ഉരുളിന്റെ ഒന്നാമാണ്ടിലും ഇവരുടെയുള്ളിൽ സങ്കടക്കടൽ
text_fieldsഉരുൾ ദുരന്തത്തിൽ മരിച്ച യൂസഫ്, ഭാര്യ പാത്തുമ്മ, മകൾ റുക്സാന, ഭർത്താവ് മുനീർ, മക്കളായ അമൽ നിഷാൻ, ഹിജാസ് റോഷൻ, യൂസുഫിന്റെ ഇളയ മകളുടെ മകൾ ജൂഹി എന്നിവർ (ഫയൽ ഫോട്ടോ)
വൈത്തിരി: ഉരുൾദുരന്തത്തിന്റെ ഒന്നാമാണ്ടിലും യൂനുസിന്റെയും നൗഷിബയുടെയും ഉള്ളിൽ സങ്കടക്കടൽ. ഉരുൾപൊട്ടലിൽ തളിപ്പുഴ സ്വദേശിയായ എം.എസ്. യൂസഫിന്റെ കുടുംബത്തിലെ ഏഴുപേരാണ് മരിച്ചത്. ഭർത്താവ് മുനീറിന്റെ കുടുംബത്തിലെ ആറു പേരും മരിച്ചു. അങ്ങിനെ ആകെ 13 പേർ ദുരന്തത്തിൽ മരിച്ചതിന്റെ ആഘാതത്തിലാണ് ഇപ്പോഴും ഇവർ. ബാക്കിയായത് യൂസഫിന്റെ മക്കളായ യൂനുസും നൗഷിബയും മാത്രം.
ഇന്നലെ വൈത്തിരി കോൺഗ്രസ് മണ്ഡലം കമ്മിറ്റി ഓഫിസിൽ നടന്ന എം.എസ്. യൂസഫ് അനുസ്മരണ ചടങ്ങിൽ സംസാരിച്ചവരിൽ പലരും അദ്ദേഹത്തിന്റെ ഓർമയിൽ വിങ്ങിപ്പൊട്ടി. അത്രയും ജനങ്ങളുമായി ഇടപഴകി ജീവിച്ച വ്യക്തിയായിരുന്നു കോൺഗ്രസ് നേതാവും സാമൂഹിക പ്രവർത്തകനുമായിരുന്ന യൂസഫ്. ഇരുളിൽ ആർത്തലച്ചുവന്ന ഉരുളിൽ യൂനുസും നൗഷിബയും ഒഴികെ തളിപ്പുഴ സ്വദേശിയായ യൂസുഫിന്റെ കുടുംബമൊന്നാകെ ഇല്ലാതാവുകയായിരുന്നു.
യുസുഫിന്റെ മൂത്ത മകൾ റുക്സാനയെ വിവാഹം കഴിച്ചയച്ചത് ചൂരൽമലയിലേക്കായിരുന്നു. ഉരുൾപൊട്ടലിന്റെ തലേദിവസം പേരക്കുട്ടിയുടെ ജന്മദിനാഘോഷത്തിനായാണ് ഭാര്യ പാത്തുമ്മയെയും മറ്റൊരു പേരക്കുട്ടി ജൂഹിയെയും കൂട്ടി ചൂരൽമലയിലേക്കു പോയത്. ഉരുൾപൊട്ടലിൽ യൂസഫ്, പാത്തുമ്മ, മകൾ റുക്സാന, ഭർത്താവ് മുനീർ, മക്കളായ അമൽ നിഷാൻ, ഹിജാസ് റോഷൻ, യൂസുഫിന്റെ ഇളയ മകളുടെ മകൾ ജൂഹി എന്നിവർ ഓർമയായി. ഇതിൽ പാത്തുമ്മ, അമൽ നിഷാൻ, ഹിജാസ് റോഷൻ എന്നിവരുടെ മയ്യിത്തുകൾ ഡി.എൻ.എ പരിശോധനയിലൂടെയാണ് തിരിച്ചറിഞ്ഞത്. മറ്റുള്ളവരുടെ ദേഹങ്ങൾ പലസ്ഥലങ്ങളിൽനിന്നുമായാണ് ലഭിച്ചത്. മരണപ്പെട്ട റുക്സാന ആറുമാസം ഗർഭിണിയായിരുന്നു.
ഇവരോടൊപ്പം മുനീറിന്റെ മാതാപിതാക്കളും സഹോദരനും മക്കളുമടക്കം ആറു പേരുമായപ്പോൾ മൊത്തം പതിമൂന്നു പേര് ദുരന്തത്തിൽ മരണപ്പെട്ടു. യുസുഫിന്റെ മകൻ യൂനുസും ഇളയ മകൾ നൗഷിബയും മാത്രമാണ് ഇപ്പോൾ തറവാട്ടിൽ ഉള്ളത്. അബുദബി അഡ്നോക് കമ്പനി ജീവനക്കാരനായിരുന്ന യൂനുസ് ജോലി രാജിവെച്ചു ഇപ്പോൾ നാട്ടിൽ താമസമാണ്. കൂടെ ഭാര്യ ജുമാനയും മകൾ റൗഹിനും.
കൊടുവള്ളിയിൽ കാർ ആക്സസറി ഷോപ് നടത്തുകയാണ് യൂനുസ്. യുസുഫിന്റെ ഇളയ മകൾ നൗഷിബയുടെ മകളായിരുന്ന മൂന്നു വയസ്സുകാരി ജൂഹിയാണ് യുസുഫിനോടൊപ്പം മരണപ്പെട്ടത്. കൊടുവള്ളി പന്നൂർ സ്വദേശിയായ റഊഫാണ് നൗഷിബയുടെ ഭർത്താവ്. കോൺഗ്രസ് മണ്ഡലം കമ്മിറ്റി വൈസ് പ്രസിഡന്റ്, ബ്ലോക്ക് കമ്മിറ്റി നിർവഹണ സമിതി അംഗം, തളിപ്പുഴ മഹല്ല് കമ്മിറ്റി സെക്രട്ടറി, മുട്ടിൽ യതീംഖാന കമ്മിറ്റി, ലാൻഡ് ഏജന്റ്സ് അസോസിയേഷൻ, എസ്.വൈ.എസ്, എസ്.കെ.എസ്.എസ്.എഫ് എന്നിവയുടെ ഭാരവാഹിയായിരുന്നു യൂസഫ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

