പഴയ കളിപ്പാട്ടങ്ങളോട് ഇപ്പോഴും വൈകാരിക അടുപ്പം തോന്നാറുണ്ടോ? അതിന് പിന്നിലെ മനഃശാസ്ത്രം ഇതാണ്...
text_fieldsകുട്ടിക്കാലത്ത് ഉപയോഗിച്ച പഴയ ടെഡി ബിയർ, കളിപ്പാട്ടങ്ങൾ, അതുമല്ലെങ്കിൽ പൊടി പിടിച്ച ഒരു ഫോട്ടോ ആൽബം... ഇവ എത്ര പഴയതാണെങ്കിലും ചിലർക്ക് അത് ഉപേക്ഷിക്കാൻ തോന്നാറില്ല. ഇതിന് പിന്നിൽ വലിയൊരു മനഃശാസ്ത്രമുണ്ടെന്നാണ് വിദഗ്ധർ പറയുന്നത്. വെറും വസ്തുക്കളായല്ല ഇവർ ഇതിനെ കാണുന്നത്. അവ ജീവിതത്തിലെ പ്രധാന ഭാഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് സൈക്കോളജിസ്റ്റുകൾ പറയുന്നു.
ആളുകൾ കുട്ടിക്കാലത്തെ സാധാരണ വസ്തുക്കൾ സൂക്ഷിക്കുന്നതിന്റെ പ്രധാന കാരണം ഓർമകളുമായുള്ള ബന്ധമാണ്. ബാക്കിയുള്ളവർക്ക് മൂല്യമില്ലാത്ത ചില വസ്തുക്കൾ പോലും നമ്മുടെ ജീവിതത്തിലെ അനുഭവങ്ങൾ ഓർമിക്കാൻ സഹായിക്കും.വസ്തുവിലല്ല, അതിന് പിന്നിലെ വികാരത്തിലാണ്, നമ്മൾ അതുമായി സൃഷ്ടിക്കുന്ന കഥയിലാണ് മൂല്യമെന്ന് സൈക്കോളജിസ്റ്റുകൾ പറയുന്നു. വ്യക്തിഗത വസ്തുക്കൾ ആത്മകഥാപരമായ ഓർമകൾ തിരിച്ചെടുക്കാൻ സഹായിക്കും. കുട്ടിക്കാലത്തെ ചെറിയ കാര്യങ്ങൾ ഉപേക്ഷിക്കുന്നത് ചിലപ്പോൾ വൈകാരികമായി വളരെ ബുദ്ധിമുട്ടായി തോന്നും.
പഴയ വസ്തുക്കളെ കാണുമ്പോൾ മനസ്സിൽ വരുന്ന നൊസ്റ്റാൾജിയ അവയോടുള്ള ഇഷ്ടം പതിന്മടങ്ങ് കൂട്ടും. നമുക്ക് വൈകാരികമായി അടുപ്പമുള്ള ഒരു വസ്തുവിന്, മറ്റുള്ളവർക്ക് എത്ര നിസ്സാരമാണെങ്കിലും നമുക്ക് വലിയ വിലയായിരിക്കും. പ്രത്യേകിച്ച് കുട്ടിക്കാലത്ത് നമുക്ക് ആശ്വാസം തന്ന വസ്തുക്കൾ പേടി വരുമ്പോഴോ സങ്കടം വരുമ്പോഴോ സ്വയം ആശ്വസിപ്പിക്കാൻ കുട്ടികളെ പഠിപ്പിക്കും. ഈ ശീലം വളർന്നു കഴിഞ്ഞാലും മനസ്സിന് ഒരു താങ്ങായി, വൈകാരികമായി തളരാതെ നിൽക്കാൻ ജീവിതകാലം മുഴുവൻ സഹായിക്കും. പലരും തങ്ങളുടെ വ്യക്തിത്വത്തെ തന്നെ ഇത്തരം പ്രിയപ്പെട്ട വസ്തുക്കളുമായി ചേർത്ത് വെക്കുന്നവരാണ്.
ഒരുകാലത്ത് നമുക്ക് വളരെ പ്രിയപ്പെട്ടതായിരുന്ന ഒരു സാധാരണ വസ്തു ഇന്ന് ചവറ്റുകൊട്ടയിൽ എറിയുമ്പോൾ, അത് വെറും ഒരു വസ്തു എറിയുന്നതായി തോന്നില്ല, മറിച്ച് നമ്മുടെ ജീവിതത്തിലെ ഒരു നല്ല കാലഘട്ടം തന്നെ നഷ്ടപ്പെടുന്നതു പോലെ തോന്നും. അതുകൊണ്ടാണ് പലരും പഴയ കളിപ്പാട്ടങ്ങൾക്ക് മനുഷ്യർക്ക് ഉള്ളത് പോലെ വികാരമുണ്ടെന്ന് കരുതി അവയോട് സംസാരിക്കുന്നതും സൂക്ഷിക്കുന്നതും.
ഈ വസ്തുക്കൾ വെറും കളിപ്പാട്ടങ്ങളല്ല, നമ്മൾ ആരാണെന്ന് മറ്റുള്ളവരോട് പറയുന്ന അടയാളങ്ങളാണ്. നമ്മൾ എന്തിനെ സ്നേഹിക്കുന്നു, എന്തിനെയാണ് വിലമതിക്കുന്നത് എന്നൊക്കെ ഈ ചെറിയ വസ്തുക്കളിലൂടെ വെളിവാകും. മനഃശാസ്ത്രത്തിൽ ഇതിനെ 'എക്സ്റ്റെൻഡഡ് സെൽഫ്' എന്നാണ് വിളിക്കുന്നത്. അതായത് നമ്മുടെ വസ്ത്രം, നമ്മുടെ മുറി, നമ്മുടെ പ്രിയപ്പെട്ട വസ്തുക്കൾ, നമ്മൾ ഇടപഴകുന്ന ആളുകൾ എന്നിവയെല്ലാം ചേർന്നതാണ് 'ഞാൻ' എന്ന വ്യക്തി. വളർന്നു വലുതാകുമ്പോൾ ജീവിതം മുഴുവൻ തിരക്കും ഉത്തരവാദിത്തവും ഗൗരവവും മാത്രമാകും.
കുട്ടിക്കാലത്തെ ആ നിഷ്കളങ്കമായ കളിയും ചിരിയും നമ്മൾ മറന്നു പോകും. എന്നാൽ ഇത്തരം പഴയ വസ്തുക്കൾ സൂക്ഷിക്കുമ്പോൾ, ആ പഴയ കുട്ടിയെ നമ്മൾ വീണ്ടും കണ്ടെത്തും. ജീവിതത്തിലെ ഭാരങ്ങളിൽ നിന്ന് ഒരു ചെറിയ ഇടവേള നൽകി, വീണ്ടും ഒന്ന് ലൈറ്റായി, സന്തോഷമായി ഇരിക്കാൻ ഇത് നമ്മെ സഹായിക്കുമെന്ന് കൗൺസിലിങ് സൈക്കോളജിസ്റ്റായ ദിവ്യ മൊഹിന്ദ്രു പറയുന്നു. പഴയ ഓർമകൾ മനസ്സിലെ സമ്മർദം കുറച്ച് സന്തോഷം തരും. എന്നാൽ ഇത് അമിതമായി ജീവിതത്തെ ബാധിച്ചാൽ അത് ഒരു മാനസിക പ്രശ്നമായി മാറാനും സാധ്യതയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

