അടിയന്തരാവസ്ഥയിലെ മൊട്ടകൾ ഒത്തുചേർന്നു; ഇരുണ്ട ഓർമകൾ പങ്കുവെക്കാൻ
text_fieldsഅടിയന്തരാവസ്ഥക്കെതിരെ പ്രതിഷേധിച്ചവർ ശ്രീകണ്ഠപുരത്ത് ഒത്തുചേർന്നപ്പോൾ
ശ്രീകണ്ഠപുരം: പൊലീസ് സ്റ്റേഷനിൽ കൊണ്ടുപോയി മൊട്ടയടിച്ചു, ക്രൂരമായി മർദിച്ചു, ശേഷം ഉടുതുണി അഴിച്ച് തളിപ്പറമ്പ് ടൗണിലേക്ക് ഓടിച്ചു... അടിയന്തരാവസ്ഥക്കാലത്തെ ഭീതിപ്പെടുത്തിയ ഓർമകൾ കടലിരമ്പത്തോടെ പങ്കുവച്ച് അവർ വീണ്ടും ശ്രീകണ്ഠപുരത്ത് ഒത്തുകൂടി.
1971 ജൂൺ 25ന് നിലവിൽ വന്ന അടിയന്തരാവസ്ഥക്കെതിരെ ജൂലൈ 11ന് പ്രതിപക്ഷ വിദ്യാർഥി സംഘടനകളുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. അന്ന് തളിപ്പറമ്പ് സർ സയ്യിദ് കോളജിലെ പ്രീഡിഗ്രി വിദ്യാർഥികളായിരുന്നു അവർ. 19 പേർ കോളജിൽ പഠിപ്പുമുടക്കി പ്രകടനം നടത്തി. 10 മണി കഴിഞ്ഞപ്പോൾ അന്നത്തെ തളിപ്പറമ്പ് എസ്.ഐ അബൂബക്കറുടെ നേതൃത്വത്തിൽ പൊലീസെത്തി അറസ്റ്റ് ചെയ്തു.
സ്റ്റേഷന് പിറകിലെത്തിച്ച് അടിവസ്ത്രം ഒഴികെയുള്ള വസ്ത്രങ്ങൾ അഴിപ്പിച്ചു. പിന്നെ ക്രൂരമായ മർദനം. ശേഷം തല മുടി വികൃതമായി മുറിച്ചു. ചിലരെ മൊട്ടയടിച്ചു. എസ്.പി ജോസഫ് തോമസ്, ഡിവൈ.എസ്.പി മൂസത് എന്നിവരുടെ മേൽനോട്ടത്തിലായിരുന്നു മർദനം. എസ്.എഫ്.ഐ നേതാവ് കെ. ജയരാജൻ, കെ.എസ്.സി നേതാവ് വി.ജെ. സ്കറിയ എന്നിവരെ രാജ്യരക്ഷാ നിയമപ്രകാരം ജയിലിലടച്ചു.
ബാക്കി 17 പേരെ പെരുമഴയത്ത് അടിവസ്ത്രം മാത്രം ധരിപ്പിച്ച് ടൗണിലൂടെ രണ്ടുകിലോമീറ്റർ നടത്തിച്ചു. ഒരാഴ്ചക്ക് ശേഷം സംഭവമറിഞ്ഞ് എ.കെ.ജി തളിപ്പറനിലെത്തി ഞങ്ങളെ എട്ടുപേരെ നേരിൽ കണ്ടു. അന്ന് ഞങ്ങളുടെ ഫോട്ടോയെടുത്ത് ലോക്സഭയിൽ ഉയർത്തി കാണിച്ച് അദ്ദേഹം പ്രസംഗിക്കുകയും ചെയ്തിരുന്നു. കോളജ് പിരിഞ്ഞ ശേഷം ഞങ്ങളാരും കണ്ടിരുന്നില്ല. പിന്നീട് 2019 ജനുവരി 20ന് കണ്ണൂരിൽ വെച്ചാണ് വീണ്ടും ഒത്തുകൂടിയത്. അവർ പറഞ്ഞു.
കോൺഗ്രസ് ജില്ലാ ജന. സെക്രട്ടറി പി.എസ്.ജോസഫ്, വി.ജെ. സ്കറിയ, അഭിഭാഷകനും നോവലിസ്റ്റുമായ പി.കെ.വിജയൻ, പത്രപ്രവർത്തകൻ കെ. സുനിൽകുമാർ, പി.പി. രമേശൻ, കെ.എ. മാത്യു, ജോസ് ചുക്കനാനി, ജോർജ് ജോസഫ്, ടി.ഡി. സെബാസ്റ്റ്യൻ, സിറിയക് മാത്യു, ടി.വി. ജോൺ, ജോൺ ആന്റണി എന്നിവരാണ് വീണ്ടും ഒത്തുചേർന്നത്. സ്ഥലത്തില്ലാത്തതിനാലും അസുഖമുള്ളതിനാലും കെ. ജയരാജൻ, ജനാർദനൻ, മധുസൂദനൻ, റഫീഖ്, തോമസ് മാനുവൽ, കെ.ജെ. ജോൺ എന്നിവർക്ക് പങ്കെടുക്കാനായില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

