സംസ്ഥാനത്ത് മെഡൽ തൂക്കി പൂതക്കുളത്തിന്റെ മിടുക്കികൾ
text_fieldsതിരുവനന്തപുരം: ചെളിനിറഞ്ഞ ഗ്രൗണ്ടിൽ ഓടി കിതച്ചാണ് സംസ്ഥാന പോരാട്ടത്തിന് ഇറങ്ങിത്തിരിച്ചതെങ്കിലും വൻ സൗകര്യങ്ങളിൽ നിന്നെത്തിയവർക്ക് മുന്നിൽ തലയുയർത്തി മെഡലുകൾ തൂക്കി കൊല്ലം പൂതക്കുളത്തിന്റെ സ്വന്തം കൂട്ടുകെട്ട്. കൊട്ടാരക്കരയിൽ ചെളി ഗ്രൗണ്ടിൽ നടന്ന ജില്ല സ്കൂൾ കായികമേളയിൽ നിന്ന് സംസ്ഥാന സ്കൂൾ കായികമേളയുടെ സിന്തറ്റിക് പകിട്ടിലെത്തി വെള്ളിയും വെങ്കലവും പിടിച്ച് പൂതക്കുളം ജി.എച്ച്.എസ്.എസിന്റെ അപർണ പ്രകാശും എസ്. അഭിരാമിയുമാണ് അഭിമാനമുയർത്തിയത്.
ജൂനിയർ, സീനിയർ പെൺകുട്ടികളുടെ 3000 മീറ്ററിൽ ആണ് ഇരുവരും യഥാക്രമം വെള്ളിയും വെങ്കലവും നേടിയത്. ജൂനിയറിൽ അവസാന നിമിഷങ്ങൾ വരെ ഒന്നാമത് മുന്നേറിയതിന് ശേഷമാണ് സെക്കൻഡുകളുടെ വ്യത്യാസത്തിൽ പാലക്കാട് താരത്തിന് പിന്നിൽ അപർണ പ്രകാശ് രണ്ടാമത് ഫിനിഷ് ചെയ്തത്. പാലക്കാടിന്റെ എസ്. അർച്ചന 11.03 മിനിറ്റിൽ ഫിനിഷ് ചെയ്തപ്പോൾ 11.07 മിനിറ്റിലാണ് അപർണ ഓടിയെത്തിയത്. ജൂനിയറിൽ മത്സരിക്കാനുള്ള പ്രായമാണെങ്കിലും കൂട്ടുകാരിയായ അപർണക്ക് കൂടി ഉയർന്നുവരാനുള്ള വഴി ഒരുക്കാൻ സീനിയറിലേക്ക് വഴിമാറിയ എസ്. അഭിരാമിയാകട്ടെ തകർപ്പൻ പ്രകടനവുമായി മൂന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്യുകയായിരുന്നു. ജില്ലയിൽ അവസാന ദിനം വില്ലനായ പരിക്കിന്റെ വേദന അലട്ടിയതാണ് സംസ്ഥാനത്ത് അഭിരാമിയെ അൽപം പിന്നോട്ടുവലിച്ചത്.
ആ വേദനക്കിടയിലും വെങ്കലം നേടാനായ മികവിൽ പുഞ്ചിരിക്കുകയാണ് ഒമ്പതാം ക്ലാസുകാരി. ജില്ല മേളയിൽ മെഡലുകൾ വാരിയെടുത്ത കൂട്ടുകാരികളിൽ അപർണക്ക് 1500 മീറ്റർ, 800 മീറ്റർ പോരാട്ടങ്ങളും അഭിരാമിക്ക് 1500 മീറ്റർ പോരാട്ടവും ഇനി സംസ്ഥാനത്ത് ബാക്കിയുണ്ട്. പരിമിതികൾക്ക് ഇടയിൽ നിന്ന് പോരാട്ടമികവ് കൊണ്ട് സംസ്ഥാന മെഡൽ സ്വന്തമാക്കിയ ഇരുവരുടെയും നേട്ടത്തിൽ പരിശീലകൻ നഹാസിനും പൂതക്കുളം ജി.എച്ച്.എസ്.എസ് സംഘത്തിനും ഒരുപോലെ അഭിമാനം. ഇരുവരുടെയും മെഡലുകളിലൂടെ അത്ലറ്റിക്സിൽ ആദ്യ ദിനം തന്നെ കൊല്ലം ജില്ലക്ക് പോയന്റ് പട്ടികയിൽ ഇടംപിടിക്കാനായപ്പോൾ, മികച്ച സ്കൂളുകളിൽ മുൻനിരയിലെത്താൻ ജി.എച്ച്.എസ്.എസ് പൂതക്കുളത്തിനും സാധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

