ഏഴു വയസ്സുകാരന്റെ സ്കൂൾ വിദ്യാഭ്യാസം ദുബൈയിൽ; ഫുട്ബാൾ പരിശീലനം ഫോർട്ടുകൊച്ചിയിലും
text_fieldsഈതൻ ഡിറോസ്
ഫോർട്ട്കൊച്ചി: രണ്ടാം ക്ലാസുകാരനായ ഏഴു വയസ്സുകാരൻ ഈതൻ ഡിറോസിന്റെ സ്കൂൾ പഠനം ദുബൈയിലാണെങ്കിലും ഫുട്ബാൾ പരിശീലിക്കാനെത്തുന്നത് ഫോർട്ട്കൊച്ചിയിലാണ്. ഫോർട്ട്കൊച്ചി സ്വദേശികളും വർഷങ്ങളായി ദുബൈയിൽ സ്ഥിരതാമസമാക്കി വരുന്ന വിവിൻ ഡിറോസ് -സ്റ്റെഫി ദമ്പതികളുടെ മകനാണ് ഈതൻ. മാതാപിതാക്കൾ ഇരുവരും കായികതാരങ്ങളാണ്. വിവിൻ ഹോക്കി താരവും, സ്റ്റെഫി ഫുട്ബാൾ താരവുമാണ്.
മകനെ അറിയപ്പെടുന്ന ഫുട്ബോളറാക്കണമെന്നതാണ് ദമ്പതികളുടെ ആഗ്രഹം. കഴിഞ്ഞ രണ്ട് വർഷമായി സ്കൂൾ അവധിക്കാലത്ത് കൊച്ചിയിൽ കാൽപന്ത് പരിശീലിക്കാൻ കൊണ്ടുവരുന്നതാണ് പതിവ്. ഇക്കുറി മാതാപിതാക്കൾ ജോലി സംബന്ധമായ തിരക്കിലായതോടെ പരിശീലകനായ റൂഫസ് ഡിസൂസയുടെ അടുത്തേക്ക് അയച്ചിരിക്കുകയാണ്.
നിരവധി അന്തർദേശീയ താരങ്ങളെ വാർത്തെടുത്തിട്ടുള്ള റൂഫസ് ഈതനിലും വലിയ വിശ്വാസമാണ് അർപ്പിച്ചിരിക്കുന്നത്. ലോകകപ്പിൽ കളിക്കണമെന്നതാണ് ആഗ്രഹമെന്ന് ഈതൻ മാധ്യമത്തോട് പറഞ്ഞു. ഇന്ത്യൻ ജേഴ്സിയോ യു.എ.ഇ ജേഴ്സിയോ അണിയാൻ താൽപര്യമെന്ന ചോദ്യത്തിന് ചിരിയായിരുന്നു ഈതനിന്റെ മറുപടി.

