അറബിക് റീഡിങ് ചലഞ്ച്: ഫൈനലിൽ ഇടം നേടി മലയാളി
text_fieldsമുഹമ്മദ് സാബിത്ത്
ദുബൈ: 50 രാജ്യങ്ങൾ മാറ്റുരക്കുന്ന ലോകത്തെ ഏറ്റവും വലിയ വായനമത്സരമായ അറബിക് റീഡിങ് ചലഞ്ചിന്‍റെ ഫൈനലിൽ ഇന്ത്യൻ പ്രതിനിധിയായി മലയാളി വിദ്യാർഥി. മലപ്പുറം വാണിയമ്പലം സ്വദേശിയും മഅ്ദിൻ മോഡൽ അകാദമി വിദ്യാർഥിയുമായ മുഹമ്മദ് സാബിത്താണ് മൂന്നു കോടി കുട്ടികൾ മാറ്റുരച്ച മത്സരത്തിന്‍റെ ഫൈനലിൽ ഇടം നേടിയത്.
അറബി മാതൃഭാഷയല്ലാതെ ഫൈനലിൽ ഇടം നേടിയ രണ്ടുപേരിൽ ഒരാൾ കൂടിയാണ് മുഹമ്മദ് സാബിത്. വാണിയമ്പലം ഷറഫുദ്ദീൻ - നസീബ ദമ്പതികളുടെ മകനാണ്. ദുബൈയിൽ നടക്കുന്ന ചലഞ്ചിന്‍റെ അവസാനഘട്ട ജേതാക്കളെ വ്യാഴാഴ്ച യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂം പ്രഖ്യാപിക്കും. 21 മുതൽ 23 വരെ ദുബൈ വേൾഡ് ട്രേഡ് സെന്‍ററിലാണ് മത്സരങ്ങൾ നടക്കുന്നത്. മത്സരത്തിൽ ഒന്നാം സ്ഥാനം നേടുന്ന വിദ്യാർഥിക്ക് 1.37 ലക്ഷം യു.എസ്. ഡോളർ (ഏകദേശം 1.12 കോടി രൂപ) രൂപയാണ് സമ്മാനം.
ഇന്ത്യയിൽ നിന്ന് രണ്ടാം സ്ഥാനത്തിന് അർഹനായ മഅ്ദിൻ വിദ്യാർഥി നാസിഹ് മുഹിയുദ്ദീനും മൂന്നാം സ്ഥാനക്കാരി ന്യൂഡൽഹിയിലെ സൗദി സ്കൂൾ വിദ്യാർഥിനി അസീസ അബ്ദുൽ മജീദും സമാപന ചടങ്ങിൽ സാബിത്തിനോടൊപ്പം പങ്കെടുക്കും. അഞ്ച് കോടി പുസ്തകങ്ങൾ വിദ്യാർഥികളെക്കൊണ്ട് വായിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ശൈഖ് മുഹമ്മദ് ബിൻ റാശിദ് ആൽ മക്തൂമിന്റെ നേതൃത്വത്തിൽ 2015ൽ ആരംഭിച്ചതാണ് അറബിക് റീഡിങ് ചാലഞ്ച്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

