രാജസ്ഥാന്‍റെ ഏറ്റവും പ്രായം കുറഞ്ഞ മുനിസിപ്പൽ ചെയർപേഴ്സണായി 21കാരി; ചരിത്രനേട്ടത്തിൽ കീർത്തി ഗോസൈവൽ
text_fieldsജയ്പൂർ: രാജസ്ഥാന്‍റെ രാഷ്ട്രീയ ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട് 21 കാരിയായ കീർത്തി ഗോസൈവൽ ബാലോത്ര ജില്ലയിലെ ധോരിമന്ന മുൻസിപ്പാലിറ്റിയുടെ ചെയർപേഴ്സണായി തെരഞ്ഞെടുക്കപ്പെട്ടു. ഇതോടെ രാജസ്ഥാനിലെ ഏറ്റവും പ്രായം കുറഞ്ഞ മുൻസിപ്പൽ ചെയർപേഴ്സൺ എന്ന വലിയ നേട്ടമാണ് യുവതി സ്വന്തമാക്കിയിരിക്കുന്നത്. പട്ടികജാതി വനിതാ സംവരണമായി മാറ്റിവെച്ച ആ പോസ്റ്റിലേക്ക് നാമനിർദ്ദേശ പത്രിക സമർപ്പിച്ച ഏക വ്യക്തി കീർത്തിയായിരുന്നു. കോൺഗ്രസോ മറ്റ് സ്വതന്ത്ര സ്ഥാനാർത്ഥികളോ വേണ്ടത്ര ഭൂരിപക്ഷമില്ലാത്തതിനാൽ ഈ സ്ഥാനത്തേക്ക് ആരെയും മത്സരിപ്പിച്ചിരുന്നില്ല. തുടർന്ന് സബ് ഡിവിഷണൽ ഓഫീസർ ബദ്രീനാരായണൻ ബിഷ്ണോയ് കീർത്തിക്ക് തെരഞ്ഞെടുപ്പ് സർട്ടിഫിക്കറ്റ് കൈമാറി.
പടിഞ്ഞാറൻ രാജസ്ഥാനിലെ ബാർമാറിൽ നിന്ന് ഏകദേശം 70 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന ധോരിമന്ന സമീപകാലത്താണ് ഒരു മുൻസിപ്പാലിറ്റിയായി ഉയർത്തിയത്. ഈ നഗരസഭയുടെ പ്രഥമ തെരഞ്ഞെടുപ്പിൽ ആകെയുള്ള 20 വാർഡുകളിൽ 14 ഇടത്തും വിജയം നേടി ബി.ജെ.പി വ്യക്തമായ ആധിപത്യം സ്ഥാപിച്ചിരുന്നു. കോൺഗ്രസും സ്വതന്ത്രരും 3 വീതം സീറ്റുകളും നേടി. ഇതിൽ വാർഡ് നമ്പർ 20ൽ നിന്നുള്ള ബി.ജെ.പി കൗൺസിലറായിരുന്നു കീർത്തി ഗോസൈവൽ.
2005-ൽ ജനിച്ച കീർത്തി ബിരുദ പഠനം പൂർത്തിയാക്കിയ ശേഷം ഉപരിപഠനത്തിനുള്ള തയാറെടുപ്പിലാണ്. തുടക്കത്തിൽ സിവിൽ സർവീസിൽ എത്തി രാജ്യത്തെ സേവിക്കുക എന്നതായിരുന്നു അവരുടെ സ്വപ്നം. എന്നാൽ രാജ്യത്തും സംസ്ഥാനത്തുമുള്ള മാറിക്കൊണ്ടിരിക്കുന്ന രാഷ്ട്രീയ-സാമൂഹിക സാഹചര്യങ്ങൾ തന്നെ രാഷ്ട്രീയത്തിലേക്ക് കടന്നുവരാൻ പ്രേരിപ്പിച്ചുവെന്ന് കീർത്തി വ്യക്തമാക്കുന്നു. തനിക്ക് രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ പ്രചോദനവും പിന്തുണയും നൽകിയ സംസ്ഥാന മന്ത്രി കെ.കെ. ബിഷ്ണോയിയോട് അവർ നന്ദി അറിയിച്ചു. ജനങ്ങളുടെ പ്രശ്നങ്ങൾ വേഗത്തിൽ പരിഹരിക്കുക എന്നതാണ് തന്റെ മുൻഗണനയെന്ന് അവർ പറയുന്നു.
കീർത്തിയുടെ പിതാവ് ഗെവാർ സിങ് രാജസ്ഥാൻ പൊലീസിൽ ഇൻസ്പെക്ടർ പദവിയിൽ നിന്ന് സ്വയം വിരമിച്ച വ്യക്തിയാണ്. ചെറുപ്പക്കാരിയായ ഒരു വനിത നഗരസഭയുടെ തലപ്പത്തേക്ക് എത്തിയത് ജെൻ-സി വോട്ടർമാരെയും യുവജനങ്ങളെയും ഏറെ സ്വാധീനിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

