Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightവെള്ളപ്പൊക്കത്തിൽ...

വെള്ളപ്പൊക്കത്തിൽ വൈപ്പിൻ

text_fields
bookmark_border
വെള്ളപ്പൊക്കത്തിൽ വൈപ്പിൻ
cancel
camera_alt

വേലിയേറ്റ വെള്ളപ്പൊക്കംമൂലം ദുരിതമനുഭവിക്കുന്ന എടവനക്കാട് 13ാം വാർഡിലെ വാചാക്കത്തറ നാരായണന്റെ വീട്ടുപരിസരം. നാരായണനും വെള്ളക്കെട്ടിൽനിന്ന് ജോലിചെയ്യുന്ന മരുമകൾ സംഗീതയും ചെറുമകൾ ആര്യനന്ദയുമാണ് ചിത്രത്തിൽ             ചിത്രങ്ങൾ: അഷ്കർ ഒരുമനയൂർ

വീടുകളിൽ വെള്ളം കയറുന്ന ദിവസങ്ങളിലെ വേലിയേറ്റ കലണ്ടറുമായി ജീവിക്കുന്ന ഒരു ജനത. ഇത് അവരുടെ കഥയാണ്

പതിറ്റാണ്ടുകള്‍ക്കുമുമ്പ് തകഴി ശിവശങ്കരപ്പിള്ള മലയാളത്തിന് സമ്മാനിച്ചൊരു കഥയുണ്ട്: ‘വെള്ളപ്പൊക്കത്തില്‍’. ‘വെള്ളം... സർവത്ര ജലം’ വിഴുങ്ങിയ ഒരു നാടിന്റെ കഥ. അതുപോലൊരു നാടുണ്ട്, നമ്മുടെ കേരളത്തിൽ. എറണാകുളം ജില്ലയിലെ തീരപ്രദേശമായ വൈപ്പിൻ. 2018 ലെ പ്രളയത്തിനുശേഷം നിരന്തരം വെള്ളപ്പൊക്ക ഭീഷണി നേരിടുകയാണ് ദ്വീപ് നിവാസികള്‍. മണ്‍സൂണ്‍ കാലങ്ങളില്‍ മാത്രം കണ്ടിരുന്ന കടല്‍ക്ഷോഭം തുടർച്ചയായുണ്ടാകുന്നു. വൃശ്ചികത്തിലുണ്ടായിരുന്ന വേലിയേറ്റ വെള്ളപ്പൊക്കം എല്ലാ മാസവും ആവർത്തിക്കുന്നു. ഒരുറക്കം കഴിഞ്ഞുണരുമ്പോൾ കട്ടിലിൽനിന്ന് വെള്ളത്തിലേക്ക് കാലെടുത്ത് വെക്കേണ്ടിവരുന്നു. കടലിലെ ഉപ്പുവെള്ളം കരയിലേക്ക് അടുക്കുന്നതോടെ പുൽനാമ്പുപോലും മുളക്കാതാകുന്നു, മരങ്ങൾ ഉണങ്ങിപ്പോകുന്നു. നിരന്തരമുണ്ടാകുന്ന വെള്ളപ്പൊക്കത്തിൽ വീടുകൾ ജീർണാവസ്ഥയിലാകുന്നു. ഒപ്പം പകർച്ചവ്യാധിഭീഷണിയും. വെള്ളം നാടിനെ വിഴുങ്ങുമ്പോൾ ജനിച്ചു വളര്‍ന്ന നാടിന് എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് അറിയാതെ പകച്ചുനിൽക്കുകയാണ് ഒരു ജനത.


പള്ളിപ്പുറം പഞ്ചായത്തിലെ 15, 16 വാർഡുകളെ ബന്ധിപ്പിക്കാൻ പഞ്ചായത്ത് മരപ്പലകകളാൽ സ്ഥാപിച്ച നടപ്പാലം

ഇരയാക്കപ്പെടുന്ന മനുഷ്യര്‍

കടലും കായലും ചീനവലകളും ചെമ്മീന്‍കെട്ടുകളും പൊക്കാളിപ്പാടങ്ങളും രുചികരമായ സീഫുഡുമൊക്കെയായി വിനോദ സഞ്ചാരികള്‍ക്ക് വിരുന്നൊരുക്കുന്ന നാട്. പുറത്തുനിന്നുള്ളവര്‍ക്ക് ഇതാണ് വൈപ്പിന്‍. എന്നാല്‍, തീരത്തിന്റെ മറ്റൊരുകോണില്‍ കഴിയുന്ന ജനത പങ്കുവെക്കുന്ന ജീവിതാനുഭവങ്ങള്‍ക്ക് ഈ മനോഹാരിതയില്ല. മത്സ്യത്തൊഴിലാളികൾക്കും അനുബന്ധതൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്കും പറയാനുള്ളത് തങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന വേലിയേറ്റ വെള്ളപ്പൊക്ക ദുരന്തത്തെക്കുറിച്ചാണ്. രണ്ടു വര്‍ഷത്തിലധികമായി വൈപ്പിനിലെ പടിഞ്ഞാറന്‍ മേഖലക്കു പുറമെ കിഴക്കന്‍ മേഖലയും വേലിയേറ്റ വെള്ളപ്പൊക്ക ഭീഷണിയിലാണ്. വേനല്‍ക്കാലത്തും വീടുകള്‍ പാതിയോളം മുങ്ങുന്നു.

