജൈവ വളങ്ങളും ധാരാളമായ നനയുമായി മുന്തിരി വള്ളി മണ്ണിൽ വെച്ചപ്പോൾ പതുക്കെ വേരുകളാഴ്ന്നു. ചുട്ടുപഴുത്ത്, വരണ്ടുപോകുന്ന മണ്ണ്, സുഹറയുടെ പരിശ്രമത്തിനു മുന്നിൽ കീഴടങ്ങി.

വേരുകൾ മണ്ണിലേക്കും, വള്ളിപ്പടർപ്പുകൾ പന്തലിലേക്കുമായി പടർന്നു. പച്ചക്കറികളുടെയും മറ്റും കൊയ്ത്ത് കഴിയുമ്പോഴേക്കും മുന്തിരിവള്ളികളിൽ പൂവിട്ട് കായ്‍ മുളക്കാൻ തുടങ്ങും. മാർച്ച് മാസത്തിലാണ് മുന്തിരി കായ്ച്ച് തുടങ്ങുന്നത്. നാല്-അഞ്ചു മാസം കഴിയുമ്പോഴേക്കും പഴുത്ത് പാകമായിരിക്കും. ഇതാണ് കഴിഞ്ഞ ഏതാനും വർഷങ്ങളായുള്ള മരുഭൂമിയിലെ മുന്തിരി കൃഷിരീതി.

ഏറെയൊന്നുമില്ല. ആദ്യം ഒരു വള്ളിയിലായിരുന്നെങ്കിൽ ഇപ്പോൾ മറ്റൊരു വള്ളി കൂടി പടർന്നിട്ടുണ്ട്. പ്രത്യേക പരിചരണമൊന്നും നൽകുന്നില്ലെന്ന് സുഹറ പറയുന്നു. ‘ഒരു നേരം നന്നായി നനക്കും. അതിരാവിലെ നാല്-അഞ്ചു മണി. അല്ലെങ്കിൽ വൈകുന്നേരം. നനയെന്നു പറഞ്ഞാൽ, ഇലയും തണ്ടും ഉൾപ്പെടെ കുളിപ്പിച്ച് നനയാണ്.. ആവശ്യത്തിന് ജൈവ വളവും നൽകും’ -മുന്തിരിയുടെ പരിചരണത്തെ കുറിച്ച് സുഹറ വിശദീകരിക്കുന്നു.

ഭർത്താവ് മജീദിന്റെയും യൂനിവേഴ്സിറ്റി വിദ്യാർഥിയായ മകൻ ഷാഹിറിന്റെയും പിന്തുണയുണ്ട്. അതിനു പുറമെ, ഭർതൃ സഹോദരന്മാരായ അബൂബക്കർ, മജീദ്, ബന്ധു നിസാർ എന്നിവരും ദുഹൈലിലെ വീട്ടുമുറ്റത്തെ കൃഷിക്ക് പിന്തുണയുമായി എത്താറുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:vineyardSuhara Majeed
News Summary - A vineyard in the desert of Qatar
Next Story