വേരുകൾ തിരിച്ചുപിടിച്ച് ദേശം
text_fieldsകൽപറ്റ: മുണ്ടക്കൈ ഉരുൾദുരന്തത്തിന് ഇന്ന് രണ്ട് വർഷം തികയുകയാണ്. 298 പേരുടെ മരണത്തിനും മുണ്ടക്കൈ, ചൂരൽമല മേഖലകളുടെ സർവനാശത്തിനും കാരണമായ ദുരന്തത്തിന്റെ ഓർമകൾ മറക്കാൻ ശ്രമിക്കുകയാണ് നാട്. ഇനിയൊരു ദുരന്തംകൂടി വരാതിരിക്കാനുള്ള മുൻകരുതൽ വേണമെന്നാണ് എല്ലാവരുടെയും ആവശ്യം.
ഇനിയും ദുരന്ത കേന്ദ്രമാകരുത് മേപ്പാടി
മേപ്പാടി: കഴിഞ്ഞ എട്ടുവർഷത്തിനിടയിൽ നാല് പ്രകൃതി ദുരന്തങ്ങളാണ് മേപ്പാടി മേഖലയിലുണ്ടായത്. 323 പേർക്കാണ് ദുരന്തങ്ങളിൽ ജീവൻ നഷ്ടമായത്. 2019 ആഗസ്റ്റ് എട്ടിനുണ്ടായ പുത്തുമല ഉരുൾപൊട്ടലിൽ 17 പേരാണ് മരിച്ചത്. 2020ൽ മുണ്ടക്കൈ പുഞ്ചിരിമട്ടത്ത് ഉരുൾപൊട്ടലുണ്ടായെങ്കിലും ആളപായം ഉണ്ടായില്ല. മൂന്നു വീടുകൾ പൂർണമായും തകർന്നു. 2024 ജൂലൈ 30നുണ്ടായ ദുരന്തത്തിൽ 298 പേർക്ക് ജീവൻ നഷ്ടപ്പെട്ടു. ഈ വർഷം ജൂലൈ ഏഴിനുണ്ടായ കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ എട്ടുപേർക്കാണ് ജീവൻ നഷ്ടമായത്. ഈ ദുരന്തങ്ങളെല്ലാം നടന്നത് വെള്ളരിമല വില്ലേജ് പരിധിയിലാണ്.
തീവ്ര മഴയാണ് ദുരന്തങ്ങൾക്ക് കാരണമാകുന്നതെങ്കിൽ ജില്ലയുടെ മറ്റുഭാഗങ്ങളിലും വെള്ളരിമല വില്ലേജ് പരിധിയിൽ രേഖപ്പെടുത്തുന്ന അതേ അളവിലോ, അതിൽ കൂടുതലോ മഴ ലഭിക്കുന്നുണ്ട്. മാനന്തവാടി താലൂക്കിന്റെ പല ഭാഗങ്ങളിലും ഈ രീതിയിൽ ശക്തമായ മഴ ലഭിക്കുന്നുണ്ട്.
എന്നാൽ, അവിടെയൊന്നും ഇത്തരം തുടർച്ചയായ അപകടങ്ങൾ ഉണ്ടായിട്ടില്ല. മുണ്ടക്കൈ, പുത്തുമല, കള്ളാടി ദുരന്തങ്ങൾ ഉണ്ടായ അതേദിവസം പ്രദേശത്ത് 200 മില്ലിമീറ്ററിൽ കൂടുതൽ മഴ പെയ്തിട്ടുണ്ട്. അതിതീവ്ര മഴയെ തുടർന്നാണ് ദുരന്തങ്ങളുണ്ടായത്.
