മാപ്പിളപ്പാട്ടിൽ ഫലസ്തീൻ ഐക്യദാർഢ്യം
text_fieldsമിൻഹ
തൃശൂർ: ‘‘ഫലസ്തീൻ പുവിയിൽ വന്നൂറ്റം ശുഅ്ബാൽ ഫക വമ്പും പെരുത്തിസ്രായേൽ കുബ്റാൽ...’’ കുഞ്ഞുപൂമ്പാറ്റകളുടെ ശവപ്പറമ്പായി മാറിയ ഗസ്സയിൽ എരിഞ്ഞടങ്ങിയ കുരുന്നുകളുടെ നൊമ്പരം നെഞ്ചിലേറ്റി മിൻഹ പാടുകയാണ്. കൂട്ടക്കുഴിമാടങ്ങൾ അതിരു തീർക്കുന്ന ഫലസ്തീനിൽ മോചനത്തിന്റെ സൂര്യൻ ഉദിച്ചുയരണമെന്ന് മാപ്പിളപ്പാട്ടിലൂടെ അവൾ പ്രത്യാശിക്കുന്നു.
പുതുലോകത്തേക്ക് പിറവികൊള്ളുന്ന കുഞ്ഞുങ്ങളെ വരെ ഇല്ലായ്മ ചെയ്യുന്ന വംശഹത്യയിൽനിന്ന് മോചനം നൽകണമേ എന്ന് പ്രാർഥിക്കുന്നു. ഹയർസെക്കൻഡറി വിഭാഗം മാപ്പിളപ്പാട്ട് മത്സരത്തിലാണ് ഫലസ്തീന് വേണ്ടി പാടി മലപ്പുറം തിരൂർ ആലത്തിയൂർ കെ.എച്ച്.എം.എച്ച്.എസ്.എസിലെ പ്ലസ് ടു വിദ്യാർഥിനി പി. മിൻഹ എ ഗ്രേഡ് നേടിയത്. പാട്ടു തീർന്നപ്പോൾ നിറഞ്ഞ കൈയടി. കവി ഫൈസൽ കന്മനമാണ് കേട്ടിരിക്കുന്നവരുടെ കണ്ണു നനയിച്ച വരികൾ എഴുതിയത്. മുഹ്സിൻ കുരിക്കൾ സംഗീതം നൽകി. ആലത്തിയൂർ സ്വദേശികളായ സൈഫുദ്ദീന്റെയും ഹാസിബയുടെയും മകളായ മിൻഹ 2023ലും സംസ്ഥാനതലത്തിൽ എ ഗ്രേഡ് നേടിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

