ട്രാക്കുകൾ കീഴടക്കാൻ വീണ്ടുമൊരു മലയാളി, ദിലീന എത്തുന്നു
text_fieldsദിലീന താൻ നേടിയ ഗോൾഡ് മെഡലുകളുമായി
ദമ്മാം: മാറുന്ന സൗദിയിൽ പുതു ചരിത്രമെഴുതാൻ മലയാളി പെൺകുട്ടികളും ഒരുങ്ങുന്നു. 2022ലെ സൗദി ദേശീയ ഗെയിംസിൽ ബാഡ്മിൻറൺ സിംഗിൾസിൽ വിജയിച്ച് 10 ലക്ഷം റിയാൽ നേടിയ കോഴിക്കോട് സ്വദേശി ഖദീജ നിസക്ക് പിന്നാലെ ഈ വർഷത്തെ ഗെയിംസിൽ അത്ലറ്റിക് ടാക്ക് കീഴടക്കാൻ മലപ്പുറം മറയൂരി സ്വദേശിനി ദിലീന ഇക്ബാൽ (18) എത്തുന്നു. നവംബറിൽ റിയാദിൽ നടക്കുന്ന സൗദി ദേശീയ ഗെയിംസിൽ 100 മീറ്റർ, 400 മീറ്റർ ഓട്ടത്തിലും ലോങ് ജംപിലും മത്സരിക്കാനാണ് ദിലീന ഒരുങ്ങുന്നത്.
കഴിഞ്ഞ ദിവസം ഇതിനായി ദമ്മാമിലും ഖത്വീഫിലും ഒരുക്കിയ ട്രയൽസിൽ വിസ്മയകരമായ പ്രകടനം കാഴ്ചവെച്ചാണ് ദിലീന യോഗ്യത നേടിയത്. എൽ.കെ.ജി മുതൽ പ്ലസ്ടു വരെ റിയാദിലെ യാര ഇൻറർനാഷനൽ സ്കുൾ വിദ്യാർഥിയായിരുന്ന ദിലീന ഇപ്പോൾ എറണാകുളത്ത് എ.സി.സി വിദ്യാർഥിയാണ്. ചെറുപ്പം മുതൽ സ്കുളിൽ കായിക മികവ് തെളിയിച്ച ദിലീന വാരിക്കൂട്ടിയത് നിരവധി മെഡലുകളാണ്. സ്കുളിലെ കായികാധ്യാപകരായ പ്രേംദാസും പ്രജീഷുമാണ് ദലീനയുടെ കായിക മികവുകൾ കണ്ടറിഞ്ഞ് പ്രോത്സാഹിപ്പിച്ചത്.
കഴിഞ്ഞ വർഷം ഹൃദയാഘാതം മൂലം മരിച്ച ഗുരു പ്രജീഷിെൻറ ഓർമകൾ ട്രാക്കിലെ ഓരോ വിജയത്തിനൊപ്പവും നൊമ്പരമായി ബാക്കിയാകുന്നുവെന്നും ദലീന പറഞ്ഞു. ഇൻറർസ്കൂൾ കായികമേളകളിൽ നിരവധി വിജയങ്ങൾ സ്വന്തമാക്കിയ ദിലീന സി.ബി.എസ്.ഇ ക്ലസ്റ്റർ മീറ്റുകളിലും താൻ മത്സരിച്ച ഇനങ്ങളിലുമെല്ലാം ഗോൾഡ് മെഡൽ നേടി. ആറു തവണ ദേശീയ സ്കൂൾ കായികമേളയിൽ സൗദിയെ പ്രതിനിധാനംചെയ്ത് ദലീന ലോങ് ജംപിലും ഒാട്ടത്തിലും വിജയത്തിന് തൊട്ടടുത്ത് വരെയെത്തി.