എന്നാൽ, ദുരന്തങ്ങൾ മുൻകൂട്ടി മനസ്സിലാക്കുന്നതിനുള്ള യാതൊരുവിധ സംവിധാനവും മേഖലയിലില്ല. ദുരന്തങ്ങൾ ആവർത്തിച്ചിട്ടും ജില്ല ഭരണകൂടമോ മേപ്പാടി പഞ്ചായത്ത് പ്രാദേശികമായോ ഇത്തരം സംവിധാനങ്ങൾ ഒന്നും ഒരുക്കിയിട്ടില്ല. കള്ളാടി ദുരന്തസമയത്ത് പോലും മേപ്പാടി സ്കൂളിൽ സജ്ജമാക്കിയ കവചം മുന്നറിയിപ്പ് സംവിധാനം പ്രവർത്തിച്ചില്ലെന്ന ആക്ഷേപവും ഉയരുന്നുണ്ട്. മഴ കൂടുതലായി റിപ്പോർട്ട് ചെയ്താൽ ആളുകളെ മാറ്റിപ്പാർപ്പിക്കുന്നതിന് നടപടി ഉണ്ടാകുന്നില്ലെന്ന ആരോപണവും ഉയരുന്നു.
മേഖലയിൽ പ്രകൃതി ദുരന്തങ്ങൾ ആവർത്തിക്കുന്നതിന്റെ കാരണം ശാസ്ത്രീയ പഠനത്തിലൂടെ കണ്ടെത്തി ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന ആവശ്യമാണുയരുന്നത്. അതീവ പരിസ്ഥിതി ദുർബല പ്രദേശമാണിത്. അപകട സാധ്യതാ മേഖലകൾ കൃത്യമായി കണ്ടെത്തി ആളുകളെ മാറ്റിപ്പാർപ്പിക്കാൻ പദ്ധതി ഒരുക്കണമെന്ന ആവശ്യവും ശക്തമാണ്.
ഒരുങ്ങുന്നു പാതകൾ ചൂരൽമല-അട്ടമല റോഡ് നവീകരിച്ചു
ചൂരൽമല: ഉരുൾപൊട്ടലിൽ തകർന്ന അടിസ്ഥാന സൗകര്യങ്ങളുടെ പുനർനിർമിതി നടക്കുകയാണ്. ചൂരൽമല-മുണ്ടക്കൈ പ്രദേശത്തെ റോഡുകൾ മികച്ച നിലവാരത്തിൽ നവീകരിക്കുകയാണ്. എട്ട് റോഡുകൾ 24 കോടി രൂപ വിനിയോഗിച്ചാണ് പുനർനിർമിക്കുന്നത്.
ചൂരൽമല-അട്ടമല റോഡിന്റെ പ്രവൃത്തി പൂർത്തിയാക്കി. ഒമ്പത് കോടി രൂപ വിനിയോഗിച്ച് അത്യാധുനിക നിലവാരത്തിൽ ബി.എം ആൻഡ് ബി.സി റോഡാണ് യാഥാർഥ്യമാക്കിയത്. ചൂരൽമലയിൽനിന്ന് അട്ടമലയിലേക്കുള്ള 2.5 കിലോമീറ്റർ റോഡാണിത്. വീതി വർധിപ്പിച്ച് 3.80 മീറ്ററാക്കി വശങ്ങളിൽ കോൺക്രീറ്റ് ചുവരുകളൊരുക്കി കല്ലിട്ട് കെട്ടിയാണ് തേയിലതോട്ടങ്ങൾക്കിടയലൂടെ മനോഹര പാത ഒരുക്കിയത്. രണ്ടുകിലോമീറ്ററോളം ഡ്രെയ്നേജും എട്ട് കൾവർട്ടുകളും നിർമിച്ചു.
വെള്ളാർമല-പടവെട്ടി റോഡ്, മുണ്ടക്കൈ-പുഞ്ചിരിമട്ടം, ഗോപിമൂല-വില്ലേജ് ഓഫിസ്, വില്ലേജ് ഓഫിസ്-ഡാംസൈറ്റ് എന്നീ റോഡുകളുടെ പ്രവൃത്തി ആരംഭിച്ചു. വെള്ളാർമല-പടവെട്ടി, ഗോപിമൂല-വില്ലേജ് ഓഫിസ് റോഡ് എന്നിവിടങ്ങളിൽ കൾവർട്ടും സംരക്ഷണഭിത്തിയുമായി.
