നോവോർമകളേ ഇരുളിൽ മായൂ; അവർ സുഖമായിരിക്കുന്നു
text_fieldsഉരുൾദുരന്തത്തിനിരയായ കുട്ടികൾക്കായി ശിശു സംരക്ഷണ വകുപ്പ് ഒരുക്കിയ ‘കുട്ടിയിടം’ ക്യാമ്പിൽനിന്ന്
മുണ്ടക്കൈ (വയനാട്): ഉരുളിന്റെ ഭീകരമായ ഓർമകൾക്കുമേൽ മറവിയുടെ കമ്പളം പുതക്കുകയാണ് നാട്. 298 പേരെ എന്നന്നേക്കുമായി ഇല്ലാതാക്കിയ മുണ്ടക്കൈ ഉരുൾദുരന്തത്തിന് ഇന്ന് രണ്ടാണ്ട്. 2024 ജൂലൈ 30ന് പുഞ്ചിരിമട്ടം മലയുടെ ഉച്ചിയിൽനിന്നടർന്നുവന്ന ഉരുൾ ഇല്ലാതാക്കിയവരിൽ ഈ കുഞ്ഞുങ്ങളുടെ മാതാപിതാക്കളുമുണ്ടായിരുന്നു. രണ്ടുവർഷങ്ങൾക്കിപ്പുറം ഈ കുട്ടികളെല്ലാം ഉറ്റ ബന്ധുക്കളുടെ സംരക്ഷണയിൽ സുഖമായിരിക്കുന്നു.
ദുരന്തത്തിൽ അച്ഛനും അമ്മയും മരണപ്പെട്ടുവെന്നത് ഇവരെ അറിയിക്കുകയായിരുന്നു ഏറ്റവും വലിയ വെല്ലുവിളിയെന്ന് അധികൃതർ പറയുന്നു. വീട് ഒഴുകിപ്പോയെന്നാണ് ആദ്യം പറഞ്ഞത്. ആഴ്ചകൾക്ക് ശേഷം അയൽവീട്ടുകാർ മരണപ്പെട്ടുവെന്നും. കുട്ടികൾ ഇതിനോട് പൊരുത്തപ്പെട്ടതോടെയാണ് സ്വന്തം മാതാപിതാക്കളുടെ കാര്യം അറിയിച്ചത്. അപ്പോഴേക്കും അവർ മറ്റുള്ളവരുമായി ഇടപെട്ട് കുട്ടിത്തത്തിന്റെ സന്തോഷങ്ങളിലേക്ക് മാറിയിരുന്നു.
ദുരന്തത്തിൽ മാതാവിനെയും പിതാവിനെയും നഷ്ടപ്പെട്ടത് ഏഴ് കുട്ടികൾക്കാണ്. ഇതിൽ മൂന്നുപേർക്ക് 18 വയസ്സ് കഴിഞ്ഞു. ബാക്കിയുള്ളവർ കിൻഷിപ് ഫോസ്റ്റർ കെയർ പദ്ധതിയുടെ സംരക്ഷണത്തിലാണ്. കുട്ടികളെ ഉറ്റബന്ധുക്കൾ സ്വന്തം കുടുംബാംഗങ്ങളെപ്പോലെ ഏറ്റെടുത്ത് സംരക്ഷിക്കുന്ന രീതിയാണിത്. എല്ലാവരും സ്കൂളിൽ പോകുന്നുണ്ട്. പ്രായപൂർത്തിയായ മൂന്നുപേരിൽ ഒരാൾ ബിരുദത്തിനും രണ്ടുപേർ പ്ലസ്ടുവിനും പഠിക്കുന്നു. രക്ഷിതാക്കൾ നഷ്ടപ്പെട്ട ആകെ കുട്ടികൾ 21 ആണ്. ഇവർക്ക് സർക്കാർ അനുവദിച്ച പഠന സഹായത്തുകയായ 2.1 കോടി രൂപയിൽ 1.60 കോടി വയനാട് ജില്ല കലക്ടറുടെ പേരില്‍ ട്രഷറിയില്‍ സ്ഥിരനിക്ഷേപം നടത്തി. 11 കുട്ടികൾക്ക് പിതാവും മൂന്ന് കുട്ടികൾക്ക് മാതാവുമാണ് നഷ്ടമായത്.
കൽപറ്റയിലെ ടൗൺഷിപ്പിൽ കുട്ടികൾക്ക് പുതിയ വീടുകളുണ്ട്. മാതാപിതാക്കൾ നഷ്ടപ്പെട്ടവർക്ക് 10 ലക്ഷവും ആരെങ്കിലും ഒരാൾ നഷ്ടപ്പെട്ടവർക്ക് അഞ്ച് ലക്ഷം രൂപയും സംസ്ഥാന സർക്കാർ നൽകി. എല്ലാ കുട്ടികളുടെയും ക്ഷേമകാര്യങ്ങൾ കൃത്യമായ ഇടവേളകളിൽ ഉറപ്പുവരുത്തുന്നുണ്ടെന്നും എല്ലാവരും ദുരന്തഓർമകളിൽ നിന്ന് മോചിതരായിട്ടുണ്ടെന്നും ജില്ല ശിശു സംരക്ഷണ ഓഫിസർ കാർത്തിക അന്ന തോമസ് ‘മാധ്യമ’ത്തോട് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