‘‘മുട്ടറ്റം വെള്ളത്തില്‍നിന്ന് കഞ്ഞീം കറീം വെക്കാന്‍ ഞങ്ങള്‍ ശീലിച്ചു. എന്നാല്‍, വീട്ടില്‍ അത്യാഹിതം സംഭവിച്ചാല്‍ ആളെ ആശുപത്രിയിലെത്തിക്കാന്‍ എന്തുചെയ്യും?’’ -വെളിയത്താംപറമ്പ് പതിമൂന്നാം വാര്‍ഡില്‍ പാണ്ടികശാലക്കല്‍ വീട്ടില്‍ നീന ജീവിതം പറഞ്ഞുതുടങ്ങുന്നത് ഇങ്ങനെ. ഓരോ തവണയും മരണം, മറ്റ് അടിയന്തര ആവശ്യങ്ങള്‍ ഉണ്ടാകുമ്പോള്‍ കടപ്പുറത്തുനിന്ന് വാഹനങ്ങളില്‍ മണ്ണെത്തിച്ച് നിരത്തിയാണ് ചടങ്ങുകള്‍ നടത്താറ്.

‘‘വേലിയേറ്റ സമയത്ത് പുറത്തു പോകണമെങ്കില്‍ കക്കൂസ് മാലിന്യമടക്കം ഒഴുകുന്ന വെള്ളത്തില്‍ മുട്ടറ്റം നീന്തിക്കയറണം. ജോലിക്കു പോകുന്നവരും സ്‌കൂളില്‍ പോകുന്നവരും ഇറങ്ങാനാവുമ്പോഴാകും വെള്ളം ഉയരുന്നത്. വീടിനു ചുറ്റും വെള്ളംനിറഞ്ഞതിനാല്‍ ദ്വീപിന് സമാനമാണ് കാഴ്ചകള്‍. പ്രദേശം സന്ദര്‍ശിക്കുമ്പോഴും ഗ്രാമസഭ വിളിക്കുമ്പോഴും അവര്‍ ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് ഞങ്ങള്‍ക്ക് മറുപടി കൊടുക്കാന്‍ സാധിക്കുന്നില്ല’’ -വാര്‍ഡ് മെംബര്‍ സിജി പറയുന്നു. ഇവിടെ കടല്‍ഭിത്തി തകര്‍ന്നിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു. അതിലൂടെ കടല്‍വെള്ളം അടിച്ചുകയറി പല വീടുകളും എന്നും വെള്ളക്കെട്ടിലാണ്. കടല്‍ വെള്ളത്തിനൊപ്പം പുഴയും തോടുകളും നിറഞ്ഞൊഴുകി വീട്ടുവളപ്പിലും റോഡുകളിലും വെള്ളം കയറും. ഒരു ഭാഗത്ത് തീരദേശറോഡ് പൂര്‍ണമായും തകര്‍ന്നപ്പോള്‍ മറ്റൊരിടത്ത് റോഡ് മണല്‍ക്കൂനയായി.

മുട്ടോളം വെള്ളത്തില്‍ നീന്തണം

എടവനക്കാട് പഞ്ചായത്തിലെ കടലിനോട് ചേര്‍ന്നുകിടക്കുന്ന 13ാം വാര്‍ഡില്‍ അഞ്ഞൂറോളം കുടുംബങ്ങള്‍ താമസിക്കുന്നുണ്ട്; ഭൂരിഭാഗവും മത്സ്യത്തൊഴിലാളികള്‍. തീരമില്ലാത്ത വാര്‍ഡാണ്. എന്നാലും മിക്ക പ്രദേശങ്ങളും തോടെന്നോ കെട്ടെന്നോ കരയെന്നോ തിരിച്ചറിയാന്‍ കഴിയാത്ത നിലയിലാണ്. പഞ്ചായത്തിനുകുറുകെ കായലില്‍നിന്ന് കടലില്‍ചേരുന്ന മൂന്നുപ്രധാന തോടുകളും കൈത്തോടുകളുമുണ്ട്. മുമ്പ് വൃശ്ചികപ്പൊക്ക സമയത്ത് പ്രധാന തോടുകളുടെ കടലിലേക്കുള്ള ഭാഗം പഞ്ചായത്ത് മണല്‍ ചാക്കുകളിട്ട് അടക്കുകയും പിന്നീട് തുറക്കുകയും ചെയ്യുമായിരുന്നു. പക്ഷേ, ഇപ്പോള്‍ ഈ മൂന്നു പൊഴികളും മണലടിഞ്ഞ് സ്ഥിരമായി അടഞ്ഞുകിടക്കുകയാണ്. കൈത്തോടുകളുടെ മുക്കാല്‍ ഭാഗവും വീടുവെക്കാനും കെട്ടിട നിർമാണത്തിനുമൊക്കെയായി നികത്തി. ചിലയിടങ്ങളില്‍ തോടുകള്‍ കാലാന്തരത്തില്‍ കാനകളായി മാറി. പഴങ്ങാട് കിഴക്കുഭാഗത്ത് അഞ്ചാം വാര്‍ഡില്‍ താമസിക്കുന്ന ഇരുപതോളം കുടുംബങ്ങള്‍ക്ക് മുട്ടോളം വെള്ളത്തില്‍ നീന്തിവേണം സ്ഥിരമായി സംസ്ഥാന പാതയിലെത്താന്‍. ‘‘എല്ലാ വീടുകളുടെയും ഭിത്തി വിള്ളുകയാണ്. തറ ഇരുന്നുപോകാൻ സാധ്യതയുള്ളതിനാൽ പലരും പുരയിടം തറ കെട്ടി ഉയത്തുകയാണിപ്പോൾ. എന്നാൽ, അതിനുള്ള പണം കണ്ടെത്താന്‍ പലര്‍ക്കുമാകുന്നില്ല’’ -എടവനക്കാട്ടെ ജനകീയ സംഘടനയായ നാട്ടുക്ഷേമ സമിതിയുടെ അംഗങ്ങള്‍ പറയുന്നു.

