ചിത്രകല ഏതുമാകട്ടെ; ഒന്നാം സ്ഥാനം ഈ കൈകളിൽ
text_fieldsമാനസമീര
ചേർത്തല: ചിത്രകലയിൽ മിന്നും താരമായി മാനസമീര. ഹൈസ്കൂൾ വിഭാഗം പെൻസിൽ ഡ്രോയിങ്, ജലഛായം, ഓയിൽ പെയ്ന്റിങ് എന്നിവയിൽ ഒന്നാംസ്ഥാനം നേടിയാണ് കൊല്ലത്തേക്ക് പറക്കുന്നത്.
പെൻസിൽ ഡ്രോയിങിൽ അപകടസ്ഥലത്തെ രക്ഷാപ്രവർത്തനവും ജലഛായത്തിൽ വഴിയരികിൽ വാദ്യോപകരണങ്ങൾ നിർമിച്ച് വിൽക്കുന്ന നാടോടി കുടുംബവും ഓയിൽ പെയിന്റിങിൽ ക്ഷേത്രമുറ്റത്ത് പൂവിൽക്കുന്ന പെൺകുട്ടിയുമായിരുന്നു വിഷയം. ഹരിപ്പാട് ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കുൾ പത്താംക്ലാസ് വിദ്യാർഥിനിയാണ്.
കഴിഞ്ഞവർഷം സംസ്ഥാനതലത്തിലും ജില്ലതലത്തിലും നിരവധി സമ്മാനങ്ങൾ നേടിയിട്ടുണ്ട്. കരുവാറ്റ കളത്തിൽപറമ്പിൽ ഓട്ടോഡ്രൈവർ മുരുകന്റെയും വിദ്യാഭ്യാസ വകുപ്പ് ജീവനക്കാരി ജയകുമാരിയുടെയും മൂത്ത മകളാണ്. മണ്ണാറശ്ശാല യു.പി സ്കൂളിൽ അഞ്ചാംക്ലാസ് വിദ്യാർഥി മയൂഖ് സാഗർ സഹോദരനാണ്.

