Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightYouthchevron_rightകിഴക്കു പടിഞ്ഞാറ് ഓടി...

കിഴക്കു പടിഞ്ഞാറ് ഓടി ഖത്തർ കീഴടക്കിയവർ

text_fields
bookmark_border
കിഴക്കു പടിഞ്ഞാറ് ഓടി ഖത്തർ കീഴടക്കിയവർ
cancel
camera_alt

അൾട്രാ റൺ പൂർത്തിയാക്കിയ നൗഫൽ ഫിനിഷിങ് പോയന്റിൽ

ദോഹ ഷെറാട്ടണിൽ നിന്നും ദുഖാൻ ബീച്ചിലേക്കുള്ള യാ​ത്ര എന്നത്, ഖത്തറിന്റെ ഭൂപടത്തെ കീറിമുറിച്ച് കിഴക്കു നിന്നും പടിഞ്ഞാറേക്കാണ്. ഒരു പകൽ മുഴുവൻ നിർത്താതെ ഓടിയാൽ സൂര്യനസ്തമിക്കും മുമ്പേ ഫിനിഷിങ് ലൈൻ തൊടാം. ‘ഖത്തർ ഈസ്റ്റ് ടു വെസ്റ്റ് അൾട്രാ റൺ’ എന്ന പേര് സൂചിപ്പിക്കും പോലെ കിഴക്കു-വടക്ക് മഹാമാരത്തൺ ഓട്ടക്കാരുടെയെല്ലാം സ്വപ്നമായൊരു ചാമ്പ്യൻഷിപ്പാണ്. 90 കി.മീറ്റർ ദൂരം ലോകോത്തര ഓട്ടക്കാർക്കൊപ്പം ഓടിയോടി, ഒന്നാമതെത്തുകയെന്നത് ഹിമാലയൻ ദൗത്യമാകുമ്പോൾ, ഈ ദൂരം ഫിനിഷ് ചെയ്യുന്നതും വലിയ കാര്യമാണ്.

അവിടെയാണ്, 90 കി.മീ മികച്ച സമയത്തിൽ ഫിനിഷ് ചെയ്ത് ഇന്ത്യക്കാരിൽ ഒന്നാമനായി നെഞ്ചുവിരിച്ച് നിൽക്കുന്ന ഖത്തറിലെ ഈ പ്രവാസി മലയാളിയു​ടെ നേട്ടം വിലപ്പെട്ടതാവുന്നത്. പല രാജ്യക്കാരായ 120 ഓളം പേർ മത്സരിച്ച 90 കിലോമീറ്റർ അ​ൾട്രാ റണ്ണിൽ 48ാം സ്ഥാനക്കാരനായി ഫിനിഷ് ചെയ്ത കോഴിക്കോട് കൊയിലാണ്ടി നന്തി സ്വദേശി സി.സി നൗഫലിന്റെ നേട്ടത്തിന് പത്തരമാറ്റാണ് തിളക്കം. ആഫ്രിക്കൻ കരുത്തും, യൂറോപ്യൻ അത്‍ലറ്റുകളുടെ വേഗവുമായെല്ലാം മാറ്റുരച്ച് കുതിച്ച നൗഫൽ റണ്ണിൽ പ​ങ്കെടുത്ത ഇന്ത്യക്കാരിൽ ഒന്നാം സ്ഥാനക്കാരനായാണ് ദുഖാനിലെ ഫിനിഷിങ് ലൈൻ തൊട്ടത്.

അതിരാവിലെ സൂര്യനുദിച്ചുയരുമ്പോൾ ഷെറാട്ടണിൽ നിന്നും തുടങ്ങിയ ഓട്ടത്തിനിടയിൽ പ്രതിബന്ധങ്ങൾ ഏറെയായിരുന്നു. ഡിസംബർ മാസത്തിൽ പുലർകാലത്തെ 16 ഡിഗ്രി​യിലേക്ക് താഴുന്ന കടുത്ത തണുപ്പ്, ഒപ്പം വീശിയടിക്കുന്ന കാറ്റ്. കാലാവസ്ഥ തീർത്ത വെല്ലുവിളിയെ പിന്നിലാക്കി കുതിച്ചുപായുമ്പോൾ, പേശീ വേദനയും കാലുകളെ തളർത്തും.... എന്നിട്ടും, വീ​ഴാൻ അവൻ ഒരുക്കമല്ലായിരുന്നു. ഒടുവിൽ വൈകുന്നേരം അഞ്ചര മണിയാകുമ്പോഴേക്കും ലക്ഷ്യ സ്ഥാനം​ തൊട്ട് ചരിത്രമെഴുതിയിരിക്കുകയാണ് ഈ പ്രവാസി ഓട്ടക്കാൻ. 12 മണിക്കൂർ 37 മിനിറ്റും 48 സെക്കൻഡും സമയമെടുത്തായിരുന്നു നൗഫലിന്റെ ഫിനിഷിങ്.

