14 വയസ്സുകാരോട് ഏറ്റുമുട്ടി 11കാരി സ്വർണം നേടി
text_fieldsട്രാക്കിൽ സ്പൈക് ധരിക്കുന്ന പൂജ
നീലേശ്വരം: കർഷക കുടുംബത്തിൽനിന്ന് വന്ന് 14 വയസ്സുകാരോട് ഏറ്റുമുട്ടി 11 വയസ്സുകാരി ട്രാക്കിൽ വിജയം കണ്ടു. പരിശീലനം മുഴുവനും നഗ്നപാദവുമായാണ് ചെയ്തത്. എസ്.വി.എം ജി.യു.പി.എസ് എടത്തോടിലെ ഏഴാം ക്ലാസ് വിദ്യാർഥിനി വി. പൂജയാണ് താരം. പരിശീലനത്തിന് പവിത്രൻ മാഷാണുള്ളത്. ജില്ല കായികമേളയിൽ മത്സരിക്കാൻവേണ്ടി മാത്രം സ്പൈക് വാങ്ങിയതാണെന്ന് വി. പൂജ പറഞ്ഞു.
സബ്ജൂനിയർ 600 മീറ്ററിൽ പെൺകുട്ടികളുടെ വിഭാഗത്തിൽ സ്വർണം നേടിയാണ് വലിയ കുട്ടികളെ അടിതെറ്റിച്ച് പൂജ മികവുതെളിയിച്ചത്. സബ് ജൂനിയർ ഗേൾസിൽ 400 മീറ്ററിൽ രണ്ടാം സ്ഥാനവും നേടിയിട്ടുണ്ട്. കൂടാതെ, ഹോസ്ദുർഗ് ഉപജില്ല കായികമേളയിൽ മൂന്നിനങ്ങളിൽ വ്യക്തിഗത ചാമ്പ്യനായിരുന്നു. പരിമിതമായ സൗകര്യത്തിനിടയിലും മുന്നേറാനുള്ള പൂജയുടെ കഴിവിനെ സഹപാഠികളും അധ്യാപകരും കൈയടിക്കുന്നു. കർഷകനായ സുകുമാരൻ-നീതു ദമ്പതികളുടെ മകളാണ്.

