ന്യൂയോർക്കിനെ ഇളക്കി മറിച്ച് ‘ഇന്ത്യ ഡേ പരേഡ്’; രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയും ഗ്രാൻഡ് മാർഷലുകൾ
text_fieldsന്യൂയോർക്ക്: ഇന്ത്യയുടെ 79മത് സ്വാതന്ത്ര്യദിനാഘോഷത്തോട് അനുബന്ധിച്ച് അമേരിക്കയിലെ ന്യൂയോർക്കിൽ ‘ഇന്ത്യ ഡേ പരേഡ്’ നടന്നു. ന്യൂയോർക്കിലെ മാഡിസണ്‍ അവന്യുവിലാണ് നഗരത്തെ ഇളക്കി മറിച്ച 43മത് ‘ഇന്ത്യ ഡേ പരേഡ്’ നടന്നത്. തെന്നിന്ത്യൻ സിനിമ താരങ്ങളായ രശ്മിക മന്ദാനയും വിജയ് ദേവരകൊണ്ടയുമായിരുന്നു ഈ വർഷത്തെ ഗ്രാൻഡ് മാർഷലുകൾ.
സാരി ഉടുത്ത പ്രവാസി ഇന്ത്യക്കാർ അടക്കമുള്ള ത്രിവർണ പതാകയും വർണകൊടികളും ഉയർത്തി ആട്ടവും പാട്ടുമായി പരേഡിൽ പങ്കെടുത്തു. കൂടാതെ, 'വികസിത ഭാരതം 2047' എന്ന പ്രമേയം ഉയർത്തിയുള്ള ഫ്ലോട്ടുകൾ ഇന്ത്യൻ കോൺസുലേറ്റ് പരേഡിൽ അവതരിപ്പിച്ചു. അടിസ്ഥാനമേഖല, സാങ്കേതികവിദ്യ, ഡിജിറ്റൽ വികാസം അടക്കമുള്ള വിഷയങ്ങളിലായിരുന്നു ഫ്ലോട്ടുകൾ.
ആഗസ്റ്റ് 15നാണ് ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്നത്. അന്ന് എംപയര്‍ സ്റ്റേറ്റ് ബില്‍ഡിങ് ത്രിവര്‍ണ നിറത്തില്‍ തിളങ്ങും. 16ന് ടൈംസ് സ്ക്വയറില്‍ ഇന്ത്യന്‍ പതാക ഉയര്‍ത്തും. തുടർന്ന് 17 ന് ഉച്ചക്ക് 12 മണിയോടെ മാഡിസണ്‍ അവന്യുവിൽ പരേഡിന് നടക്കുക.
സ്വാതന്ത്ര്യദിനാഘോഷത്തിന്‍റെ ഭാഗമായി ഇന്ത്യക്ക് പുറത്ത് സംഘടിപ്പിക്കുന്ന വലിയ ആഘോഷമാണ് ന്യൂയോർക്കിലെ ‘ഇന്ത്യ ഡേ പരേഡ്’. 1970ല്‍ സ്ഥാപിതമായ ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ അസോസിയേഷന്‍സ് എന്ന സംഘടനയാണ് പരേഡ് സംഘടിപ്പിക്കുന്നത്.
1981ല്‍ ഒരു ഫ്ലോട്ടുമായാണ് ഇന്ത്യ ഡേ പരേഡിന് തുടക്കം കുറിച്ചത്. ഇന്ത്യന്‍ സംസ്കാരത്തെയും സാമൂഹികമായ ഇടപെടലുകളെയും ഇന്ത്യ-യു.എസ് ബന്ധത്തെയും പ്രോത്സാഹിപ്പിക്കുക എന്നതാണ് സംഘടന ലക്ഷ്യമിടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