അൾട്രാ റൺ പൂർത്തിയാക്കിയ രമേഷ് റെഡ്ഡി, ഫസൽ, നൗഫൽ എന്നിവർ വെൽനസ് ചാലഞ്ചേഴ്സ് അംഗം സബീറിനൊപ്പം ഫിനിഷിങ് പോയന്റിൽ

120 ഓളം പേർ മാറ്റുരച്ച അൾട്രാ റണ്ണിന്റെ സോളോ വിഭാഗത്തിൽ നൗഫൽ ഉൾപ്പെടെ 64 പേർ മാത്രമാണ് 90 കി.മീ ഓടിത്തീർത്ത് ഫിനിഷ് ചെയ്തത്. ആന്ധ്രക്കാരനായ രമേഷ് റെഡ്ഡിയും മലയാളിയായ ​ഫസൽ പാലക്കോടൻ ഉൾട്ടെ മൂന്ന് ഇന്ത്യക്കാർ മാത്രം.

ദീർഘദൂര ഓട്ടങ്ങളിൽ ഖത്തറിലും വിദേശങ്ങളിലുമായി ജേതാവായ മൊറോക്കോകാരൻ റാഷിദ് ബൗദല 6 മണിക്കൂറും 39 മിനിറ്റും സമയമെടുത്ത് ഒന്നാമതെത്തിയപ്പോൾ രണ്ടും മൂന്നും സ്ഥാനത്തും മൊറോക്കോകാരാണ്. ഈജിപ്ത്, കെനിയ, എത്യോപ്യ, സ്‍പെയിൻ, ബ്രിട്ടൻ, ഇറ്റലി, അമേരിക്ക ഉൾപ്പെടെ വിവിധ രാജ്യങ്ങളിൽനിന്നുള്ള പതിവ് ഓട്ടക്കാർക്കൊപ്പമായിരുന്നു നൗഫലും മാറ്റുരച്ചത്.

‘വെൽനസ് ചാലഞ്ചേഴ്സ്’ നൽകിയ കരുത്ത്

എം.ബി.എ പഠനവും കഴിഞ്ഞ് തൊഴിൽ തേടിയെത്തിയ സാധാരണക്കാരനായൊരു പ്രവാസിയിൽ നിന്നും നൗഫലിനെ മികച്ച ഓട്ടക്കാരനാക്കിയ മലയാളികളുടെ നേതൃത്വത്തിലുള്ള ഫിറ്റ്നസ് കൂട്ടായ്മയായ ‘വെൽനസ് ചലഞ്ചേഴ്സ്’ ആയിരുന്നു. പഠന കാലത്തോ മറ്റോ സ്​പോർട്സുമായി ഒരു ബന്ധവുമില്ലാതിരുന്നവൻ എട്ടു വർഷം മുമ്പാണ് ഖത്തറിലെത്തുന്നത്. എന്നാൽ, കോവിഡ് കാലത്ത് സമൂഹത്തിൽ മാറിത്തുടങ്ങിയ ആരോഗ്യ ചിന്തകൾ നൗഫലിനെയും വ്യായാമത്തിലേക്ക് അത്‍ലറ്റിക്സിലേക്കും എത്തിച്ചു. സുഹൃത്തുക്കൾക്കൊപ്പം ​വെൽനസിന്റെ ഭാഗമായി വ്യായാമം ചെയ്തുകൊണ്ടായിരുന്നു തുടക്കം. ആഴ്ചയിൽ ഒരിക്കൽ ഖത്തറിലെ ഏതെങ്കിലും പാർക്കുകളിൽ സംഗമിക്കുന്ന സംഘം പരിശീലനത്തിന്റെ മുറകൾ പകർന്നു നൽകും. പിന്നെ ദിവസവും, സ്വന്തം താമസ സ്ഥലങ്ങളുടെ ചുറ്റുപാടിൽ പരിശീലനമാകും. അങ്ങനെ ആദ്യം, മുന്നും, അഞ്ചും, പത്തും കിലോമീറ്ററുകൾ ഓടിത്തുടങ്ങിയാണ് നൗഫൽ മിനി മാരത്തൺ ദൂരമായ 21 കി.മീ, ഫുൾ മാരത്തൺ ദൂരമായ 42കിലോമീറ്ററും ഓടാൻ ശീലമാക്കിയത്. ഇതിനകം ദോഹയിലെ പ്രശസ്തമായ ഉരീദു മാരത്തണിൽ 21 കി.മീറ്ററിൽ 2021ൽ പ​ങ്കെടുത്തു. ഖത്തറിലെ പ്രമുഖ റേസുകളായ ഗൾഫ് മാധ്യമം ഖത്തർ റൺ, മീഡിയ വൺ ദോഹ റൺ, ക്യൂ.ആർ.എസ് സീരീസ്, ഇന്ത്യയിലും വിദേശങ്ങളിലുമായി നടക്കുന്ന നിരവധി വെർച്വൽ റേസുകൾ എന്നിവയിലും മത്സരിച്ച് കഴിവു തെളിയിച്ച നൗഫൽ, ഏറ്റവും ഒടുവിലാണ് തന്റെ സ്വപ്നമായ 90 കി.മീ അൾട്രാ റണ്ണും തന്റെ കാൽകീഴിലാക്കുന്നത്.