മുണ്ടക്കൈ-പുഞ്ചിരിമട്ടം റോഡിൽ 300 മീറ്റർ കോൺക്രീറ്റിന്റെ ആദ്യപാളിയുടെ പ്രവൃത്തി കഴിഞ്ഞു. പുഞ്ചിരിമട്ടം-വനറാണി, ജി.എൽ.പി.എസ്-എട്ടാം നമ്പർ എന്നീ റോഡുകളുടെ പ്രവൃത്തി ആരംഭിച്ചു. ചൂരൽമല-മുണ്ടക്കൈ, പുഞ്ചിരിമട്ടം-വനറാണി, ജി.എൽ.പി.എസ്-എട്ടാം നമ്പർ റോഡുകളുടെ പ്രവൃത്തി ഉടൻ ആരംഭിക്കുമെന്നും അധികൃതർ അറിയിച്ചു.
വീണ്ടുമുയർന്നു അംഗൻവാടി
ചൂരൽമല: ഉരുൾ ദുരന്തത്തിൽ തകർന്ന അംഗൻവാടിയും സ്കൂളും ഉൾപ്പെടെയുള്ളവ പുനർനിർമിക്കുകയാണ്. ഉരുൾപൊട്ടലിൽ തകർന്ന അംഗൻവാടി ഇതിനകം പുനർനിർമിച്ചു. അംഗൻവാടിയോട് ചേർന്ന് വെള്ളാർമല വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂളും മുണ്ടക്കൈ എൽ.പി സ്കൂളും പുനർനിർമിക്കുന്നുണ്ട്.
ഒരു കുടക്കീഴിൽ നിരവധി സർക്കാർ സേവനകേന്ദ്രങ്ങളാണ് ഇവിടെ ഒരുങ്ങുന്നത്. വില്ലേജ് ഓഫീസ്, കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ഉപകേന്ദ്രം, വെറ്ററിനറി പോളിക്ലിനിക്, ക്ഷീര സൊസൈറ്റി, ജലവിതരണ പദ്ധതി തുടങ്ങിയവയുടെ നിർമാണം ഉടൻ ആരംഭിക്കും. ഇവയ്ക്കായി 17.5 കോടി രൂപ എൽ.ഡി.എഫ് സർക്കാറിന്റെ കാലത്ത് അനുവദിച്ചിരുന്നു. ഓഡിറ്റോറിയവും അനുബന്ധ സൗകര്യങ്ങളും ഉൾക്കൊള്ളിച്ച് 3.5 കോടിരൂപ വിനിയോഗിച്ച് ദുരിതാശ്വാസ ഷെൽട്ടറും നിർമിക്കുന്നുണ്ട്.
സ്കൂളുകളുടെ നിർമാണം ആഗസ്റ്റിൽ ആരംഭിക്കാനാണ് പദ്ധതി. മുണ്ടക്കൈ ഗവ. എൽ.പി സ്കൂളിന് നാലുകോടി രൂപയും വെള്ളാർമല വൊക്കേഷനൽ ഹയർ സെക്കൻഡറിക്ക് എട്ടുകോടി രൂപയും അനുവദിച്ചിരുന്നു. 10 ക്ലാസ് മുറി, ലൈബ്രറി, ഓഡിറ്റോറിയം, വിവിധ ലാബുകൾ, ഓഫിസ്, സ്റ്റാഫ്മുറി, ഭക്ഷണകേന്ദ്രം, ശുചിമുറികൾ തുടങ്ങിയവയെല്ലാം ഉൾക്കൊള്ളിച്ചാണ് കെട്ടിടം നിർമിക്കുക. മുണ്ടക്കൈ സ്കൂളിനായി ഏഴ് ക്ലാസ് മുറി, കമ്പ്യൂട്ടർ ലാബ്, ലൈബ്രറി, സ്റ്റാഫ്മുറി തുടങ്ങിയ സൗകര്യങ്ങളാണ് ഒരുക്കുക.