‘‘ഞങ്ങള്‍ക്ക് വീട് നഷ്ടപ്പെട്ടേക്കാം, ജീവന്‍ നഷ്ടപ്പെട്ടേക്കാം. സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. ഇവിടത്തെ ഭൂമി ചുരുങ്ങുകയാണ്. നിങ്ങൾക്ക് ഇവിടത്തെ വീടിന്റെ തറ കാണണമെങ്കിൽ ഭൂമി തുരന്ന് നോക്കണം. വെള്ളക്കെട്ടില്‍ മണ്ണിട്ട് നികത്തിയിരിക്കുകയാണ്. ഉറക്കത്തില്‍ ഇതെങ്ങാനും ഇടിഞ്ഞു വീഴുമോ എന്നുള്ള പേടിയാണ്. പകല്‍ വെള്ളം ഇറങ്ങുന്ന സമയം നോക്കി വീട് വൃത്തിയാക്കും. എല്ലാ ദിവസവും ഇതുതന്നെ ആവർത്തിക്കും. പ്രളയസമയത്ത് കിട്ടിയ കാശുകൊണ്ടാണ് മുറ്റത്തൊക്കെ മണ്ണിട്ടത്. എന്നാലോ പ്രളയത്തിനുശേഷം ഇങ്ങോട്ട് എന്നും വെള്ളക്കെട്ടാണ്...’’ -കുഴുപ്പിള്ളി ചെറുവൈപ്പ് സ്വദേശിയായ ശോശാമ്മ പറയുന്നു. കുഴുപ്പിള്ളി ബീച്ച് റോഡ് ഭാഗത്തും സമാനമാണ്. ചെറുവൈപ്പ് തീരത്തെ ബോട്ട് ജെട്ടിയും പരിസരവും മുങ്ങിത്തുടങ്ങി. 80 വയസ്സുള്ള വാവുക്കുട്ടി ചേട്ടത്തിയും അവരുടെ പക്ഷാഘാതം വന്ന മകന്‍ ടോമിയും താമസിക്കുന്നത് പള്ളിപ്പുറം പഞ്ചായത്തിലെ 22ാം വാര്‍ഡിലാണ്. കല്ലുകളില്‍ ചവിട്ടി പടിക്കലെത്തിയാല്‍ ദ്വീപിന് സമാനമാണ് വീട്. ‘‘ഇപ്പോ എല്ലാ ദിവസവും ഇവിടെ വെള്ളമാണ്. രാത്രിയില്‍ കേറിയാല്‍ ഉച്ചവരെ വെള്ളക്കെട്ടിലാകും. ഈ വെള്ളത്തില്‍ കിടന്ന് നരകിക്കുകയല്ലാതെ മറ്റൊരു മാര്‍ഗവും ഞങ്ങള്‍ക്കില്ല’’ -അവർ പറയുന്നു.

ആളൊഴിഞ്ഞ ‘ദ്വീപി’ൽ

പഴങ്ങാട് 13ാം വാർഡിൽ നാരായണൻ ചേട്ടന്റെ വീട്ടിൽ ചെല്ലുന്നവർക്ക് ശ്വാസമടക്കിപ്പിടിച്ചേ അവരുടെ കഥ കേൾക്കാൻകഴിയൂ. പ്രളയത്തിൽ കഷ്ടിച്ച് രക്ഷപ്പെട്ട കുടുംബം. ചുറ്റുമുള്ള വീടുകളെല്ലാം ആളുകൾ ഉപേക്ഷിച്ചുപോയി. വീട്ടിലേക്ക് കയറുന്ന വെള്ളം രാത്രിയെന്നോ പകലെന്നോ ഇല്ലാതെ കെട്ടിനിൽക്കും. ഏഴുപേരാണ് അവിടെ താമസിക്കുന്നത്. വെള്ളപ്പൊക്കത്തിൽ താൽക്കാലികമായി സർക്കാർ വക ഫ്ലാറ്റിൽ താമസിച്ചെങ്കിലും മത്സ്യത്തൊഴിലാളിയായ നാരായണൻ ചേട്ടൻ തിരികെ വീട്ടിലേക്ക് വന്നു.

