ജീവിത യാത്രക്കിടയിൽ സന്തോഷം പകുത്ത് അവർ ഒത്തുകൂടി
text_fieldsവിവാഹ വീട്ടിൽ ഒത്തുകൂടിയവർ
തലശ്ശേരി: ജീവിതം വീൽചെയറിലായവരുടെ സംഗമമായി വിവാഹവീട്. തലശ്ശേരി സൈദാർ പള്ളിക്കടുത്ത ആരീനിൽ നിഹാലിന്റെ വിവാഹത്തിൽ പങ്കെടുക്കാനാണ് വീൽ ചെയറിൽ ജീവിതം തളക്കപ്പെട്ടവർ ഒത്തുകൂടിയത്. സ്ത്രീകളടക്കം ഓൾ കേരള വീൽചെയർ അസോസിയേഷൻ ഭാരവാഹികളും പ്രവർത്തകരുമാണ് മംഗളാശംസകൾ ചൊരിയാൻ പല ദേശങ്ങളിൽ നിന്നായി ഇവിടെയെത്തിയത്.
വരൻ നിഹാലിന്റെ പിതാവും വീൽചെയർ അസോസിയേഷൻ സംസ്ഥാന പ്രസിഡന്റും തലശ്ശേരിയിലെ ക്രോക്കറി വ്യാപാരിയുമായ സി.സി.ഒ. നാസറാണ് തന്റെ സംഘടനയിലുള്ളവരെ മകന്റെ വിവാഹത്തിന് ക്ഷണിച്ചത്. പെരിങ്ങാടിയിലെ സേബിൽ എൻ.കെ. അഫ്സലിന്റെയും എം.കെ. ബുഷറയുടെയും മകൾ ആമിനയാണ് നിഹാലിന്റെ വധു. ഞായറാഴ്ച രാവിലെ 11.30 ന് തലശ്ശേരി കോഓപറേറ്റിവ് റൂറൽ ബാങ്ക് ഓഡിറ്റോറിയത്തിലാണ് നിക്കാഹ്. വീൽചെയറിൽ ജീവിതം ഒതുങ്ങിയവരുടെ മാനസികോല്ലാസമാണ് ഇവിടെയെത്തിയപ്പോൾ മുഖത്ത് പ്രകടമായത്.
ഭാര്യ സാജിദയും മറ്റു മക്കളായ നാസിഫ്, സജ്ന, മരുമകൻ റസീം എന്നിവരും അതിഥികളെ സ്വീകരിക്കാനും മറ്റുമായി ഓടിനടന്നു. എഴുന്നേറ്റു നടക്കാന്‍ കഴിയില്ലെങ്കിലും പ്രതിസന്ധികളെ അതിജീവിച്ചു മുന്നോട്ടുപോകുന്നവര്‍ ഒത്തുകൂടിയപ്പോള്‍ വിവാഹവീട്ടിൽ സന്തോഷം ഇരട്ടിയായി.
അസോസിയേഷന്റെ യോഗങ്ങൾക്കാണ് ഇത്രയും പേർ ഒരുമിച്ചുകൂടാറുള്ളതെന്നും ഇത് വേറിട്ട അനുഭവമാണെന്നും അസോസിയേഷൻ സംസ്ഥാന സെക്രട്ടറി രാജീവ് പള്ളുരുത്തിയും മുൻ സംസ്ഥാന സെക്രട്ടറിയും കോഴിക്കോട് ജി.എസ്.ടി ഓഡിറ്റ് ഓഫിസറുമായ ജോമിജോണും പറഞ്ഞു. 25 വര്‍ഷം മുമ്പാണ് വീട് പണിക്കിടെ താഴെ വീണ് നാസറിന് അപകടം പറ്റിയത്. ഒന്നരവർഷം മുമ്പാണ് അസോസിയേഷന്റെ പ്രസിഡന്റായി നാസർ ചുമതലയേൽക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

