നാജിയയുടെ വിജയത്തിന് തിളക്കമേറെ
text_fieldsനാജിയ
മഞ്ചേരി: കാഴ്ച പരിമിതിയൊന്നും നാജിയയുടെ മികവിന് തടസ്സമായില്ല. ഹയർസെക്കൻഡറി പരീക്ഷ ഫലം ഫലം പുറത്തുവന്നപ്പോൾ 97 ശതമാനം മാർക്കോടെ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടി സ്കൂളിന്റെയും നാടിന്റെയും അഭിമാനമായിരിക്കുകയാണ് ഈ പാപ്പിനിപ്പാറ സ്വദേശിനി.
മഞ്ചേരി ഗവ. ഗേൾസ് ഹയർസെക്കൻഡറി സ്കൂളിലെ ഹ്യൂമാനിറ്റീസ് വിദ്യാർഥിനിയാണ്. 1200 ൽ 1167 മാർക്കും നേടിയ നാജിയ മലയാളത്തിൽ മുഴുവൻ മാർക്കും നേടി. എസ്.എസ്.എൽ.സി പരീക്ഷയിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയ ഇവർ എൻ.എം.എം.എസ് സ്കോളർഷിപ്പിനും അർഹത നേടിയിരുന്നു. പഠനത്തിനൊപ്പം പാഠ്യേതര വിഷയങ്ങളിലും കഴിവ് തെളിയിച്ച നാജിയ 75 ശതമാനം കാഴ്ചവെല്ലുവിളി നേരിടുന്നുണ്ട്.
ഈ വർഷത്തെ സംസ്ഥാന തല സ്പെഷ്യൽ സ്കൂൾ കലോത്സവത്തിൽ കഥാകഥനം, കഥാരചന എന്നിവയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. ഉപജില്ല സാമൂഹ്യശാസ്ത്രമേളയിൽ പ്രാദേശിക ചരിത്രരചനയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കിയ ഈ മിടുക്കി ഈ വിഭാഗത്തിൽ പങ്കെടുത്ത ആദ്യ കാഴ്ച പരിമിതയാണ്. പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദം നേടി അധ്യാപികയാവാനാണ് നാജിയയുടെ ആഗ്രഹം. അധ്യാപകരുടെയും കൂട്ടുകാരുടെയും പിന്തുണ കൊണ്ടാണ് മികച്ച വിജയം നേടാൻ സാധിച്ചതെന്ന് നാജിയ ‘മാധ്യമ’ത്തോട് പറഞ്ഞു.
മഞ്ചേരി പാപ്പിനിപ്പാറ കുന്നത്ത് നടുത്തൊടി വീട്ടിൽ നൂറുദ്ദീൻ-റാബിയ ദമ്പതികളുടെ മൂന്ന് മക്കളിൽ ഇളയവളാണ്. സഹോദരങ്ങളായ മുർഷിദ് (പി.എച്ച്.ഡി വിദ്യാർഥി), റിസ് വാൻ (ബിരുദ വിദ്യാർഥി) എന്നിവരും കാഴ്ച പരിമിതി നേരിടുന്നവരും പരിമിതികളെ അതിജീവിച്ച് പഠനത്തിൽ മികവ് തെളിയിക്കുന്നവരുമാണ്.