‘‘ഫ്ലാറ്റ് കെട്ടിത്തന്നാല്‍ കടല്‍ കാണണമെങ്കില്‍ ഞങ്ങൾ വണ്ടി വിളിച്ച് പോകേണ്ടിവരും. മത്സ്യത്തൊഴിലാളികളെ തൊഴിലില്‍നിന്നും തൊഴിലിടത്തില്‍നിന്നും മാറ്റിനിര്‍ത്തുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. വീട്ടുമുറ്റത്തോ പൊതുസ്ഥലത്തോ വെച്ചിരുന്ന എൻജിനും വലയുമൊക്കെ ഞങ്ങള്‍ എങ്ങനെ ഫ്ലാറ്റില്‍ വെക്കും..! വരുമാനം ഉള്ള സമയത്ത് മത്സ്യത്തൊഴിലാളികള്‍ കടലില്‍നിന്ന് മാറി വീട് വെക്കാത്തത് എന്തുകൊണ്ടാണെന്ന് ഇത്തരം പദ്ധതികള്‍ക്ക് രൂപംകൊടുക്കുന്നവര്‍ ചിന്തിക്കേണ്ടതല്ലേ?. നാട്ടുക്ഷേമ സമിതിയുടെ സെക്രട്ടറി അജിത് പഴങ്ങാട് പറയുന്നു. ‘‘പകര്‍ച്ചവ്യാധി ഭീഷണിയും പ്രദേശത്ത് വിട്ടൊഴിയുന്നില്ല. നിങ്ങള്‍ പോകുന്ന വഴിക്ക് ഹെല്‍ത്ത് സെന്ററില്‍ കയറി ചോദിച്ചാല്‍ അവര്‍ പറയും, ഞങ്ങള്‍ക്കുണ്ടായിക്കൊണ്ടിരിക്കുന്ന രോഗങ്ങള്‍ എന്തൊക്കെയാണെന്ന്. ഇത് ഒരു അപകടസൂചനയാണ്. അതില്‍നിന്ന് ഞങ്ങളുടെ മക്കളെയെങ്കിലും...’’ -സംസാരിക്കുമ്പോൾ വെളിയത്താംപറമ്പ് വാര്‍ഡ് 12ാം വാര്‍ഡിലെ ഗീതയുടെ തൊണ്ട ഇടറുന്നുണ്ടായിരുന്നു.

ഞാറക്കല്‍ പഞ്ചായത്തില്‍ സീഷോര്‍ കോളനിയില്‍ 96 കുടുംബങ്ങളുണ്ട്. പകുതി കുടുംബങ്ങള്‍ നേരിട്ടുള്ള കടല്‍ക്ഷോഭത്തിന്റെയും ബാക്കിയുള്ളവ വേലിയേറ്റ വെള്ളപ്പൊക്കത്തിന്റെയും ദുരിതങ്ങളിലാണ്. ‘‘ജനുവരി തൊട്ട് മേയ് വരെ ഇപ്പോള്‍ വേലിയേറ്റ വെള്ളപ്പൊക്കമാണ്, പിന്നെ മഴ. അതായത് 10-12 മാസവും ഉപ്പുവെള്ളക്കെട്ടില്‍ ജീവിക്കേണ്ട ഗതികേടിലാണ് വൈപ്പിനിലെ തീരപ്രദേശവാസികള്‍’’ -പള്ളിപ്പുറം പഞ്ചായത്ത് പ്രസിഡന്റ് രമണി അജയന്‍ പറയുന്നു. ചെറുകിട അച്ചാര്‍ നിര്‍മാണ സംരംഭം നടത്തിയിരുന്ന ബിന്ദുവിന്റെ ഭര്‍ത്താവ് കരള്‍ സംബന്ധ അസുഖത്തെതുടര്‍ന്ന് പെട്ടെന്നാണ് മരിച്ചത്. ആശുപത്രിയില്‍നിന്ന് മൃതദേഹം കൊണ്ടുവന്നപ്പോള്‍ വീട്ടിനുള്ളില്‍ മുഴുവന്‍ വെള്ളം. മുന്നിലെ മുറിയില്‍ മണലിട്ട് പൊന്തിച്ചാണ് അവർ മൃതദേഹം കിടത്തിയത്.

