ഡാവിഞ്ചിക്ക് ‘ഡാവിഞ്ചി’യെ സമ്മാനിച്ച് ഡാവിഞ്ചി
text_fieldsബാലതാരം ഡാവിഞ്ചിയെ കാൻവാസിൽ പകർത്തുന്ന ഡാവിഞ്ചി സുരേഷ്
കൊടുങ്ങല്ലൂർ: സംസ്ഥാന ചലച്ചിത്ര അവാർഡ് കരസ്ഥമാക്കിയ ബാലനടൻ ഡാവിഞ്ചിയെ കാൻവാസിൽ പകർത്തി കൊടുങ്ങല്ലൂരിന്റെ ഡാവിഞ്ചി സുരേഷ്. തുടർന്ന് ചിത്രം ഡാവിഞ്ചിക്ക് സമ്മാനിച്ചു.
‘പല്ലൊട്ടി’ സിനിമയിലെ അഭിനയത്തിന് മികച്ച ബാലതാരത്തിനുള്ള അവാര്‍ഡിന് അര്‍ഹനായ ഡാവിഞ്ചിയുടെ വെള്ളാങ്കല്ലൂരിലെ വീട്ടിൽ സുഹൃത്തുക്കളോടൊപ്പം എത്തി ലൈവായാണ് ഡാവിഞ്ചി സുരേഷ് ചിത്രം വരച്ചത്. ഡാവിഞ്ചിയെ ചെറുപ്രായം മുതല്‍ ബന്ധുക്കൾ മുഖേന ഡാവിഞ്ചി സുരേഷിന് അറിയാം.
കാമറമാന്‍ സിംബാദ്, രാകേഷ് പള്ളത്, ഫെബി എന്നിവരും ‘പല്ലൊട്ടി’ സിനിമയിലെ അണിയറപ്രവര്‍ത്തകരും ബാലതാരം ഡാവിഞ്ചിയുടെ വീട്ടില്‍ ഉണ്ടായിരുന്നു. സംസ്ഥാന അവാര്‍ഡ് പ്രഖ്യാപിച്ച ഉടൻ, തന്റെ മകനാണ് ഡാവിഞ്ചി എന്ന ധാരണയിൽ നിരവധി ഫോണ്‍ കാളുകളാണ് വന്നതെന്ന് ഡാവിഞ്ചി സുരേഷ് പറഞ്ഞു. തന്റെ യഥാർഥ പേര് സുരേഷ് എന്നാണെന്നും ഡാവിഞ്ചി എന്നത് തൂലികനാമമാണെന്നും ഡാവിഞ്ചി സുരേഷ് വ്യക്തമാക്കി.

