Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

99ാം വയസിൽ വിമാനത്തിന്‍റെ ചിറകിൽ സാഹസിക പ്രകടനം; ലോകത്തെ ഏറ്റവും പ്രായം കൂടിയ വനിതാ വിങ് വാക്കറായി ഹെൽഗ

text_fields
bookmark_border
ഹെൽഗ ഡഫി
cancel
camera_alt


ഹെൽഗ ഡഫി


ലണ്ടൻ: പ്രായം വെറുമൊരു നമ്പറാണെന്ന് ഒരിക്കൽ കൂടി തെളിയിച്ചിരിക്കുകയാണ് 99-കാരിയായ ഹെൽഗ ഡഫി. പറന്നുകൊണ്ടിരിക്കുന്ന വിമാനത്തിന്റെ ചിറകിൽ സ്വയം ബന്ധിച്ച് ആകാശത്ത് സാഹസിക പ്രകടനം നടത്തി ഗിന്നസ് ലോക റെക്കോർഡ് സ്വന്തമാക്കിയിരിക്കുകയാണ് ഈ മുത്തശ്ശി. പ്രായത്തെ വെല്ലുവിളിച്ച ഹെൽഗ ലോകത്തിലെ ഏറ്റവും പ്രായം കൂടിയ വനിതാ വിങ് വാക്കറായി ചരിത്രം കുറിച്ചു. 2026 ഒക്ടോബർ 16-ന് ഇംഗ്ലണ്ടിലെ ഗ്ലോസ്റ്റർഷെയറിലുള്ള സിറൻസെസ്റ്ററിലെ ആർ.എഫ്‌.സി റെൻകോംബ് എയർഫീൽഡിൽ നിന്നായിരുന്നു ഹെൽഗയുടെ റെക്കോർഡ് നേട്ടം. നേട്ടം സ്ഥിരീകരിച്ച പിന്നാലെ തന്നെ ഗിന്നസ് വേൾഡ് റെക്കോർഡ്സ് അധികൃതർ ഹെൽഗയ്ക്ക് സർട്ടിഫിക്കറ്റും കൈമാറി.

ടെലിവിഷനിൽ 97-ാം വയസ്സിൽ വിങ് വാക്കിങ് നടത്തി റെക്കോർഡ് സ്വന്തമാക്കിയ ബെറ്റി ബ്രൊമേജിനാണ് ഹെൽഗയ്ക്ക് പ്രചോദനമായത്. തുടർന്ന് ആ ആഗ്രഹത്തിനായി പ്രയത്നവും ആരംഭിച്ചു. തന്റെ ജന്മദിനമായ സെപ്റ്റംബർ 23-ന് നടത്താനിരുന്ന പ്രകടനം വിമാനത്തിനുണ്ടായ സാങ്കേതിക പ്രശ്നങ്ങളെ തുടർന്ന് മാറ്റിവെക്കുകയായിരുന്നു. ഒടുവിൽ ഒക്ടോബർ 16-ന് ദൗത്യം വിജയകരമായി പൂർത്തിയാക്കി ഹെൽഗ ലോക റെക്കോർഡ് സ്വന്തമാക്കി. വിമാനത്തിന്റെ ചിറകിന് മുകളിൽ പ്രത്യേക സുരക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെ ഒരാളെ ബന്ധിച്ച് വിമാനം പറത്തുന്ന സാഹസിക വിനോദമാണ് വിങ് വാക്കിങ്. അപകടസാധ്യതയുള്ള ഈ പ്രകടനത്തിനിടയിൽ തനിക്ക് ഒട്ടും ഭയം തോന്നിയില്ലെന്ന് ഹെൽഗ കൂട്ടിച്ചേർത്തു.

'ഞാൻ ഭയപ്പെട്ടില്ല, കാരണം അത്രയധികം ആവേശത്തിലായിരുന്നു' എന്നായിരുന്നു ഹെൽഗയുടെ വാക്കുകൾ. ജർമനിയിൽ ജനിച്ച ഹെൽഗ നിലവിൽ ഇംഗ്ലണ്ടിലെ വിൽറ്റ്ഷെയറിലുള്ള ഡെവിസസിലെ കെയർ ഹോമിലാണ് താമസം. റെക്കോർഡ് നേട്ടത്തിനൊപ്പം ജീവകാരുണ്യ പ്രവർത്തനത്തിനും ഹെൽഗയുടെ സാഹസികത സഹായകമായി. വിൽറ്റ്ഷെയർ ആൻഡ് ബാത്ത് എയർ ആംബുലൻസിനായി 1,300 പൗണ്ടിലധികം സമാഹരിക്കാൻ ഈ പരിപാടിയിലൂടെ സാധിച്ചു. ഹെൽഗയുടെ കുടുംബത്തിന് എയർ ആംബുലൻസ് സേവനവുമായി വൈകാരിക ബന്ധവുമുണ്ട്.

മുൻ റെക്കോർഡ് ജേതാവായ ബെറ്റി ബ്രൊമേജും ഹെൽഗയെ അഭിനന്ദിച്ചു. എന്നാൽ 100-ാം വയസ്സിൽ വീണ്ടും വിങ് വാക്കിങ് നടത്തി റെക്കോർഡ് തിരിച്ചുപിടിക്കാനുള്ള ആഗ്രഹവും ബെറ്റി തമാശരൂപേണ പങ്കുവെച്ചു. പ്രായം കൂടുമ്പോൾ പുതിയ അനുഭവങ്ങൾ തേടാനുള്ള ആഗ്രഹം അവസാനിക്കണമെന്നില്ലെന്ന് തെളിയിക്കുന്നതാണ് ഹെൽഗ ഡഫിയുടെ ഈ നേട്ടം.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Woman Breaks Guinness Wing Walk Record
Next Story