മൗനത്തിന്റെ അർഥം ഓക്കെ എന്നല്ല

‘‘എലിപ്പനി, വയറിളക്കം, തൊലിപ്പുറമെയുള്ള അലര്‍ജി തുടങ്ങിയ രോഗങ്ങളൊക്കെയായി ചികിത്സക്കെത്തുന്നവരോട് വെള്ളം കയറാറുണ്ടോയെന്ന് ചോദിക്കുന്നതുപോലും അവര്‍ ഇഷ്ടപ്പെടുന്നില്ല. അതിനര്‍ഥം അവര്‍ ഓക്കെ ആണന്നല്ല. ഇതൊക്കെ നിത്യസംഭവങ്ങളായി മാറിയെന്ന നിസ്സഹായതയാണ്. കാലാവസ്ഥ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങള്‍ക്ക് കൂടുതല്‍ ഇരയാവുന്നത് കുട്ടികളും സ്ത്രീകളുമാണെന്ന് വൈപ്പിനിലെ സ്ഥിതിയും വ്യക്തമാക്കുന്നുണ്ട്. അതവരുടെ ശാരീരിക മാനസിക അവസ്ഥകളെ മോശം അവസ്ഥയില്‍ ബാധിക്കുന്നുമുണ്ട്’’ -പുതുവൈപ്പ് പ്രൈമറി ഹെല്‍ത്ത് ഇന്‍ ചാര്‍ജ് ഡോ. അഞ്ജു ഏഞ്ചല്‍ അലക്‌സ് പറയുന്നു. ‘‘നട്ടംതിരിയുകയാണ് ചെമ്മീൻ കർഷകരും മത്സ്യകർഷകരും. വേലിയേറ്റം ശക്തമായതിനാല്‍ ചെമ്മീന്‍ പിടിക്കാന്‍ കര്‍ഷകര്‍ക്ക്‌ കഴിയാറില്ല. വെള്ളം പൊങ്ങി വിവിധ കെട്ടുകള്‍ ഒന്നായി മാറുമ്പോൾ നിക്ഷേപിച്ച ചെമ്മീന്‍ കുഞ്ഞുങ്ങളും ഞണ്ടിന്‍കുഞ്ഞുങ്ങളും അങ്ങോട്ടുമിങ്ങോട്ടും ഒഴുകി തോട്ടില്‍ചെന്നു കയറും. പുഴകളിലും തോടുകളിലും മീന്‍ ലഭ്യത കുറഞ്ഞത് കായല്‍ മത്സ്യബന്ധന മേഖലയിൽ പ്രതിസന്ധി സൃഷ്ടിച്ചിട്ടുണ്ട്’’ -മത്സ്യകർഷകർ പറയുന്നു.

‘‘സാധാരണഗതിയില്‍ ഫിഷ്‌പോണ്ട് ആരംഭിക്കുമ്പോള്‍ 1.5 മുതല്‍ രണ്ടു മീ. വരെ പോണ്ടിന്റെ വാട്ടര്‍ ലെവല്‍ നിലനിര്‍ത്തണം. അതില്‍നിന്ന് വേലിയേറ്റ സമയത്ത് 50 മുതല്‍ 60 സെ.മീ. വരെ വ്യത്യാസപ്പെടും. പുതുതായി 12 മണിക്കൂര്‍ കഴിഞ്ഞ് അടുത്ത വേലിയേറ്റം വരുമ്പോള്‍ ഫ്രഷ് വന്നുനിറയും. അതില്‍നിന്നുമാണ് മത്സ്യങ്ങള്‍ക്ക് ആഹാരമാകുന്ന പ്ലാന്റ്സ് കിട്ടുക; നാചുറല്‍ തീറ്റ. ആര്‍ട്ടിഫിഷല്‍ തീറ്റ കൊടുക്കുന്നത് വൈപ്പിനില്‍ കുറവാണ്. 12 മണിക്കൂര്‍ ഇടവിട്ട് വേലിയേറ്റവും വേലിയിറക്കവും സംഭവിക്കുമ്പോള്‍ വേലിയേറ്റ സമയത്ത് വെള്ളം കയറുകയും വേലിയിറക്ക സമയത്ത് വെള്ളം പുറത്തേക്ക് വിടുകയും ചെയ്യുന്ന ഒരു ആഗമന-നിര്‍ഗമന രീതിയുണ്ട്. അതിലൂടെയാണ് മത്സ്യങ്ങള്‍ക്ക് ആവശ്യമായ തീറ്റ കിട്ടുക. ഈ സമയങ്ങളില്‍ കെട്ടുകളില്‍നിന്ന് വെള്ളം കൂടുതലായി വറ്റിപ്പോകുന്നുണ്ട്. വെള്ളത്തിന്റെ അളവ് കുറയുമ്പോള്‍ അതിലുള്ള വിസർജ്യ വസ്തുക്കളുടെ അളവ് കുറയും. അത് അമോണിയ പോലുള്ളവ വര്‍ധിക്കുന്നതിനു കാരണമാകുകയും അടിത്തട്ടിലുള്ള മീനുകള്‍വരെ ചത്തുപൊങ്ങുകയും ചെയ്യുന്ന സ്ഥിതി വൈപ്പിനിലുണ്ടാകുന്നുണ്ട്. സൂക്ഷ്മമായി പഠിക്കേണ്ട വിഷയമാണ് ഇവിടെയുള്ളത്. പഠനങ്ങൾ കൃത്യമായി നടത്തുന്നതില്‍ പല ഏജന്‍സികളും പിന്നോട്ടു പോകുന്നു’’ -കേരള മത്സ്യബന്ധന സമുദ്രശാസ്ത്ര സർവകലാശാലയിലെ ഫാം സൂപ്രണ്ട് കെ.കെ. രഘുരാജ് പറയുന്നു.

