40 വർഷത്തെ സേവനം, ജന്മദിനത്തിൽ വിരമിക്കൽ; എൽസമ്മക്ക് ലഭിച്ചത് 'ഗോൾഡൻ സമ്മാനം'
text_fieldsഎൽസമ്മ വർഗീസ്
ദുബൈ: നാല് പതിറ്റാണ്ടിന്റെ നഴ്സിങ് സേവനത്തിൽനിന്ന് ജന്മദിനത്തിൽ വിരമിക്കൽ. പന്തളം സ്വദേശി എൽസമ്മ വർഗീസിന്റെ ജീവിതത്തിൽ ജൂലൈ 17ന്റെ പ്രത്യേകത ഇതായിരുന്നു. പക്ഷേ, അന്നൊരു സ്പെഷ്യൽ ജന്മദിന സമ്മാനം അവരെ കാത്തിരിപ്പുണ്ടായിരുന്നു. യു.എ.ഇ ഗോൾഡൻ വിസ! വിരമിക്കുന്ന ദിവസം ലഭിച്ച ജീവിതത്തിലെ വലിയ ജന്മദിന 'സുവർണ സമ്മാനത്തിന്റെ'സന്തോഷത്തിലാണിപ്പോൾ എൽസമ്മയും കുടുംബവും. അൽഐനിലെ അൽ തവാം ഹോസ്പിറ്റലിലെ നഴ്സ് ആയിരുന്നു 61കാരിയായ എൽസമ്മ. 2006ലാണ് ഇവർ തവാം ഹോസ്പിറ്റലിൽ ചേരുന്നത്.
''യു.എ.ഇയിൽ വിരമിക്കൽ പ്രായം 60 ആണെങ്കിലും തവാം ഹോസ്പിറ്റൽ അധികൃതർ എനിക്ക് ഒരു വർഷം കൂടി സർവിസ് അനുവദിച്ചു. കോവിഡ് മുന്നണിപ്പോരാളിയായ നഴ്സുമാർക്ക് യു.എ.ഇ സർക്കാർ ഗോൾഡൻ വിസ സമ്മാനിക്കുന്ന വിവരം അറിഞ്ഞിരുന്നെങ്കിലും വിരമിക്കാൻ പോകുന്നതിനാൽ കിട്ടുമെന്ന പ്രതീക്ഷ ഇല്ലായിരുന്നു. എങ്കിലും സഹപ്രവർത്തകർ പറയുമായിരുന്നു, എന്നും ഇ-മെയിൽ പരിശോധിക്കാൻ. ഞാനത് കാര്യമാക്കിയില്ല. എന്നാൽ, വിരമിക്കുന്ന ദിവസം ജന്മദിനത്തിന്റെ അന്ന് ഗോൾഡൻ വിസ അനുവദിച്ചെന്ന സന്ദേശം കിട്ടിയത് ജീവിതത്തിലെ മറക്കാനാകാത്ത മുഹൂർത്തമായി''-എൽസമ്മ പറയുന്നു.
മുംബൈയിലെ ഡോ. ആർ.എൻ. കൂപ്പർ ഹോസ്പിറ്റലിൽനിന്നാണ് നഴ്സിങ് പൂർത്തിയാക്കിയത്. കുറച്ചുനാൾ അവിടെ ജോലി ചെയ്ത് 1987ൽ ഒമാനിലെ റോയൽ ഹോസ്പിറ്റലിൽ നഴ്സായി പ്രവാസം തുടങ്ങി. 2006ൽ തവാം ആശുപത്രിയിൽ എത്തി. 16 വർഷം ജീവിച്ച യു.എ.ഇ തനിക്ക് സ്വന്തം വീടുപോലെയാണെന്ന് എൽസമ്മ പറയുന്നു. എൽസമ്മയുടെ മക്കളൊക്കെ ഇവിടെ വളർന്ന്, ഇവിടെ തന്നെ ജോലി ചെയ്യുന്നവരാണ്. വിരമിച്ച ശേഷം യു.എ.ഇ വിട്ട് പോകുന്നത് ചിന്തിക്കാൻതന്നെ ഇവർക്ക് കഴിയുമായിരുന്നില്ല. അതിന്റെ വിഷമത്തിൽ ഇരിക്കുമ്പോഴാണ് അനുഗ്രഹമായി എൽസമ്മയെ തേടി ഗോൾഡൻ വിസ എത്തുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