സൗദി ദേശീയ ഗെയിംസിലെ ട്രയൽസിനെത്തിയ സൗദി കായിക താരങ്ങൾക്ക് ഒപ്പം
കൃത്യമായ പരിശീലനമോ നിർദേശങ്ങളോ ഇല്ലാതെ മത്സരിച്ചാണ് ഈ മിടുക്കി ഈ നേട്ടങ്ങളെല്ലാം കൈയടക്കിയത്. ക്ലസ്റ്റർ മീറ്റിലെ നേട്ടങ്ങൾ പരിഗണിച്ച് ദിലീനക്ക് മികച്ച വനിത അത്ലറ്റിനുള്ള അവാർഡും അധികൃതർ നൽകിയിരുന്നു. കൂടാതെ, സൗദി കായികമന്ത്രാലയം ഒരുക്കിയ 10 കിലോമീറ്റർ മാരത്തണിലും ദലീന ഭാഗമായിട്ടുണ്ട്. ‘അന്ന് സൗദിയിൽ ഒന്ന് പരിശീലനം നടത്താനുള്ള അവസരങ്ങൾ തേടി ഏറെ അലഞ്ഞിട്ടുണ്ട്. ഇന്ന് നിരവധി ക്ലബ്ബുകളും സ്റ്റേഡിയങ്ങളും എന്തിന് പാർക്കുകൾപോലും അതിന് സജ്ജമാണ്. ഇന്നത്തെ സാഹചര്യങ്ങൾ അൽപം നേരത്തേ ലഭിച്ചിരുന്നെങ്കിൽ എന്ന് താൻ കൊതിച്ചുപോവുകയാെണ’ന്ന് ദിലീന പറഞ്ഞു.
കഴിഞ്ഞ ദിവസം ദേശീയ ഗെയിംസിലേക്കുള്ള ട്രയൽസിനെത്തിയ ദിലീനയുടെ പ്രകടനങ്ങൾ വിവിധ ക്ലബ്ബുകളെ പ്രതിനിധാനംചെയ്ത് മത്സരാർഥികളെ വിസ്മയിപ്പിക്കുക തന്നെ ചെയ്തു. മികച്ച പല ക്ലബുകളും തങ്ങളുടെ ഭാഗമാകാൻ ദലീനയെ ക്ഷണിച്ചിരിക്കുകയാണ്. ‘സൗദിയിലാണ് ഞാൻ വളർന്നത്. ഈ രാജ്യം എെൻറ മാതൃരാജ്യത്തിനൊപ്പം തന്നെ എനിക്ക് പ്രിയപ്പെട്ടതാണ്. സൗദിക്കുവേണ്ടി മെഡൽ നേടുക എന്ന വലിയ സ്വപ്നമാണ് ഞാൻ സൂക്ഷിക്കുന്നത്. നിറഞ്ഞ ചിരിയോടെ ആത്മവിശ്വാസത്തോടെ തെൻറ പ്രതീക്ഷകളെക്കുറിച്ച് ദിലീന പറഞ്ഞു.
കുടുംബത്തോടൊപ്പം
തന്നോടെപ്പം മത്സരിക്കാനെത്തുന്നവരെല്ലാം വിവിധ ക്ലബ്ബുകളിൽ മികച്ച പരിശീലനം സിദ്ധിച്ചെത്തുന്നവരാണ്. അവർക്കിടയിൽ കാര്യമായ മുന്നൊരുക്കങ്ങളില്ലാതെ ജയം നേടുക സാധിക്കുന്നത് ആത്മവിശ്വാസം വർധിപ്പിക്കുന്നുണ്ട്. കായിക മേഖലയിലുള്ള തെൻറ അടങ്ങാത്ത ആഗ്രഹങ്ങൾ തന്നെയാണ് തന്നെ ഈ മേഖലയിൽ വ്യത്യസ്തയാക്കുന്നതെന്ന് കൃത്യമായ ബോധ്യത്തോടെ ദിലീന വിശദീകരിക്കുന്നു.
റിയാദിൽ ഇൻറലക്ച്വൽ പ്രോപർട്ടി കൺസൾട്ടൻറായി ജോലി നോക്കുന്ന മുഹമ്മദ് ഇഖ്ബാലിന്റെറയും ആബിദ ഇഖ്ബാലിേൻറയും രണ്ടാമത്തെ മകളാണ് ദലീന. മികച്ച കാൽപന്തുകളിക്കാരനാണ് പിതാവ്. മൂത്ത സഹോദരി ഡാനിയ ചൈനയിൽ മെഡിക്കൽ വിദ്യാർഥിയാണ്. കായികമേഖലയിൽ മികവ് തെളിയിച്ചിട്ടുള്ള ഡാനിയ ഇപ്പോൾ ചൈനയിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിെൻറ വളൻറിയറായ സന്തോഷത്തിലാണ്. അനുജൻ ദയാനും കായിക മേഖലയിൽ ഇത്താക്ക് കൂട്ടായി ഒപ്പമുണ്ട്.