വൈപ്പിൻ എന്ന ജലദേശം

ഭൂമിശാസ്ത്ര പഠനങ്ങളില്‍ അറബിക്കടലിനും കൊച്ചിക്കായലിനും ഇടയില്‍ ഇടുങ്ങിയ ദ്വീപാണ് വൈപ്പിന്‍. കരയുടെ വീതി ശരാശരി രണ്ടുകിലോമീറ്റര്‍ മാത്രം. മൂന്നിലൊരു ഭാഗം തണ്ണീര്‍ത്തടങ്ങളാണ്. ബാക്കിഭാഗത്താണ് ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്നത്. കൊച്ചി തുറമുഖത്തുനിന്ന് അഞ്ചുകിലോമീറ്റര്‍ ദൂരമേയുള്ളൂ ഇവിടേക്ക്. വൈപ്പിന്‍ ബ്ലോക്കിനുകീഴില്‍ എളങ്കുന്നപ്പുഴ, ഞാറക്കല്‍, നായരമ്പലം, എടവനക്കാട്, കുഴുപ്പിള്ളി, പള്ളിപ്പുറം പഞ്ചായത്തുകളിലായി രണ്ടു ലക്ഷത്തിലേറെയാളുകള്‍ ജീവിക്കുന്നുണ്ട്.


പാണ്ടികശാലക്കൽ നീന വേലിയേറ്റ വെള്ളപ്പൊക്കം രേഖപ്പെടുത്താനുള്ള കലണ്ടറിൽ ഡിസംബർ മാസം അടയാളപ്പെടുത്തിയ ദിനങ്ങൾ കാണിക്കുന്നു.

മാറുന്ന നീരൊഴുക്ക്

‘‘ഉയരുന്ന കടല്‍ നിരപ്പിനൊപ്പംതന്നെ കൊച്ചിയിലെ കായലിനും അഴിമുഖങ്ങള്‍ക്കും നദിയിലെ നീരൊഴുക്കിനും വലിയതോതിലുള്ള മാറ്റം സംഭവിച്ചിട്ടുണ്ട്. തുടര്‍ച്ചയായ ഡ്രെഡ്ജിങ് മൂലം അഴിമുഖത്തിന്റെ ആഴം വര്‍ധിച്ചതും മഴക്കുശേഷം നദിയിലെ നീരൊഴുക്ക് പെട്ടെന്ന് കുറയുന്നതും മണല്‍വാരല്‍ മൂലം നദിയുടെ അടിത്തട്ട് കടല്‍നിരപ്പിനേക്കാള്‍ 10-15 മീ. വരെ താഴ്ന്നതും കടലില്‍നിന്ന് വേലിയേറ്റസമയത്ത് കൂടുതല്‍ വെള്ളം കായലില്‍ കയറാന്‍ കാരണമായി. പല തോടുകളും കനാലുകളും മാലിന്യംകെട്ടിക്കിടന്ന് നീരൊഴുക്ക് തടസ്സപ്പെട്ടിട്ടുണ്ട്. താരതമേന്യ ഒഴുക്കുകുറഞ്ഞ കായലില്‍ ചളിനിറഞ്ഞ് ആഴം കുറഞ്ഞതും തോടുകളും കുളങ്ങളും തൂര്‍ത്തതും പുഴയിലേക്ക് ഓരുവെള്ളം കയറാതിരിക്കാന്‍ അഴിമുഖത്തുനിന്ന് കിലോമീറ്ററുകൾ ഉള്ളിലേക്ക് കെട്ടിയ റെഗുലേറ്ററുകളായ കണക്കന്‍കടവ്, പുറപ്പിള്ളിക്കാവ്, പാതാളം, തണ്ണീര്‍മുക്കം ബണ്ട് എന്നിവയും അതിനു താഴെയുള്ള കരയിലേക്ക് കൂടുതല്‍ ഓരുവെള്ളം കയറുന്നതിനു കാരണമാകുന്നുണ്ട്. വരുന്ന ഓരോ വര്‍ഷവും കടല്‍നിരപ്പ് ഉയരുന്നതിനനുസരിച്ച് വേലിയേറ്റവെള്ളപ്പൊക്കവും കൂടിക്കൊണ്ടിരിക്കും. അടുത്ത പത്തുവർഷത്തിനുള്ളിൽ ലോകത്തിലെ തീരദേശ മേഖലകളിലെ താഴ്ന്ന പ്രദേശങ്ങൾ വെള്ളത്തിൽ മുങ്ങുമെന്നാണ് വേൾഡ് മെറ്റീരിയോളജിക്കൽ ഓർഗനൈസേഷൻ, നാസ തുടങ്ങിയവർ പുറത്തുവിട്ട റിപ്പോട്ടുകൾ. വേലിയേറ്റ വെള്ളപ്പൊക്കം കാരണം എത്ര നാശനഷ്ടങ്ങൾ ഉണ്ടായി എന്നതിന് എവിടെയും കണക്കില്ല. വേലിയേറ്റ വെള്ളപ്പൊക്കം ഒരു ദുരന്തമായി ഇതുവരെയും അംഗീകരിച്ചിട്ടില്ല. ഇതൊരു ദുരന്തമായി പ്രഖ്യാപിച്ചാൽ മാത്രമേ പരിഹാരമാർഗമുണ്ടാകൂ. ’’ -കാലാവസ്ഥ വ്യതിയാനം ജലസ്രോതസ്സുകളിലും നീരൊഴുക്കിലും വരുത്തുന്ന മാറ്റങ്ങളെക്കുറിച്ച് പഠനം നടത്തുന്ന സി.ജി. മധുസൂധനന്‍ പറയുന്നു.

