ട്രെന്‍ഡി ഇയര്‍ കഫ്

21:08 PM
23/10/2015

കാതു മുഴുവന്‍ അലപോലെ തിളങ്ങുന്ന വെള്ളിമിന്നുകളിട്ട ഉമ്മച്ചിമാരെ കണ്ടിട്ടില്ലേ, എന്തു ചേലാണല്ലേ ആ വെള്ളിച്ചിറ്റുകള്‍ക്ക്. അതുപോലെ കാതില്‍ നിറയെ ആഭരണമിടണമെന്ന് നിങ്ങള്‍ക്കും തോന്നിയിട്ടില്ലേ? സുന്ദരിയാകാന്‍ കമ്മലിന്‍റെ നീളവും വലിപ്പവും കൂട്ടിയും കുറച്ചും കാതിന്‍റെ മുകളിലേക്ക് രണ്ടോ മൂന്നോ മേല്‍ക്കാത് കുത്തിയും മടുത്തോ, എന്നാല്‍ വിഷമിക്കേണ്ട നിങ്ങളെ തേടി പുതിയ കര്‍ണാഭരണം വിപണിയിലെത്തി കഴിഞ്ഞു.  ഉമ്മച്ചിയുടെ വെള്ളിചിറ്റുകള്‍ പോലെ കാത് മുഴുവന്‍ അലങ്കരിക്കുന്ന കാതിലോല.

കാത് മുഴുവന്‍ കുത്താതെ തന്നെ ഉപയോഗിക്കാവുന്ന ഇയര്‍ കഫാണ് ന്യൂജെന്‍ താരം. സ്വര്‍ണത്തിലും വെള്ളിയിലും ടൈറ്റാനിയത്തിലും ഗ്ലാസിലും തീര്‍ത്ത ഇയര്‍ കഫ് കാതഴകിനെ അനുപമമാക്കുന്നു. കമ്മലിടുന്ന ഭാഗത്തു നിന്നു കാതിന്‍റെ മുകള്‍ ഭാഗം വരെ പടര്‍ന്നു നില്‍ക്കുന്നവയും കാതിന്‍റെ പിറകിലൂടെ അണിയാവുന്നതുമായ ഡിസൈനുകളില്‍ ഇയര്‍ കഫുകള്‍ വിപണിയിലെ ത്തിയിട്ടുണ്ട്.  കാതില്‍ തുളയില്ളെങ്കിലും ഇയര്‍ കഫുകള്‍ ഉപയോഗിക്കാം. വീണു പോകുമെന്ന പേടിവേണ്ട. ഇയര്‍ കഫിന്‍റെ താഴെയും മുകളിലുമായി കാതില്‍ പ്രസ് ചെയ്ത് പിടിപ്പിക്കാവുന്ന ഭാഗമുണ്ട്. ഈ ഭാഗം കാതിനുവേണ്ട ഇറുക്കം നല്‍കുന്നു.

മെറ്റല്‍ വര്‍ക്കില്‍ സ്റ്റോണും ഇനാമല്‍ പെയിന്‍റും ചേര്‍ന്ന് തേന്‍വല്ലി പോലെയുള്ളവ കാതില്‍ മുക്കാല്‍ ഭാഗവും മറക്കും. പാറികളിക്കുന്ന ചിത്രശലഭമായും പൂക്കുലയും നക്ഷത്ര കൂട്ടവും തൂങ്ങി കിടക്കുന്ന മാലാഖ ചിറകും തീതുപ്പുന്ന വ്യാളിയുമെല്ലാം ഇയര്‍ കഫിലെ വൈവിധ്യങ്ങളാണ്. പറ്റിപിടിച്ചു നില്‍ക്കുന്ന കമ്മലുകള്‍ പലര്‍ക്കും ഇഷ്ടമാകണമെന്നില്ല. അതിനാല്‍ ഹാങ്ങിങ് ഇയര്‍ കഫുകളും വിപണിയിലുണ്ട്. കാത് മുഴുവന്‍ മറക്കാന്‍ താല്‍പര്യമില്ലാത്തവര്‍ നിരാശരാകേണ്ട. കാതിന്‍റെ നടുഭാഗത്ത് പിടിപ്പിക്കാവുന്ന ഇയര്‍ കഫ് ഡിസൈനുകളുമുണ്ട്. ലളിതമായി അണിയാന്‍ അലങ്കാര റിങ് കഫുകള്‍ ഉപയോഗിക്കാം. റിങ് കഫുകളില്‍ ചെറിയ തൂങ്ങലുകളുള്ള ഡിസൈനിനും പ്രിയമേറെയാണ്. സിംപ്ള്‍ റിങ്ങില്‍ തൂങ്ങി കിടക്കുന്ന ഒരു കുഞ്ഞുനക്ഷത്രം എത്ര മനോഹരമായിരിക്കുമല്ലേ?

സ്വര്‍ണ നിറമുള്ള ഉടലും നീലച്ചിറകുമായി പറന്നുയരുന്ന മയിലിന്‍റെ ഡിസൈനിലുള്ള ഇയര്‍ കഫിന് 360 രൂപയാണ് വില. വളഞ്ഞു പുളഞ്ഞ് കിടക്കുന്ന മെഹന്തി കളര്‍ ഡ്രാഗന്‍ ഇയര്‍ കഫിന് 350 രൂപ വരും. സ്റ്റോണ്‍ വര്‍ക്കുള്ളവക്ക് 600 രൂപ മുതലാണ് വില വരുന്നത്. മൂന്നോ നാലോ ചെയിനുകള്‍ മാത്രം കഫായി നില്‍ക്കുന്നവക്ക് 250 രൂപ മുതലാണ് വില. 150 രൂപ മുതലുള്ള വൈവിധ്യമാര്‍ന്ന ഇയര്‍ കഫുകള്‍ വിപണിയില്‍ ലഭിക്കും. വസ്ത്രങ്ങള്‍ക്ക് യോജിച്ച ഇയര്‍ കഫുകള്‍ തെരഞ്ഞെടുക്കാവുന്നതാണ്. ചുരിദാറിനും സാരിക്കും സ്റ്റോണ്‍ വര്‍ക്കുള്ളതു ചേരും. ജീന്‍സ്, കുര്‍ത്ത എന്നിവക്ക്  ഒരു വ്യത്യസ്ത ഭാഗം നല്‍കാന്‍ സിംപ്ള്‍ സ്റ്റാര്‍ ഡിസൈനോ ഡിസൈന്‍ ചെയ്ന്‍ ഹാങ്ങിങ് മോഡലോ ഉപയോഗിക്കാവുന്നതാണ്. കാത് മുഴുവന്‍ പൂത്തുലയുന്നതിന്‍റെ ഭംഗി നിങ്ങളും ആസ്വദിക്കൂ...

തയാറാക്കിയത്: ദീപ്തി വി.ആര്‍

COMMENTS