എല്ലാവരെയും പുനരധിവസിപ്പിക്കണം -സി.പി.ഐ (എം.എല്‍) റെഡ് സ്റ്റാര്‍
കല്പറ്റ: മുണ്ടക്കൈ, ചൂരല്‍മല, കള്ളാടി ഉള്‍പ്പെടെ ജില്ലയില്‍ ഉരുള്‍പൊട്ടല്‍, മലയിടിച്ചില്‍ ഭീഷണിയില്‍ കഴിയുന്ന മുഴുവന്‍ കുടുംബങ്ങളെയും ഭൂമിയും പാര്‍പ്പിടവും നല്കി യുദ്ധകാലാടിസ്ഥാനത്തില്‍ പുനരധിവസിപ്പിക്കണമെന്ന് സി.പി.ഐ (എം.എല്‍) റെഡ് സ്റ്റാര്‍ ജില്ല ആവശ്യപ്പെട്ടു. കള്ളാടി ദുരന്ത പശ്ചാത്തലത്തില്‍ വയനാട് തുരങ്കപാത പദ്ധതി ഉപേക്ഷിക്കണമെന്ന ആവശ്യവും ഉന്നയിച്ചു.
സംസ്ഥാന കമ്മിറ്റി അംഗം പി.എം. ജോര്‍ജ് അധ്യക്ഷത വഹിച്ചു. ജില്ല സെക്രട്ടറി കെ.വി. പ്രകാശ് റിപ്പോര്‍ട്ട് അവതരിപ്പിച്ചു. പി.ടി. പ്രേമാനന്ദ്, ബിജി ലാലിച്ചന്‍, എം.കെ. ഷിബു, കെ.ജി. മനോഹരന്, സി.ജെ. ജോണ്സണ് എന്നിവര്‍ സംസാരിച്ചു.
ഇനി വരും, തകരാത്ത ചൂരൽമല പാലം, 30 കോടിയിൽ പുഞ്ചിരിമട്ടത്തും മുണ്ടക്കൈയിലും പാലം
ചൂരൽമല: ഉരുൾപൊട്ടലിൽ ചൂരൽമല പാലം തകർന്നതോടെയാണ് രക്ഷാപ്രവർത്തനമടക്കം തടസ്സപ്പെട്ടത്. ദുരന്തത്തിന് രണ്ടുവർഷം പിന്നിടുമ്പോൾ അത്യാധുനിക സാങ്കേതികവിദ്യയിൽ ചൂരൽമല പാലത്തിന്റെ നിർമാണവും ആരംഭിക്കുകയാണ്. പുന്നപ്പുഴയ്ക്ക് കുറുകെ 35 കോടി രൂപ വിനിയോഗിച്ചാണ് പാലം ഉയരുക. ഉരുൾ ഒഴുകിയതിനേക്കാൾ ഉയരത്തിൽ പ്രകൃതിദുരന്തങ്ങളെ പ്രതിരോധിക്കാൻ കരുത്തുള്ള പാലമാണ് നിർമിക്കുക.
ഊരാളുങ്കൽ ലേബർ കോൺട്രാക്ട് സൊസൈറ്റിക്കാണ് നിർമാണ ചുമതല. ബെയ്ലി പാലത്തിന് സമാന്തരമായി ഉയരുന്ന പുതിയ പാലത്തിന് 267.95 മീറ്റർ നീളമുണ്ടാകും. പുഴയിൽ 107 മീറ്ററും ഇരുകരകളിലും 80 മീറ്റർ വീതവും. പുഴയിൽ തൂണുകളില്ലാത്ത ‘ബോസ്ട്രിങ് ഗർഡർ’ പാലമാണ് ഉയരുക. ചൂരൽമല അങ്ങാടിക്ക് നടുവിൽനിന്ന് കവാടം ആരംഭിക്കും. മറുകരയിൽ മുണ്ടക്കൈ, അട്ടമല റോഡുകൾ കൂടിച്ചേരുന്നിടത്ത് അവസാനിക്കും.
