വാക്ക് വിരിയുമ്പോൾ ജീവിതം പൂക്കുന്നു
text_fieldsസ്നേഹസംഗമത്തിൽനിന്ന്
പുസ്തകങ്ങൾ വെറും അക്ഷരങ്ങളുടെ കൂട്ടം മാത്രമല്ല, അവ അനുഭവങ്ങളുടെ അടയാളപ്പെടുത്തലും പ്രതീക്ഷകളുടെ പ്രകാശവും കൂടിയാണ്. വാക്കുകൾ വിരിഞ്ഞുവിടരുമ്പോൾ ജീവിതങ്ങൾ പൂത്തുതളിർക്കുമെന്ന് പറയുന്നത് യാഥാർഥ്യമാണെന്ന് തെളിയിക്കുന്ന മുഹൂർത്തങ്ങളായിരുന്നു ഒരു പുസ്തക പ്രകാശന വേദിയിൽ അരങ്ങേറിയത്.
സമൂഹത്തിന്റെ അതിരുകളിൽ നിശ്ശബ്ദമായി ജീവിക്കുന്നവരുടെ സ്വപ്നങ്ങൾക്ക് ഭാഷ നൽകുമ്പോൾ ഒരു പുസ്തകത്തിന്റെ മൂല്യം അതിലേറെയാകുന്നു. അത്തരമൊരു ഹൃദയസ്പർശിയായ നിമിഷത്തിന് വേദിയാവുകയായിരുന്നു യെസ് അക്കാദമി. ശൈഖ് മുഹമ്മദ് കാരകുന്ന് എഴുതിയ ‘അത്ഭുത ജീവിതങ്ങൾ’ എന്ന പുസ്തക പ്രകാശനവേദി ധന്യമായതും അങ്ങനെയായിരുന്നു.
സ്നേഹസംഗമം
ഭിന്നശേഷിക്കാരായ കുട്ടികളുടെ സമഗ്ര വളർച്ചക്കും സാമൂഹിക ഉൾച്ചേരലിനും വർഷങ്ങളായി പ്രവർത്തിച്ചുവരുന്ന പാനൂരിലെ യെസ് അക്കാദമിയിൽ സംഘടിപ്പിച്ച പുസ്തക പ്രകാശനച്ചടങ്ങ് ഒരു സാഹിത്യ പരിപാടി മാത്രമായിരുന്നില്ല; ജീവിതത്തെ ആഘോഷിച്ച സ്നേഹസംഗമമായി മാറുകയായിരുന്നു. അധ്യാപകരും വിദ്യാർഥികളും രക്ഷിതാക്കളും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും ഒരുമിച്ചുകൂടിയ ചടങ്ങ്, വാക്കുകളിലൂടെ മനുഷ്യനന്മയുടെ സന്ദേശം ഉയർത്തിപ്പിടിച്ചു. ചടങ്ങിൽ പ്രകാശനം ചെയ്ത ശൈഖ് മുഹമ്മദ് കാരകുന്നിന്റെ ‘അത്ഭുത ജീവിതങ്ങൾ’ എന്ന ഗ്രന്ഥം ജീവിതാനുഭവങ്ങളുടെയും സാമൂഹിക പ്രതിബദ്ധതയുടെയും മാനവിക മൂല്യങ്ങളുടെയും സമന്വയമായിരുന്നു. പുസ്തകത്തിന്റെ പ്രകാശനം നിർവഹിച്ച മുനവറലി ശിഹാബ് തങ്ങൾ, മാധ്യമം ചീഫ് എഡിറ്റർ ഒ. അബ്ദുറഹ്മാൻ എന്നിവർ വായന, സമൂഹത്തെ മാറ്റിമറിക്കുന്ന ശക്തിയാണെന്നും പുസ്തകങ്ങൾ മനുഷ്യരെ കൂടുതൽ കരുണയുള്ളവരാക്കുന്നുവെന്നും ഓർമിപ്പിച്ചു. വേദിയിലെ ഭിന്നശേഷി പ്രതിഭകളുടെ സാന്നിധ്യം പരിപാടിക്ക് വേറിട്ട ഭംഗി നൽകി.
