ഉപ്പയുടെ നൊമ്പരങ്ങൾ പാടി ഫിസ മെഹ്റിൻ
text_fieldsഫിസ മെഹ്റിൻ
തൃശ്ശൂർ: വാപ്പയുടെ നൊമ്പരങ്ങൾ വിവരിക്കുന്ന ഉറുദു കവിത പാടി ഫിസ മെഹ്റിൻ. ഉപ്പയുടെ കൈപിടിച്ച് ആദ്യമായി സ്കൂളിൽ പോകുന്നതും മക്കൾക്ക് വേണ്ടി മെഴുകുതിരി പോലെ ഉരുകിതീരുകയും സ്വയം ജീവിക്കാൻ മറന്ന് മരണപ്പെടുകയും ചെയ്യുന്ന ഉപ്പമാരുടെ ജീവിതവും വിഷയമാക്കിയുള്ള 'ബാപ്പ' എന്ന കവിതയാണ് കോഴിക്കോട് ചക്കാലക്കൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി ഫിസ ആലപിച്ചത്.
ആറാം ക്ലാസ് മുതൽ തുടങ്ങിയതാണ് ഫിസക്ക് ഉറുദു കവിതയോടുള്ള കമ്പം. ആദ്യ തവണ ജില്ല മത്സരത്തിൽ പരാജയപ്പെട്ടെങ്കിലും കഴിഞ്ഞ വർഷം എ ഗ്രേഡോടെ ഒന്നാം സ്ഥാനത്തെത്തി. എന്നാൽ, യു.പി വിഭാഗം മത്സരങ്ങൾ ജില്ലാ തലത്തിൽ അവസാനിക്കുന്നത് കൊണ്ട് കഴിഞ്ഞ തവണ സംസ്ഥാന തലത്തിൽ പങ്കെടുക്കാൻ സാധിച്ചില്ല.
ഈ വർഷം ചിട്ടയായ പരിശീലനത്തിലൂടെ അതും മറികടക്കുകയായിരുന്നു ഈ എട്ടാം ക്ലാസുകാരി. ജില്ല, സംസ്ഥാന തലങ്ങളിൽ തന്നെക്കാൾ മുതിർന്നവരോട് മത്സരിച്ചാണ് ഫിസ എ ഗ്രേഡ് കരസ്ഥമാക്കി എന്നത് വിജയത്തിൻറെ മാധുര്യം കൂട്ടുന്നു. സംസ്ഥാന സ്കൂൾ കലോത്സവത്തിൽ ഒപ്പന മത്സരത്തിൽ പാട്ടുകാരിയായിരുന്നു ഫിസ.
വിമരിച്ച ഉറുദു അധ്യാപകനും കുടുംബ കാരണവരുമായ കാദർ മാഷിന്‍റെ ശിക്ഷണത്തിലാണ് ഫിസ കവിത അഭ്യസിച്ചത്. പി.എം. ഗവ. എൻ.ജി.ഒ ക്വാർട്ടേഴ്സ് ഹയർ സെക്കൻഡറി സ്കൂൾ അധ്യാപകനും ട്രെയ്നറുമായ ഫൈസൽ പുല്ലാളൂരിന്‍റെയും പി.കെ. ഹസീനയുടെയും രണ്ടാമത്തെ മകളാണ് ഫിസ. ഫൈഹ ഫാത്തിമ, ആമിന ഹൈസ, ഫില നെസൽ എന്നിവർ സഹോദരങ്ങൾ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

