മുതുവാകുന്നിലെ കുടക്കല്ലിന് പഞ്ചായത്തിന്‍റെ സംരക്ഷണം; കുടക്കല്ലിന് മൂവായിരം വർഷങ്ങൾക്കടുത്ത് പഴക്കം
text_fieldsവാസുദേവനും പ്രഫ. പി. ശിവദാസനും കുടക്കല്ലിന് സമീപം
കോഴിക്കോട്: രാമനാട്ടുകരക്കടുത്ത് വാഴയൂർ പഞ്ചായത്തിലെ പുതുക്കോട് വാർഡിൽ മൂവായിരം വർഷങ്ങൾക്കടുത്ത് പഴക്കമുള്ള ഇരുമ്പുയുഗകാലത്തെ കുടക്കല്ല് അക്കാദമിക ലോകത്തിന്‍റെ ശ്രദ്ധയിൽ വന്നിരിക്കുന്നു. വാഴയൂർ പഞ്ചായത്തിലെ പുതുക്കോട് വാർഡ് മെമ്പർ വാസുദേവനാണ് ഈ ഉദ്യമത്തിന് നേതൃത്വം നൽകിയിരിക്കുന്നത്.
പുതുക്കോട് വാർഡിലെ ചെരിഞ്ഞ ചെങ്കൽ പ്രദേശമായ കൊടക്കൽ പറമ്പ് എന്ന സ്ഥലത്താണ് ഈ മഹാശിലായുഗ നിർമിതി സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശം മുതുവാകുന്ന് എന്നാണ് അറിയപ്പെടുന്നത്. ജീർണിച്ച് തകർന്ന അവസ്ഥയിലായ കുടക്കല്ലിനെ സംരക്ഷിക്കുവാൻ വാർഡ് മെമ്പറും പഞ്ചായത്തും രംഗത്തിറങ്ങിയിരിക്കുകയാണ്. ചുറ്റും ഗ്രില്ലും മേൽക്കൂരയും സ്ഥാപിച്ച് ഈ ചരിത്രാവശിഷ്ടത്തെ സംരക്ഷിക്കുന്ന ദൗത്യത്തിലാണ് ഇവർ.
വാഴയൂർ പഞ്ചായത്തിലെ കുടക്കല്ല്
കാലിക്കറ്റ് സർവകലാശാലയിലെ ചരിത്രവിഭാഗം സീനിയർ പ്രഫ. ഡോ. പി. ശിവദാസനും ഗവേഷക വിദ്യാർഥികളും കുടക്കല്ല് സന്ദർശിച്ച അവസരത്തിൽ കൂടുതൽ വിവരങ്ങൾ ലഭിച്ചിരിക്കുകയാണ്. സമീപ പ്രദേശത്തു താമസിക്കുന്ന 90 വയസ്സിനടുത്ത് പ്രായമായ വേലുക്കുട്ടിയാണ് അനുബന്ധ വിവരങ്ങൾ നൽകിയിരിക്കുന്നത്.
കുടക്കൽ പറമ്പിൽ മുൻകാലത്ത് ഒരു മുനിയറയും മറ്റൊരു കുടക്കലും ഉണ്ടായിരുന്നുവെന്നും അവയിൽ വീടാവശ്യത്തിന് ഉപയോഗിക്കുന്ന തരത്തിലുള്ള ഇരുമ്പ് ഉപകരണങ്ങൾ കണ്ടിരുന്നുവെന്നും വേലുക്കുട്ടി പറഞ്ഞു. പിൽക്കാലത്ത് ഇവ അപ്രത്യക്ഷമായി. ചെങ്കൽ പണിക്കാരനായ വേലുക്കുട്ടി കിണർപണിക്കാരനും ചെങ്കൽ തൊഴിലാളിയുമായിരുന്നു. അതിവർഷമുണ്ടാകുന്ന കാലത്ത് ചാലിയാർപുഴ കരകവിഞ്ഞ് ഈ പ്രദേശത്തിനടുത്തുവരെ വ്യാപിക്കും.
വേലുക്കുട്ടിക്കും വാസുദേവനുമൊപ്പം പ്രഫ. പി. ശിവദാസൻ
ഒരു കാലത്ത് പരന്നൊഴുകിയിരുന്ന പുഴയുടെ തെളിവുകൾ ഈ പ്രദേശത്ത് ലഭ്യമാണ്. കിണറുകൾ കുഴിക്കുമ്പോൾ ഭൂമിക്കടിയിൽ വൻ മരങ്ങളുടെ കൽക്കരിരൂപങ്ങൾ ലഭിക്കുന്നത് സാധാരണയാണെന്ന് വേലുക്കുട്ടി പറയുന്നത് ഈ പ്രദേശത്തിന്‍റെ ഭൂമിശാസ്ത്രപരമായ ചരിത്രം പഠിക്കുന്നതിന് ഏറെ ഉപകരിക്കും. വാമൊഴി ചരിത്രത്തിന്‍റെ പ്രധാന സാധ്യതകളാണ് വേലുക്കുട്ടി ഗവേഷകർക്ക് മുമ്പിൽ അവതരിപ്പിച്ചത്.
മുതുവാകുന്ന് ചെങ്കൽ പ്രദേശവും നീരുറവയുള്ള സ്ഥലവുമാണ് ഇത് പഴയകാല മനുഷ്യവാസത്തിന് അനുയോജ്യമായിരുന്നു. പഴയകാല ശവസംസ്കാര നിർമിതികൾ ഉള്ളതു കൊണ്ടാണ് പിൽകാലത്ത് ഈ പ്രദേശം മുതുവാകുന്ന് എന്നറിയപ്പെട്ടത്. കുടക്കൽ പറമ്പിലെ കൊടക്കൽ ഇനി വരുംകാലത്തെ വിദ്യാർഥികൾക്കും പൊതുജനങ്ങൾക്കും കാണാവുന്ന വിധത്തിൽ സംരക്ഷിക്കുന്ന പ്രവർത്തനം പുതുക്കോട് വാർഡിൽ പുരോഗമിച്ചു കൊണ്ടിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

