സൗദി ഫുട്ബാൾ ക്ലബ്ബിൽ തിളങ്ങാൻ മലയാളി ബാലൻ; മലപ്പുറം സ്വദേശി മുഹമ്മദ് സഹാന് അപൂർവ നേട്ടം
text_fieldsദമ്മാം: സൗദിയിലെ പ്രമുഖ ഫുട്ബാൾ ക്ലബ്ബായ ഇത്തിഫാഖ് എഫ്.സിയുടെ അണ്ടർ -10 ഔദ്യോഗിക ടീമിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് മലയാളി ബാലൻ. മലപ്പുറം സ്വദേശിയായ മുഹമ്മദ് സഹാൻ പൊങ്കിയിലാണ് ചെറിയ പ്രായത്തിൽ തന്നെ ഈ അപൂർവ നേട്ടം കൈവരിച്ചത്. സെലക്ഷൻ പട്ടികയിൽ ഇടം നേടിയ ഏക ഇന്ത്യൻ കളിക്കാരൻ കൂടിയാണ് ഈ കൊച്ചുതാരം.
ഡിഫൻസീവ് മിഡ്ഫീൽഡ് പൊസിഷനിൽ പ്ലേമേക്കർ റോളിൽ കളിക്കാൻ ഇഷ്ടപ്പെടുന്ന സഹാന്റെ പ്രിയപ്പെട്ട താരം അർജന്റീനയുടെ ലയണൽ മെസ്സിയാണ്. കഴിഞ്ഞ നവംബറിൽ ആരംഭിച്ച ട്രയൽസിൽ നിന്ന് ഘട്ടം ഘട്ടമായാണ് സെലക്ഷൻ നടന്നത്. തുടർന്ന് നിശ്ചിത കാലാവധി വരെ ടീമിനൊപ്പമുള്ള പ്രകടനവും വിലയിരുത്തിയാണ് ക്ലബ്ബ് അധികൃതർ സെലക്ഷൻ ഔദ്യോഗികമായി സ്ഥിരീകരിച്ചത്.
പിതാവിനൊപ്പം ദമ്മാം ഇന്ത്യൻ ഫുട്ബാൾ അസോസിയേഷൻ ടൂർണമെന്റുകളിൽ കാഴ്ചക്കാരനായാണ് സഹാന്റെ കാൽ പന്തുകളിയുടെ തുടക്കം. മുതിർന്നവരുടെ മാച്ചുകൾ നടക്കുമ്പോൾ സഹാൻ മൈതാനത്തിന്റെ ഓരത്ത് നിന്ന് ഒറ്റക്ക് പന്ത് തട്ടുമായിരുന്നു. ഇത് വീക്ഷിച്ച ഒരു സൗദി ക്ലബ്ബിന്റെ കോച്ചാണ് ആദ്യമായി അവനിലെ പ്രതിഭയെ തിരിച്ചറിഞ്ഞത്. അദ്ദേഹത്തിന്റെ ശിക്ഷണത്തിൽ കുറച്ചുനാൾ അഭ്യസിച്ച ശേഷം രണ്ടു വർഷം മുമ്പാണ് മലയാളികളുടെ നേതൃത്വത്തിലുള്ള 'ഗ്രാസ് റൂട്ട്' അക്കാദമിയിൽ ചേർന്നത്.
അക്കാദമിക്കൊപ്പം തന്റെ ഏഴാം വയസ്സിൽ അണ്ടർ-10 ഇന്റേണൽ ടൂർണമെന്റിൽ 10 ഗോളുകൾ നേടി ഗോൾഡൻ ബൂട്ട് സ്വന്തമാക്കി സഹാൻ കഴിവ് തെളിയിച്ചിരുന്നു. പിന്നീട് പിതാവ് അഫ്സൽ ഇത്തിഫാഖ് അക്കാദമിയിൽ ചേർക്കുകയായിരുന്നു. അവിടെ പരിശീലനത്തിനിടയിൽ ഇത്തിഫാഖ് അക്കാദമി എലൈറ്റ് ടീം കോച്ചിന്റെ ശ്രദ്ധയിൽപ്പെടുകയും ലോകോത്തര പരിശീലകരുടെ കീഴിൽ മികച്ച ശിക്ഷണം ലഭിക്കാനുള്ള അവസരം ഒരുങ്ങുകയുമായിരുന്നു.
ഇത്തിഫാഖ് പോലൊരു വലിയ ക്ലബ്ബിന്റെ ഭാഗമാകാൻ സാധിച്ചതിൽ വലിയ സന്തോഷത്തിലാണെന്ന് സഹാൻ പറഞ്ഞു. മകന്റെ കഠിനാധ്വാന ത്തിലും നേട്ടത്തിലും ഏറെ അഭിമാനമുണ്ടെന്ന് പിതാവ് അഫ്സലും മാതാവ് സഹ്ലയും 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു. ദമ്മാമിലെ സ്വകാര്യ കമ്പനിയിൽ ചീഫ് ഫിനാൻസ് ഓഫിസർ ആയി ജോലി ചെയ്യുകയാണ് പിതാവ് അഫ്സൽ. മൈക്രോബയോളജിസ്റ്റായ മാതാവ് സഹ്ലയാണ് സഹാന്റെ കളിക്കളത്തിലെ ഏറ്റവും വലിയ പിന്തുണ.
രണ്ടു വയസ്സുള്ള മുഹമ്മദ് സിദാൻ എന്നൊരു അനുജൻ കൂടിയുണ്ട് സഹാന്. ദമ്മാം ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിൽ നാലാം ക്ലാസ് വിദ്യാർഥിയായ സഹാൻ പഠനവും പന്തുകളിയും ഒരുപോലെ മുന്നോട്ടുകൊണ്ടുപോയി ഭാവിയിൽ കായികരംഗത്ത് ഉയർന്ന നേട്ടങ്ങൾ കൈവരിക്കാനുള്ള തയ്യാറെടുപ്പിലാണ്. മലപ്പുറം ജില്ലയിലെ വാണിയമ്പലം പോരൂർ സ്വദേശികളാണ് ഈ പ്രവാസി കുടുംബം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

