Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വയലിൻ വിസ്മയം തീർക്കാൻ ഗംഗ ശശിധരൻ ബഹ്‌റൈൻ കേരളീയ സമാജത്തിൽ

text_fields
bookmark_border
സെപ്റ്റംബർ 10ന് വൈകിട്ട് 7.30ന് പ്രത്യേക സംഗീതാവതരണം
വയലിൻ വിസ്മയം തീർക്കാൻ ഗംഗ ശശിധരൻ ബഹ്‌റൈൻ കേരളീയ സമാജത്തിൽ
cancel
camera_alt

ഗംഗ ശശിധരൻ

മനാമ: കർണാടക സംഗീതത്തിന്റെ മാധുര്യവും വയലിന്റെ വിസ്മയനാദവും കൊണ്ട് സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കിയ യുവ വയലിൻ പ്രതിഭ ഗംഗ ശശിധരൻ ബഹ്‌റൈനിലെ സംഗീതപ്രേമികൾക്കായി പ്രത്യേക സംഗീതാവതരണവുമായി എത്തുന്നു. ബഹ്‌റൈൻ കേരളീയ സമാജത്തിന്റെ ഓണാഘോഷമായ ശ്രാവണം 2026ന്റെ ഭാഗമായി സെപ്റ്റംബർ 10, വ്യാഴാഴ്ച വൈകിട്ട് 7.30ന് സമാജം വേദിയിലാണ് ഗംഗയുടെ പ്രത്യേക വയലിൻ പ്രകടനം അരങ്ങേറുന്നത്.

ചെറുപ്രായത്തിൽ തന്നെ കർണാടക സംഗീതരംഗത്ത് ശ്രദ്ധേയ സാന്നിധ്യമായി മാറിയ ഗംഗ, നാലര വയസ്സിൽ വയലിൻ പഠനം ആരംഭിച്ചു. നിരന്തരമായ പരിശീലനത്തിലൂടെയും സംഗീതസാധനയിലൂടെയും ദേശീയ-അന്തർദേശീയ വേദികളിൽ തന്റെ പ്രതിഭ തെളിയിച്ചുവരികയാണ്.

ഗുരുവായൂർ ശ്രീകൃഷ്ണ ക്ഷേത്രത്തിലെ ഏകാദശി ദിനത്തിൽ 2023-ൽ നടത്തിയ പ്രകടനത്തിലൂടെയാണ് ഗംഗ ശ്രദ്ധേയയായത്. തുടർന്ന് ഇന്ത്യയിലെ വിവിധ നഗരങ്ങളിലായി നിരവധി കച്ചേരികളിൽ പങ്കെടുത്ത ഗംഗ, ദുബൈ, ബഹ്‌റൈൻ ഉൾപ്പെടെയുള്ള അന്തർദേശീയ വേദികളിലും സംഗീതം അവതരിപ്പിച്ചിട്ടുണ്ട്. ചെറുപ്രായത്തിൽ തന്നെ 200ലധികം ശാസ്ത്രീയ സംഗീത കച്ചേരികളിൽ വയലിൻ അവതരിപ്പിച്ചിട്ടുള്ള ഗംഗയുടെ സംഗീതാവതരണങ്ങൾ സാമൂഹികമാധ്യമങ്ങളിലും ഏറെ ശ്രദ്ധ നേടിയിട്ടുണ്ട്.

പരമ്പരാഗത കർണാടക സംഗീത കൃതികളും കീർത്തനങ്ങളും അനായാസം അവതരിപ്പിക്കുന്ന ഗംഗ, സിനിമാഗാനങ്ങളുടെ മെഡ്‌ലികളും ഫ്യൂഷൻ സംഗീതവും അതേ മികവോടെ അവതരിപ്പിക്കുന്നു. സാങ്കേതിക മികവിനൊപ്പം സംഗീതത്തിലെ ഭാവവും ആവിഷ്‌കാരവും സമന്വയിപ്പിക്കുന്നതാണ് ഗംഗയുടെ അവതരണങ്ങളുടെ പ്രത്യേകത.

പ്രശസ്ത വയലിനിസ്റ്റും ഗണേഷ്–കുമരേഷ് സംഗീതജോടിയിലെ അംഗവുമായ ഗണേഷ് രാജഗോപാലന്റെ കീഴിലാണ് ഗംഗ ഇപ്പോൾ ഉയർന്ന തലത്തിലുള്ള സംഗീതപരിശീലനം തുടരുന്നത്.ഗംഗയുടെ സംഗീതപ്രതിഭയ്ക്ക് ലഭിച്ച പ്രധാന അംഗീകാരങ്ങളിലൊന്നാണ് ശൺമുഖാനന്ദ ഭാരത് രത്ന ഡോ. എം. എസ്. സുബ്ബുലക്ഷ്മി ഫെല്ലോഷിപ്പ് ഫോർ മ്യൂസിക് (2024–2026). പ്രശസ്ത പുല്ലാങ്കുഴൽ വിദ്വാൻ ഹരിപ്രസാദ് ചൗരസ്യയിൽ നിന്ന് മുംബൈയിൽ വെച്ച് ഫെല്ലോഷിപ്പ് ഏറ്റുവാങ്ങിയ ഗംഗ, ഈ കാലയളവിൽ ഈ ബഹുമതി ലഭിച്ച ഏറ്റവും പ്രായം കുറഞ്ഞ കലാകാരി, ഏക വയലിനിസ്റ്റ്, കേരളത്തിൽ നിന്നുള്ള ഏക കലാകാരി എന്നീ പ്രത്യേകതകളും സ്വന്തമാക്കി.

സംഗീതവും പഠനവും ഒരുപോലെ മുന്നോട്ടുകൊണ്ടുപോകുന്ന ഗംഗയുടെ സംഗീതയാത്ര ഇതിനകം തന്നെ നിരവധി യുവ കലാകാരന്മാർക്ക് പ്രചോദനമായിക്കഴിഞ്ഞു. സെപ്റ്റംബർ 10ന് വൈകിട്ട് 7.30ന് ബഹ്‌റൈൻ കേരളീയ സമാജത്തിൽ നടക്കുന്ന ഗംഗ ശശിധരന്റെ പ്രത്യേക വയലിൻ അവതരണം സംഗീതാസ്വാദകർക്ക് അപൂർവ അനുഭവമാകുമെന്ന് സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ, ശ്രാവണം കൺവീനർ ഹരികൃഷ്ണൻ ബി. നായർ എന്നിവർ അറിയിച്ചു.

കർണാടക സംഗീതത്തിന്റെ പാരമ്പര്യവും പുതുതലമുറയുടെ സംഗീതാവിഷ്‌കാരവും ഒരേ വേദിയിൽ ആസ്വദിക്കാൻ ബഹ്‌റൈനിലെ സംഗീതപ്രേമികൾക്ക് ലഭിക്കുന്ന മികച്ച അവസരമായിരിക്കും ഈ പരിപാടി. പ്രവേശനം സൗജന്യമാണ്, സംഘാടക സമിതി അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Ganga Sasidharan to perform violin at Bahrain Kerala Samajam
Next Story