ഉരുളിൽ പാലം തകർന്നാണ് മുണ്ടക്കൈ, പുഞ്ചിരിമട്ടം, അട്ടമല പ്രദേശങ്ങൾ പൂർണമായും ഒറ്റപ്പെട്ടത്. മണിക്കൂറുകൾകൊണ്ട് ബെയ്ലി പാലം നിർമിച്ചായിരുന്നു രക്ഷാപ്രവർത്തനം. മുണ്ടക്കൈയിലേക്കും അട്ടമലയിലേക്കും നിലവിൽ ബെയ്ലി പാലത്തിലൂടെയാണ് ഗതാഗതം.
ചൂരൽമല പാലത്തിനുപുറമെ പുഞ്ചിരിമട്ടത്തും മുണ്ടക്കൈയിലും പാലം നിർമിക്കും. പുഞ്ചിരിമട്ടത്തുനിന്ന് വനറാണിയിലേക്കും മുണ്ടക്കൈ ജി.എൽ.പി സ്കൂളിൽനിന്ന് എട്ടാം നമ്പറിലേക്കും രണ്ട് ഉരുക്ക് പാലമാണ് ഉയരുക. 15 കോടി രൂപ വീതമാണ് ഓരോ പാലത്തിന്റെയും നിർമാണത്തിന് വിനിയോഗിക്കുക. ഉരുൾപൊട്ടലിൽ ഈ പാലങ്ങളും തകർന്നിരുന്നു. പാലങ്ങളുടെ ടെൻഡർ നടപടി സർക്കാറിന്റെ അംഗീകാരത്തിനായി കൈമാറിയതായി അധികൃതർ അറിയിച്ചു.
മുഴുവന്‍ ദുരന്തബാധിതരുടെ കടങ്ങളും ഏറ്റെടുക്കണം -മുസ്ലിം ലീഗ്ക, ച്ചവടക്കാരുടെ നഷ്ടപരിഹാരം ഉടന്‍ വിതരണം ചെയ്യണം
കല്പറ്റ: മുണ്ടക്കൈ ചൂരല്‍മല ഉരുള്‍ദുരന്തത്തിന് രണ്ട് വര്‍ഷം പിന്നിടുന്ന വേളയിലും ദുരന്തബാധിതരുടെ കടങ്ങള്‍ പൂര്‍ണമായും ഏറ്റെടുത്ത് കടബാധ്യതയില്‍ നിന്ന് അവരെ ഒഴിവാക്കാത്തത് വേദനാജനകമാണെന്നും ഇക്കാര്യത്തില്‍ വേഗത്തിലുള്ള തീരുമാനം സര്‍ക്കാർ സ്വീകരിക്കണമെന്നും മുസ്ലിം ലീഗ് ജില്ല പ്രസിഡന്റ് കെ.കെ. അഹമ്മദ് ഹാജി, ജനറല്‍ സെക്രട്ടറി ടി. മുഹമ്മദ് എന്നിവര്‍ ആവശ്യപ്പെട്ടു.
യു.ഡി.എഫിന്റേതുള്പ്പെടെ നിരന്തര ആവശ്യങ്ങള്‍ക്കും സമരങ്ങള്‍ക്കും ശേഷം മുണ്ടക്കൈ-ചൂരല്‍മല ഉരുദുരന്തത്തില്പ്പെട്ടവരുടെ കടബാധ്യതകള്‍ ഏറ്റെടുത്ത് വീട്ടുന്നതിനായി കഴിഞ്ഞ സംസ്ഥാന സര്‍ക്കാര്‍ ആകെ നല്‍കിയത് അഞ്ച് കോടി രൂപ മാത്രമാണ്. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്നാണ് ഈ തുക അനുവദിച്ചത്. ഇത് ഇതുവരെയും പൂര്‍ണമായി ഉപയോഗിക്കപ്പെട്ടിട്ടില്ല.
