Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightLIFEchevron_rightYouthchevron_rightഇക്കൊല്ലം സ്വർണവിലയിൽ...

ഇക്കൊല്ലം സ്വർണവിലയിൽ 74% വർധന; എന്നാലും വിവാഹങ്ങൾക്ക് കോടികൾ പൊടിക്കാൻ ഇന്ത്യക്കാർ

text_fields
bookmark_border
ഇക്കൊല്ലം സ്വർണവിലയിൽ 74% വർധന; എന്നാലും വിവാഹങ്ങൾക്ക് കോടികൾ പൊടിക്കാൻ ഇന്ത്യക്കാർ
cancel
camera_alt

പ്രതീകാത്മക ചിത്രം

സ്വർണവും വെള്ളിയുമൊക്കെ റെക്കോർഡുകൾ ഭേദിച്ച് മുന്നോട്ട് കുതിച്ചതൊന്നും ഇന്ത്യൻ വിവാഹ ആഘോഷങ്ങളെ ബാധിച്ചിട്ടില്ലെന്ന് വിദഗ്ധർ. ഇൻസ്റ്റഗ്രാമിലേക്കുള്ള ഫോട്ടോഷൂട്ടുകളും ഡെസ്റ്റിനേഷൻ വെഡിങ്ങുമെല്ലാം ഈ വർഷം ഇന്ത്യൻ വിവാഹങ്ങളെ കൂടുതൽ ആഡംബരമാക്കി. 2025ൽ ഇന്ത്യക്കാരുടെ വിവാഹച്ചെലവ് എട്ട് ശതമാനം വർധിച്ചുവെന്ന് വെഡ്‌ടെക് പ്ലാറ്റ്‌ഫോമായ വെഡ്‌മെഗുഡിന്‍റെ കണക്കുകൾ വെളിപ്പെടുത്തുന്നു. അതായത് ശരാശരി ബജറ്റ് 39.5 ലക്ഷം രൂപ!

സെലിബ്രിറ്റികൾക്ക് പുറമേ മധ്യവർഗ കുടുംബങ്ങൾക്കിടയിലെ വിവാഹങ്ങളും കൂടുതൽ ആഡംബരമായി. ഡെസ്റ്റിനേഷൻ വിവാഹങ്ങൾ, സമൂഹമാധ്യമ കേന്ദ്രീകൃത ആഘോഷങ്ങൾ എന്നിവ 2026ലും തുടരുമെന്ന് വിദഗ്ധർ പറയുന്നു. ഈ വർഷത്തെ നാലിലൊന്ന് വിവാഹവും ഡെസ്റ്റിനേഷൻ വിവാഹമായിരുന്നുവെന്ന് വെഡ്മിഗുഡ് സഹസ്ഥാപകയായ മെഹക് ഷഹാനി പറഞ്ഞു. ഒരു കോടി രൂപയിൽ കൂടുതൽ ബജറ്റുള്ള വിവാഹങ്ങളിൽ 60 ശതമാനത്തിലധികവും ഡെസ്റ്റിനേഷൻ വിവാഹങ്ങളായിരുന്നു. ശരാശരി ഡെസ്റ്റിനേഷൻ വിവാഹ ചെലവ് 2024ലെ 51.1 ലക്ഷത്തിൽ നിന്ന് 2025ൽ 58 ലക്ഷമായി വർധിച്ചുവെന്നും അവർ കൂട്ടിച്ചേർത്തു. ഇന്ത്യയിൽ ജയ്പുർ, ഗോവ, ഉദയ്പുർ, ജയ്സാൽമീർ, ജോധ്പുർ, ഷിംല, മസ്സൂറി, ഋഷികേശ്, ജിം കോർബറ്റ്, ഡെറാഡൂൺ തുടങ്ങിയിടങ്ങളാണ് വിവാഹ വേദിയായി തെരഞ്ഞെടുക്കാൻ കൂടുതൽ പേർക്കും താൽപര്യം. രാജ്യങ്ങളിൽ ബാലി, തായ്‌ലൻഡ്, വിയറ്റ്നാം, മലേഷ്യ എന്നിവയും മുന്നിട്ടുനിൽക്കുന്നു.

വിവാഹഫോട്ടോഗ്രഫിയിലും മാറ്റങ്ങൾ വന്നു. ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സമൂഹ മാധ്യമ പ്ലാറ്റ്ഫോമുകൾക്കായി കാൻഡിഡ് ഫോട്ടോകളും ഡോക്യുമെന്‍ററി ശൈലിയിലുള്ള വിവാഹ വിഡിയോകളുമാണ് ഇപ്പോഴത്തെ ട്രെൻഡ്. മൊത്തത്തിലുള്ള വിവാഹ ചെലവ് വർധിച്ചപ്പോൾ വിവാഹ ഫോട്ടോഗ്രാഫിയിൽ അൽപം ചെലവ് കുറഞ്ഞു. 2024നെ അപേക്ഷിച്ച് ഈ വർഷം വിവാഹ ഫോട്ടോഗ്രാഫിയുടെ ചെലവ് 6.8 ശതമാനം കുറഞ്ഞതായി ആഡംബര വിവാഹ ഫോട്ടോഗ്രാഫി സ്ഥാപനമായ ഓംബ്രെയുടെ സഹസ്ഥാപകയായ ഹർഷീൻ ജമ്മു പറഞ്ഞു. മുൻവർഷങ്ങളെ അപേക്ഷിച്ച് വിവാഹ ഷൂട്ടുകളുടെ എണ്ണത്തിൽ 30–50 ശതമാനം കുറവുണ്ടായതായും ഹർഷീൻ കൂട്ടിച്ചേർത്തു.

സ്വർണത്തിന്റെയും വെള്ളിയുടെയും വില റെക്കോർഡ് ഉയരത്തിലെത്തിയതോടെ വിവാഹ ആഭരണ മേഖല വെല്ലുവിളികൾ നേരിട്ടു. 2025 ജനുവരി ഒന്നിനും ഡിസംബർ 22നും ഇടയിൽ സ്വർണവില 74 ശതമാനം ഉയർന്നു. അതേസമയം വെള്ളി വില 137 ശതമാനത്തിലധികം ഉയർന്നു. ഈ വർധന അടുത്ത സാമ്പത്തിക വർഷത്തിലെ മൊത്തത്തിലുള്ള ആഭരണ വിൽപ്പനയെ ബാധിക്കുമെന്ന് ജ്വല്ലറികളും മുന്നറിയിപ്പ് നൽകുന്നു.

അതേസമയം, റെക്കോർഡ് വിലകൾ പഴയ വിവാഹ ആഭരണങ്ങളുടെ പുനരുപയോഗത്തിന് കാരണമായി. സമീപ വർഷങ്ങളിൽ ആഭരണങ്ങളുടെ പുനരുപയോഗം കുത്തനെ ഉയർന്നതായും അടുത്ത സാമ്പത്തിക വർഷത്തിൽ വിവാഹ ആഭരണ വിപണി 2–3 ലക്ഷം കോടിയിലെത്തുമെന്നും ഓൾ ഇന്ത്യ ജെം ആൻഡ് ജ്വല്ലറി ഡൊമസ്റ്റിക് കൗൺസിൽ ചെയർമാൻ രാജേഷ് റോക്ഡെ അഭിപ്രായപ്പെട്ടു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PhotoShootWeddingsGoldWedding Destination
News Summary - Gold prices have increased by 74% this year; yet Indians are spending crores on weddings
Next Story