ഈ കുതിപ്പിൽ താങ്ങായവർ ഒരുപിടിയുണ്ടെന്ന് ഇദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. വെൽനസ് ചലഞ്ചേഴ്സിൽ നിന്നുള്ള സബീർ, ആദിൽ അബൂബക്കർ, എബി എബ്രഹാം, ഫൈസൽ പേരാമ്പ്ര, കഴിഞ്ഞ ഏതാനും മാസങ്ങളായി പരിശീലനത്തിന് ഷെഡ്യുളും മറ്റും നൽകി പിന്തുണ നൽകുന്ന ഡൽഹിയിൽ നിന്നുള്ള കോച്ച് രാജേന്ദ്രൻ, അതിലെല്ലാത്തിലുമുപരി വർഷങ്ങളായി പരിശീലനവും ജോലിയും കുടുംബ ജീവിതവും ഒന്നിച്ച് കൊണ്ടുപോകുമ്പോൾ പിന്തണയുമായി കൂടെയുള്ള ഭാര്യ ആദില മർജാന.

മാരത്തണുകളിലേക്കുള്ള തുടക്കം

കഠിനാധ്വാനവും, പരിശ്രമവും, അർപ്പണബോധവും ​കൊണ്ടു മാത്രം ഓടിയെടുക്കാനാവുന്ന നേട്ടങ്ങളിലേക്കാണ് നൗഫലിന്റെ പാദങ്ങൾ കുതിക്കുന്നത്. അൾട്രാ റണ്ണിലൂടെ നേടിയ ആത്മവിശ്വാസവുമായി ഇനി അന്താരാഷ്ട്ര തലത്തിലെ മാരത്തണുകളാണ് സ്വപ്നം. ​ലോകപ്രശസ്തമായ ബോസ്റ്റൺ, ദുബൈ, ടോ​ക്യോ, മുംബൈ തുടങ്ങിയ മാരത്തണിൽ മാറ്റുരക്കണം. ഫെബ്രുവരിയിൽ സൗദിയിൽ നടക്കുന്ന റിയാദ് മാരത്തണും, ഉരീദു മാരത്തണിലും ഓടണം, അതും കഴിഞ്ഞ് നീന്തലും സൈക്ലിങ്ങും ഓട്ടവും ഒന്നിക്കുന്ന അയേൺ മാനിലും കുതിക്കണം.

ആ സ്വപ്നങ്ങളിലേക്ക് അ​ൾട്രാറണ്ണിനെ തുടക്കമാക്കിമാറ്റുകയാണ് ഖത്തറിൽ സ്വകാര്യ സ്ഥാപനത്തിന്റെ മാർക്കറ്റിങ് വിഭാഗത്തിൽ ജീവനക്കാരനായ നൗഫൽ. ഭാര്യ ആദില മർജാനക്കും, മക്കളായ സഹ്റാൻ മുഹമ്മദിനും മുഹമ്മദ് സൈനിനും ഒപ്പം മദീന ഖലീഫയിലാണ് താമസം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:QatarQatar East to West Ultramarathon 2023Qatar East to West Ultra
News Summary - Qatar East to West Ultramarathon 2023
Next Story