വ്യാപാരികളും തൊഴിലാളികളും ഉള്‍പ്പെടെ 555 ദുരന്തബാധിത കുടുംബങ്ങളുടെ പേരിലായി വിവിധ ബാങ്കുകളിലുള്ള 1,620 വായ്പകള്‍ ഇതിലൂടെ പൂർണമായി അടച്ചുതീര്‍ക്കാന്‍ കഴിയുമായിരുന്നിട്ടും അതുണ്ടായില്ല. കേരള ബാങ്ക് മുമ്പ് എഴുതിത്തള്ളിയ കടങ്ങള്‍ക്കായി 93 ലക്ഷം രൂപ സര്‍ക്കാര്‍ തിരികെ നല്‍കുമെന്ന പ്രഖ്യാപനവും അന്ന് സര്‍ക്കാര്‍ നടത്തിയിരുന്നു.
കേന്ദ്ര സര്‍ക്കാര്‍ ദുരന്തബാധിതരുടെ വായ്പകള്‍ എഴുതിത്തള്ളാന്‍ തയാറാകാത്ത സാഹചര്യത്തിലാണ്, കടങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെ ഏറ്റെടുത്ത് അടച്ചുതീര്‍ക്കാന്‍ മന്ത്രിസഭ യോഗം തീരുമാനിച്ചത്. എന്നാല്‍ അദാലത്തുകള്‍ വിളിച്ചുചേര്‍ക്കുക എന്നതല്ലാതെ കടങ്ങള്‍ പൂര്‍ണമായി എഴുതിത്തള്ളാന്‍ ഇടതുസര്‍ക്കാര്‍ ശ്രമിച്ചില്ല.
പുനരധിവാസ പട്ടികയില്‍ ഉള്‍പ്പെട്ട 446 കുടുംബങ്ങളുടെ 980 കടങ്ങളും ദുരന്തത്തില്‍ മരിച്ചവരും അവരുടെ കുടുംബാംഗങ്ങളുമായ 12 പേരുടെ 23 കടങ്ങളും വാടകക്കാരായ 20 വ്യാപാരികളുടെ 61 കടങ്ങളും കെട്ടിട ഉടമകളായ 14 വ്യാപാരികളുടെ 41 കടങ്ങളും ഉപജീവനം ലഭിക്കുന്ന 61 കുടുംബങ്ങളുടെ 510 കടങ്ങളും രണ്ട് വാണിജ്യ കെട്ടിട ഉടമകളുടെ അഞ്ച് കടങ്ങളും അടക്കം 555 പേരുടെ 1620 കടങ്ങളാണ് ഉള്ളത്. 26 കോടി രൂപയാണ് ആകെ കടം. ഇത് എത്രയും പെട്ടെന്ന് പൂര്‍ണമായും ഏറ്റെടുത്ത് അടച്ചുതീര്‍ക്കാനുള്ള നടപടികള്‍ വേഗത്തിലാക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
ദുരന്തസമയം മുതല്‍ കൂടെയുള്ള യു.ഡി.എഫ് നേതൃത്വത്തിലുള്ള സര്‍ക്കാര്‍ അധികാരത്തില്‍ വന്നതോടെ കുടുംബശ്രീ വായ്പകള്‍ അടച്ചുതീര്‍ക്കാന്‍ 2.70 കോടി അനുവദിച്ചത് അഭിനന്ദനാര്‍ഹമാണ്. ദുരിതബാധിതരുടെ കടങ്ങളില്‍ വേഗത്തില്‍ ഇടപെടല്‍ നടത്തി കടങ്ങളും പൂര്‍ണമായും അടച്ചുതീര്‍ക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

