വിവാഹമോതിരം അണിയാൻ ഈ വിരൽ തന്നെ തിരഞ്ഞെടുക്കുന്നതെന്തിന്? പുരാതനറോമിൽ നിലനിന്നിരുന്ന വിശ്വാസത്തിന് പിന്നിൽ ഇതാണ്!
text_fieldsസുന്ദരമായൊരു ബന്ധം തുടങ്ങുന്നതിന് മുമ്പായി പങ്കാളികൾ വിരലിൽ മോതിരം അണിയുന്നത് പതിവാണ്. പാശ്ചാത്യരാജ്യങ്ങളിൽ കൂടുതലായി കണ്ടുവരാറുണ്ടെങ്കിലും ഇന്ത്യയിലടക്കം ഇതൊരു ചടങ്ങായി മാറിയിട്ടുണ്ട്. ഇടതുകൈയിലെ നാലാമത്തെ വിരലിനെ മോതിരവിരൽ എന്നാണ് പറയുന്നത്. എന്നാൽ എങ്ങനെയാണ് ഈ വിരൽ മോതിരവിരൽ ആയതെന്ന് ചിന്തിച്ചിട്ടുണ്ടോ?
ഈ വിരലിൽ വിവാഹത്തിന് മോതിരം ധരിക്കുന്ന പ്രവണതയ്ക്ക് ഏറെ പഴക്കമുണ്ട്. പുരാതന റോമിലാണ് ഇത് കൂടുതലായും കണ്ടുവന്നിരുന്നത്. ഇടതുകൈയിലെ ഈ വിരലിൽ നിന്ന് ഹൃദയത്തിലേക്ക് നേരിട്ട് ബന്ധിപ്പിക്കുന്ന ഒരു സിരയുണ്ടെന്ന് അന്ന് റോമൻകാർ വിശ്വസിച്ചിരുന്നു. 'വെന അമോറിസ്' അഥവാ പ്രണയത്തിന്റെ സിര എന്നാണ് ഇതിനെ വിളിച്ചിരുന്നത്. ഹൃദയവുമായി നേരിട്ട് ബന്ധമുണ്ടെന്ന വിശ്വാസം പ്രണയത്തിന്റെയും ദാമ്പത്യത്തിന്റെയും പ്രതീകമായി മാറി. പിന്നീട് ഈ വിരലിൽ മോതിരം ധരിക്കുന്ന പ്രവണതയ്ക്ക് പാശ്ചാത്യ രാജ്യങ്ങളിൽ ഏറെ പ്രചാരം ലഭിക്കുകയും ചെയ്തു.
എന്നാൽ ഹൃദയത്തിൽ നിന്ന് ഒരു പ്രത്യേക സിര ഈ വിരലിലേക്കില്ലെന്നും ശരീരത്തിലെ എല്ലാ സിരകളും നേരിട്ട് ഹൃദയവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്നും ശാസ്ത്രീയമായി ചിന്തിക്കുമ്പോൾ മനസ്സിലാക്കാം. എന്നാൽ ഈ നാലാമത്തെ വിരലിൽ മോതിരം ധരിക്കുന്നതിന് ഒരു പ്രായോഗിക കാരണവുമുണ്ട്. ഒരു കാര്യത്തിനും ഇടതുകൈ നാം അധികം ഉപയോഗിക്കാറില്ല. അതിൽത്തന്നെ ഈ നാലാമത്തെ വിരലിനാകട്ടെ അധികം ചലിക്കേണ്ടിവരുന്നുമില്ല. ഇക്കാരണത്താൽ വിലപിടിപ്പുള്ള മോതിരങ്ങൾ അണിയാൻ ഏറ്റവും ഉത്തമം മോതിരവിരൽ ആണ്. അധികം കേടുപാടുകളില്ലാതെ കൊണ്ടുനടക്കാം. എന്തൊക്കെയായാലും പുരാതന റോമൻകാർ വിശ്വസിച്ചിരുന്നതുപോലെ ബന്ധങ്ങളിൽ ഒരു പ്രത്യേക സ്ഥാനമൊന്നും ഈ വിരലിനില്ലെന്നു പറയാം. ചില വിഭാഗക്കാർ വലതുകൈയിൽ വിവാഹത്തിന് മോതിരം അണിയാറുണ്ട്. ഒരു ശുഭപ്രതീക്ഷയുടെ ഭാഗമായാണ് ഇങ്ങനെ ചെയ്യുന്നത്.

