പിറന്നാൾ ദിനത്തിൽ തലമുടി ദാനം ചെയ്ത് ഇന്ത്യൻ സ്കൂൾ വിദ്യാർഥിനി
text_fieldsതമന്ന മനേഷ് മുറിച്ചെടുത്ത തലമുടി ബഹ്റൈൻ കാൻസർ
സൊസൈറ്റിക്ക് കൈമാറുന്നു
മനാമ: പിറന്നാൾ ദിനത്തിൽ തലമുടി അർബുദരോഗികൾക്ക് വിഗ് ഉണ്ടാക്കാൻ ദാനം നൽകി മാതൃകയായി ഇന്ത്യൻ സ്കൂൾ അഞ്ചാം ക്ലാസ് വിദ്യാർഥിനി തമന്ന മനേഷ്. ബഹ്റൈനിൽ ജോലി ചെയ്യുന്ന കോട്ടയം കുമരകം സ്വദേശി പി.ആർ. മനേഷ് കുമാറിന്റെ മകളാണ്.
മാതാവ് തുഷാര മനേഷ്, മാതൃസഹോദരൻ അരുൺ സി. ബാബു, കാൻസർ കെയർ ഗ്രൂപ് പ്രസിഡന്റ് ഡോ. പി.വി. ചെറിയാൻ, ജനറൽ സെക്രട്ടറി കെ.ടി. സലിം എന്നിവർക്കൊപ്പം ബഹ്റൈൻ കാൻസർ സൊസൈറ്റിയിൽ എത്തിയ തമന്ന മനേഷ് സൊസൈറ്റി പ്രസിഡന്റ് ഡോ. അബ്ദുൽ റഹ്മാൻ ഫക്രുവിന് മുറിച്ചെടുത്ത തലമുടി കൈമാറി.
റേഡിയേഷനും കീമോയും എടുക്കുന്ന അർബുദരോഗികൾക്ക് മുടി കൊഴിയുമ്പോൾ വിഗ്ഗുണ്ടാക്കാൻ ചുരുങ്ങിയത് 21 സെന്റീമീറ്റർ നീളത്തിൽ തലമുടി മുറിച്ചെടുത്ത് വൃത്തിയുള്ള പ്ലാസ്റ്റിക് കവറിലാക്കി കാൻസർ സൊസൈറ്റിക്ക് നൽകാവുന്നതാണ്. ഇതിനായി കാൻസർ കെയർ ഗ്രൂപ്പിന്റെ സഹായം ആവശ്യമുള്ളവർക്ക് 33750999 നമ്പറിൽ ബന്ധപ്പെടാം.