ജീവിതം നിറങ്ങൾ തുന്നുന്നു
ഭിന്നശേഷിയെ പരിമിതിയായി കാണാതെ കഴിവുകളുടെ പുതിയ ലോകം തുറന്നുകാട്ടുന്ന സ്ഥാപനമാണ് യെസ് അക്കാദമിയെന്ന് ചടങ്ങിനെത്തിയവർ അഭിപ്രായപ്പെട്ടു. വിദ്യാഭ്യാസം, പുനരധിവാസം, കലാ-കായിക രംഗങ്ങൾ, വ്യക്തിത്വ വികസനം തുടങ്ങിയ മേഖലകളിൽ സ്ഥാപനം നടത്തുന്ന പ്രവർത്തനങ്ങൾ സമൂഹത്തിന് മാതൃകയാണെന്നും അവർ ചൂണ്ടിക്കാട്ടി. പുസ്തക പ്രകാശന ചടങ്ങ് ഒരു ഗ്രന്ഥത്തിന്റെ പ്രകാശനം മാത്രമായിരുന്നില്ല; മനുഷ്യസ്നേഹത്തിന്റെയും പ്രത്യാശയുടെയും വായനാ സംസ്കാരത്തിന്റെയും ആഘോഷംകൂടിയായിരുന്നു. ഓരോ പുസ്തകവും ഒരു ജീവിതത്തെ സ്പർശിക്കാനുള്ള ശക്തിയുണ്ടെന്നും, ഓരോ ജീവിതവും ഒരു പുസ്തകമാകാനുള്ള സാധ്യതയുണ്ടെന്നും ഓർമിപ്പിച്ച മനോഹരമായ അനുഭവമായി ആ സായാഹ്നം മാറി. അറിവും കരുണയും കൈകോർക്കുമ്പോൾ സമൂഹം കൂടുതൽ മനോഹരമാകുമെന്ന് തെളിയിച്ച ചടങ്ങ് ഭാവിയിലും സാംസ്കാരിക-സാഹിത്യ വേദികൾക്ക് പ്രചോദനമാകട്ടെയെന്ന പ്രത്യാശയോടെയാണ് സമാപിച്ചത്.
ജീവിതം തുന്നിച്ചേർത്ത പാടുകളും പേറി, അറ്റമില്ലാത്ത പ്രതിസന്ധികളോട് ദിവസവും പൊരുതുന്നവരാണ് ഭിന്നശേഷിക്കുട്ടികളുടെ രക്ഷിതാക്കൾ. അവരുടെ ജീവിത പോരാട്ടങ്ങൾക്ക് തണലായും ആശ്വാസമായും ഒരു ദിനം നീളുന്ന ആർദ്രമായ സംഗമം കൂടിയായിരുന്നു പുസ്തക പ്രകാശന ചടങ്ങ്. അതിനുമപ്പുറം അവരുടെ പ്രതിഭാ ശേഷി പ്രകടിപ്പിക്കാനുള്ള വേദികൂടിയായി അത് മാറി. 25 ഭിന്നശേഷി കുടുംബങ്ങൾ ഒന്നിച്ചുകൂടിയപ്പോൾ അത് പരസ്പരം താങ്ങാവാനും അനുഭവങ്ങൾ പങ്കുവെക്കാനുമുള്ള സ്നേഹതീരമായി മാറുകയായിരുന്നു. വലിയ പ്രഭാഷണങ്ങൾക്കും ആഡംബരങ്ങൾക്കുമപ്പുറം ഹൃദയം കൊണ്ട് ഹൃദയത്തെ തൊടുകയായിരുന്നു ഇവിടെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

