ജന്മദിനത്തിൽ 'പൊലീസായി' ആറുവയസ്സുകാരി
text_fieldsജന്മദിനത്തിൽ പൊലീസ് ഉദ്യോഗസ്ഥരിൽനിന്ന് സമ്മാനം സ്വീകരിക്കുന്ന ഹൂർ ഹദദ്
ദുബൈ: ആറുവയസ്സുകാരി ഹൂർ ഹദദിന് കഴിഞ്ഞ ദിവസം മറക്കാനാവാത്തതാണ്. താൻ എന്നും അത്ഭുതത്തോടെ നോക്കിയിരുന്ന പൊലീസുകാർക്കിടയിൽ അവരുടെ യൂനിഫോമിൽ ഒരു ദിവസം മുഴുവൻ കഴിയാനാണവൾക്ക് സാധിച്ചത്. അതും ജന്മദിനത്തിലാണിങ്ങനെ സ്വപ്നതുല്യമായ ആഹ്ലാദം അവൾക്ക് വന്നുചേർന്നത്.
സമൂഹത്തിലെ വിവിധ വിഭാഗങ്ങൾക്കിടയിൽ സന്തോഷവും ക്രിയാത്മകതയും പ്രചരിപ്പിക്കുന്ന ശ്രമങ്ങളുടെ ഭാഗമായി ദുബൈ പൊലീസ് സംഘടിപ്പിക്കുന്ന 'ഒരു കുട്ടിയുടെ ആഗ്രഹം സഫലമാക്കൂ' എന്ന സംരംഭമാണ് ഹൂറിന് പൊലീസാവാൻ വഴിയൊരുക്കിയത്.വ്യത്യസ്ത പ്രായക്കാരും ദേശക്കാരുമായ കുട്ടികൾക്ക് വേണ്ടിയാണ് പരിപാടി അധികൃതർ സംഘടിപ്പിച്ചുവരുന്നത്.
കമ്യൂണിറ്റി ഹാപിനസ് വകുപ്പിലെ സുരക്ഷ ബോധവത്കരണ വിഭാഗവുമായി സഹകരിച്ചാണ് പരിപാടി ഒരുക്കിയത്. തങ്ങളുടെ മകൾക്ക് ജന്മദിനത്തിൽ സർപ്രൈസ് നൽകണമെന്ന രക്ഷിതാക്കളുടെ ആഗ്രഹംകൂടിയാണ് പൊലീസ് സഫലമാക്കിയത്. കുട്ടിക്ക് ദുബൈ പൊലീസിന്‍റെ ആഡംബര വാഹനത്തിൽ സഞ്ചരിക്കാനും സാധിച്ചു.
ഹൂറിനും അവളുടെ സഹപാഠികൾക്കും പ്രത്യേക ഷോയും ഒരുക്കിയിരുന്നു. കുട്ടിയുടെ ആഗ്രഹം നിറവേറ്റിയതിന് മാതാപിതാക്കൾ പൊലീസിനോട് നന്ദി രേഖപ്പെടുത്തി. സുരക്ഷ വർധിപ്പിക്കാനും കമ്യൂണിറ്റി അംഗങ്ങൾക്കിടയിൽ സന്തോഷം വളർത്താനും ദുബൈ പൊലീസിന്‍റെ സന്നദ്ധതയാണ് ഇത്തരം പരിപാടികളെന്ന് സുരക്ഷ ബോധവത്കരണ വകുപ്പിലെ സാംസ്കാരിക വൈവിധ്യ വിഭാഗം മേധാവി മേജർ അലി യൂസഫ് യാക്കൂബ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

