വിവാഹത്തിനു മുമ്പ് വധു ഒപ്പിട്ട് നൽകിയ സമ്മതപത്രം വൈറൽ
text_fieldsകൊടുവായൂര്‍: വിവാഹത്തിനു മുമ്പ് വധു ഒപ്പിട്ട് നൽകിയ സമ്മതപത്രം സമൂഹ മാധ്യമങ്ങളിൽ വൈറലായി. ഭര്‍ത്താവ് സുഹൃത്തുക്കളോടൊപ്പം ചെലവഴിക്കുന്ന സമയത്ത് ഫോണ്‍ ചെയ്ത് ശല്യംചെയ്യില്ലെന്ന് വരന്റെ സുഹൃത്തുക്കൾക്കാണ് മുദ്രപത്രത്തില്‍ ഒപ്പിട്ടുനല്‍കിയത്.
കഴിഞ്ഞദിവസം വിവാഹിതരായ കൊടുവായൂര്‍ മലയക്കോട് വി.എസ്. ഭവനില്‍ എസ്. രഘുവിന്റെ സുഹൃത്തുക്കൾക്കാണ്, ഭാര്യ കാക്കയൂര്‍ വടക്കേപ്പുര വീട്ടില്‍ എസ്. അര്‍ച്ചന ഒപ്പിട്ട് നല്‍കിയത്.
രഘു കഞ്ചിക്കോട്ടെ സ്വകാര്യ കമ്പനിയിലെ ജീവനക്കാരനാണ്. അര്‍ച്ചന ബാങ്ക് ജോലിക്കായുള്ള പഠനത്തിലാണ്. വിവാഹസമ്മാനമായി വരന്റെ സുഹൃത്തുക്കള്‍ 50 രൂപയുടെ മുദ്രപത്രത്തില്‍ വധുവിന്റെ അനുമതിപത്രം വാങ്ങിയശേഷം സമൂഹ മാധ്യമങ്ങളില്‍ പ്രചരിപ്പിച്ചതോടെയാണ് വൈറലായത്.
രാത്രി ഒമ്പതുവരെ കൂട്ടുകാര്‍ക്കൊപ്പം സമയം ചെലവഴിക്കുമ്പോൾ ഫോണ്‍ ചെയ്ത് ശല്യപ്പെടുത്തില്ലെന്നതിലെ കൗതുകം കണ്ട് നിരവധി പേര് ഷെയർ ചെയ്തു.