തുടക്കംമുതൽ പാളിച്ചകൾ

കേരളം 2007ൽ ദുരന്തനിവാരണചട്ടങ്ങൾക്കും ദുരന്തനിവാരണ അതോറിറ്റിക്കും തൊട്ടടുത്ത വർഷം ജില്ല ദുരന്തനിവാരണ അതോറിറ്റികൾക്കും രൂപംനൽകി. 2010ൽ സംസ്ഥാന ദുരന്തനിവാരണനയങ്ങളും 2016ൽ സംസ്ഥാന-ജില്ല ദുരന്തനിവാരണ പ്ലാനുകളും രൂപവത്കരിച്ചു. വരൾച്ച, അതിവർഷം, വെള്ളപ്പൊക്കം, കടൽക്ഷോഭം, കൊടുങ്കാറ്റുകൾ, സൂനാമി, ഉരുൾപൊട്ടൽ, പകർച്ചവ്യാധികൾ തുടങ്ങി ബഹുവിധ ദുരന്തങ്ങൾക്ക് സാധ്യതയുള്ള ഭൂപ്രദേശമാണ് കേരളം. ഓരോ പ്രദേശത്തിന്റെയും ദുരന്തസാധ്യത കണ്ടെത്തുക, ദുരന്തങ്ങൾ ഉണ്ടാവാതിരിക്കാനും ഉണ്ടാകുന്നപക്ഷം അവയുടെ ആഘാതം ലഘൂകരിക്കാനുമുള്ള നടപടികൾ സ്വീകരിക്കുക, ഏതു പദ്ധതി ആവിഷ്‍കരിക്കുമ്പോഴും അത് കാലാവസ്ഥ വ്യതിയാനത്തിന്റെയും ദുരന്തസാധ്യതകളുടെയും പശ്ചാത്തലത്തിൽ വിലയിരുത്തിയതിനുശേഷം മാത്രം നടപ്പാക്കുക തുടങ്ങി, ദുരന്തനിവാരണത്തിലെ നിർണായകഘടകങ്ങൾക്ക് ഊന്നൽ നൽകുന്നതാണ് സംസ്ഥാനനയങ്ങളും രൂപരേഖകളും. അതെല്ലാം അലമാരയിൽ വിശ്രമിക്കുകയായിരുന്നു എന്ന് തെളിയിക്കുന്നതായിരുന്നു 2017ലെ ഓഖി ദുരന്തവും 2018ലെ പ്രളയവും. പ്രളയത്തിനുശേഷം കേരള സര്‍ക്കാറിന്റെ ആവശ്യപ്രകാരം ഐക്യരാഷ്ട്രസഭയുടെ ഏജന്‍സികളും യൂറോപ്യന്‍ യൂനിയനും ചേര്‍ന്ന് നാശനഷ്ടങ്ങള്‍ വിലയിരുത്തുന്ന പോസ്റ്റ് ഡിസാസ്റ്റര്‍ നീഡ് അസസ്‌മെന്റ് റിപ്പോര്‍ട്ട് (പി.ഡി.എന്‍.എ) പുറത്തിറക്കി. തീരപ്രദേശമുള്ള പത്തുജില്ലകളിലെ 120 ഗ്രാമങ്ങളില്‍ ദുരന്തത്തിനിരയായവരോടും ജനപ്രതിനിധികളോടും ഉദ്യോഗസ്ഥരോടും വിഷയവിദഗ്ധരോടുമൊക്കെ ആശയവിനിമയം നടത്തിയതിനുശേഷം തയാറാക്കിയ റിപ്പോര്‍ട്ടില്‍ സംസ്ഥാനത്ത് സമഗ്രമായ ഭൂവിനിയോഗ നയവും സംയോജിത ജലപരിപാലനനയങ്ങളും പദ്ധതികളും നിലവിലുണ്ടായിരുന്നെങ്കില്‍, പ്രളയത്തിന്റെ ആഘാതം ഇത്രകണ്ട് കൂടുമായിരുന്നില്ലെന്ന് വ്യക്തമാക്കിയിരുന്നു.

കേരളം എത്രയും പെട്ടെന്ന് കാലാവസ്ഥ ദുരന്തങ്ങളെ നേരിടാന്‍ സജ്ജമാേക്കണ്ടതിന്റെ ആവശ്യകതയും ഊന്നിപ്പറഞ്ഞിരുന്നു. ജലവുമായുള്ള സഹവാസം, ക്രിയാത്മക രീതിയിലുള്ള പുനര്‍നിര്‍മാണം, കേരളത്തെ കാലാവസ്ഥ ദുരന്തങ്ങള്‍ നേരിടാന്‍ സജ്ജമായിട്ടുള്ള ഹരിത സംസ്ഥാനമാക്കുക തുടങ്ങിയ പല ആശയങ്ങളും ഈ റിപ്പോർട്ട് മുന്നോട്ടുവെച്ചിരുന്നു. കാലാവസ്ഥ വ്യതിയാനം ഒരു ആഗോള വിഷയമാണെങ്കിലും അതിന്റെ പ്രത്യാഘാതങ്ങള്‍ നേരിടാനും ആഗോള താപനം കുറക്കാനുമുള്ള പ്രവര്‍ത്തനങ്ങളില്‍ തദ്ദേശ സര്‍ക്കാറുകള്‍ക്കും ജനങ്ങള്‍ക്കുമുള്ള നിർണായക ഉത്തരവാദിത്തത്തെപ്പറ്റിയും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

താളംതെറ്റിയ ‘നാം നമുക്കായി’ പദ്ധതി

2019ൽ വീണ്ടും വെള്ളപ്പൊക്കമുണ്ടായി. ആ വർഷം അവസാനം ‘നാം നമുക്കായി’ പദ്ധതി സര്‍ക്കാര്‍ ആവിഷ്‌കരിച്ചു. തദ്ദേശഭരണ സ്ഥാപനങ്ങളോട് രണ്ടുമാസത്തിനുള്ളില്‍ തങ്ങളുടേതായ ദുരന്ത നിവാരണ പദ്ധതി ഉണ്ടാക്കാന്‍ ആവശ്യപ്പെട്ടു. ഇതിനുവേണ്ട പരിശീലനം കില (കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ലോക്കല്‍ അഡ്മിനിസ്‌ട്രേഷന്‍) ആയിരുന്നു നൽകേണ്ടിയിരുന്നത്. ജില്ല ദുരന്തനിവാരണ അതോറിറ്റി ഈ പ്ലാനുകള്‍ ക്രോഡീകരിക്കണം. ഇത് സംസ്ഥാന ആസൂത്രണ ബോര്‍ഡും തദ്ദേശഭരണ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സംയുക്തമായി മുന്നോട്ടുകൊണ്ടുപോകണം, ഇങ്ങനെയായിരുന്നു പ്ലാന്‍. കാലാവസ്ഥ വ്യതിയാനവും പരിസ്ഥിതിയും വിലയിരുത്താൻ തദ്ദേശ ഭരണസ്ഥാപനങ്ങളില്‍ 13ാം വര്‍ക്കിങ് ഗ്രൂപ്പിന് രൂപംനല്‍കുകയും ചെയ്തു. എന്നാല്‍, പല കാരണങ്ങളാൽ സ്വന്തമായ ദുരന്ത നിവാരണ പദ്ധതി രൂപവത്കരിക്കാൻ ഒട്ടുമിക്ക തദ്ദേശ സ്ഥാപനങ്ങള്‍ക്കും കഴിഞ്ഞില്ല. വെള്ളപ്പൊക്കം ഉണ്ടാവാന്‍ സാധ്യതയുള്ള സ്ഥലങ്ങള്‍ അടയാളപ്പെടുത്തി കേരള ഡിസാസ്റ്റര്‍ മാനേജ്‌മെന്റ് അതോറിറ്റി എല്ലാ തദ്ദേശഭരണ സ്ഥാപനങ്ങള്‍ക്കും ഭൂപടങ്ങള്‍ നല്‍കിയിരുന്നു. ഈ ഭൂപടങ്ങളൊക്കെ റിമോട്ട് സെന്‍സിങ് വഴി തയാറാക്കിയതായിരുന്നു. എന്നാൽ, പല തദ്ദേശസ്ഥാപനങ്ങള്‍ക്കും ഇത് ഉപകാരപ്രദമായില്ല. പ്ലാനുകൾ തയാറാക്കിയാലും നടപ്പാക്കാനുള്ള ഫണ്ടിന്റെ അഭാവവും തിരിച്ചടിയായി. നിലവിൽ അങ്ങനെ ഒരു പദ്ധതി നടപ്പാക്കുന്നില്ലെന്ന് എറണാകുളം ജില്ല പഞ്ചായത്ത് തന്നെ വ്യക്തമാക്കുന്നു.

വൈപ്പിനിലെ കൂടുതൽ ചിത്രങ്ങൾ കാണാം...

വേലിയേറ്റ വെള്ളപ്പൊക്കംമൂലം ദുരിതമനുഭവിക്കുന്ന എടവനക്കാട് 13ാം വാർഡിലെ വാചാക്കത്തറ നാരായണന്റെ വീട്ടിൽ നിന്നുള്ള കാഴ്ച


രാമവർമ എച്ച്.എസ്.എസിന് കിഴക്ക് അരങ്ങിൽ തങ്കപ്പന്റെ വീട്ടുമുറ്റത്ത് വേലിയേറ്റത്തിൽ പൊങ്ങുന്ന വെള്ളം ഒഴുക്കിക്കളയാൻ ചാലുകീറുന്നവർ


പണ്ടാരത്തിൽ വത്സല വെള്ളപ്പൊക്കംമൂലം നശിച്ചുപോയ ഗൃഹോപകരണങ്ങൾ വെളിയിലേക്ക് മാറ്റുന്നു


മൂലേത്തറ ഗംഗാധരനും ഭാര്യ രമയും ചളിവെള്ളം നിറഞ്ഞ വീടിനുമുന്നിൽ


വെള്ളം കയറിയ ഷൂസുകൾ കമ്പിൽ കുത്തി ഉണക്കാൻ ​െവച്ചിരിക്കുന്നു






Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:floodlifeWipepin'
News Summary - Wipepin' in the flood
Next Story