Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കഴിവുള്ളവർ ഒരുമിച്ചിട്ടും ടീം തോൽക്കുന്നത് എന്തുകൊണ്ട്?; ഒരാളുടെ ഈഗോ മതി എല്ലാം തകർക്കാൻ!

text_fields
bookmark_border
mutual trust and cooperation
cancel

2015-ൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ലെസ്റ്റർ സിറ്റി കിരീടം നേടുമെന്ന് ഫുട്ബാൾ ലോകം പ്രതീക്ഷിച്ചിരുന്നില്ല. 5,000:1 എന്ന സാധ്യത മാത്രമാണ് സീസണിന്റെ തുടക്കത്തിൽ ഈ ടീമിന് കൽപ്പിക്കപ്പെട്ടിരുന്നത്. വമ്പൻ താരനിരകളുമായി എത്തിയ മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുനൈറ്റഡ്, ചെൽസി, ആഴ്സനൽ തുടങ്ങിയ ടീമുകളെ പിന്നിലാക്കി ലെസ്റ്റർ കിരീടം ചൂടിയപ്പോൾ ലോകം കണ്ടത് ഫുട്ബാളിലെ അവിശ്വസനീയമായ വിജയങ്ങളിലൊന്നായിരുന്നു. മികച്ച താരങ്ങൾ മാത്രമല്ല ഒരു ടീമിനെ വിജയിപ്പിക്കുന്നതെന്നും പരസ്പര വിശ്വാസവും ഒത്തൊരുമയും കൂട്ടായ പ്രവർത്തനവും എത്രത്തോളം പ്രധാനമാണെന്നും ആ നേട്ടം ഒരിക്കൽക്കൂടി തെളിയിച്ചു.

ഒരു ടീമിൽ മികച്ച കഴിവുള്ള ആളുണ്ടെങ്കിൽ ആ ടീം വിജയിക്കുമെന്നാണോ കരുതുന്നത്? അങ്ങനെയെങ്കിൽ അത് എല്ലായ്പ്പോഴും ശരിയാകണമെന്നില്ല. മികച്ച കഴിവുകളുള്ള പത്ത് പേർ ഒരുമിച്ചുണ്ടായിട്ടും പ്രതീക്ഷിച്ച നേട്ടം കൈവരിക്കാനാകാത്ത സാഹചര്യങ്ങളുണ്ട്. അതേസമയം, സാധാരണ കഴിവുകളുള്ള കുറച്ചുപേർ ഒത്തൊരുമയോടെ പ്രവർത്തിച്ച് വലിയ വിജയങ്ങൾ നേടുകയും ചെയ്യുന്നു. ഇതിന് പിന്നിലെ പ്രധാന ഘടകം കഴിവിനേക്കാൾ ഉപരിയായി പരസ്പര വിശ്വാസവും സഹകരണവുമാണ്.ഒരു ടീമിന്റെ പ്രവർത്തനത്തെ ഏറ്റവും കൂടുതൽ ബാധിക്കുന്ന ഘടകങ്ങളിലൊന്നാണ് വ്യക്തികളുടെ ഈഗോ. സ്വന്തം അഭിപ്രായം മാത്രമാണ് ശരിയെന്ന് കരുതുക, മറ്റുള്ളവരുടെ കഴിവുകളെ അംഗീകരിക്കാതിരിക്കുക, ഓരോ വിജയത്തിന്റെയും ക്രെഡിറ്റ് സ്വന്തമാക്കാൻ ശ്രമിക്കുക തുടങ്ങിയ പ്രവണതകൾ ഒരു കൂട്ടായ പ്രവർത്തനത്തെ പതുക്കെ ദുർബലപ്പെടുത്തും. എത്ര മികച്ച കഴിവുകളുള്ളവരായാലും പരസ്പരം വിശ്വാസമില്ലാത്തവർക്ക് ഒരേ ലക്ഷ്യത്തിലേക്ക് മുന്നേറുക എളുപ്പമല്ല.

കഴിവിനേക്കാൾ പ്രധാനം പരസ്പര വിശ്വാസം

ഒരു ടീമിൽ എല്ലാവരും ഒരേ നിലവാരത്തിലുള്ള കഴിവുള്ളവരായിരിക്കണമെന്നില്ല. ചിലർക്ക് മികച്ച ആശയങ്ങളുണ്ടാകാം, മറ്റു ചിലർക്ക് അത് പ്രാവർത്തികമാക്കാനുള്ള മികവുണ്ടാകാം. മറ്റുചിലർക്ക് പ്രതിസന്ധികൾ കൈകാര്യം ചെയ്യാനുള്ള കഴിവായിരിക്കും കൂടുതൽ. ഈ വ്യത്യാസങ്ങളെ അംഗീകരിച്ച് ഓരോരുത്തരുടെയും കഴിവുകൾ ശരിയായ രീതിയിൽ ഉപയോഗിക്കുമ്പോഴാണ് ഒരു ടീം ശക്തമാകുന്നത്.എന്നാൽ അതിന് പരസ്പര ബഹുമാനം ആവശ്യമാണ്. ഒരാളുടെ അഭിപ്രായം മറ്റൊരാൾക്ക് കേൾക്കാൻ കഴിയണം. തെറ്റുകൾ സംഭവിച്ചാൽ കുറ്റപ്പെടുത്തുന്നതിനു പകരം പരിഹാരം കണ്ടെത്താൻ ശ്രമിക്കണം. വിജയത്തിന്റെ ക്രെഡിറ്റ് പങ്കിടാനും പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനും തയ്യാറാകണം.ശരാശരി കഴിവുള്ളവർ ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ മികച്ച ഫലങ്ങൾ സൃഷ്ടിക്കാൻ കഴിയുന്നതിന്റെ രഹസ്യവും ഇതുതന്നെയാണ്. എല്ലാവരും ഒരേ ലക്ഷ്യത്തിനായി പ്രവർത്തിക്കുമ്പോൾ വ്യക്തികളുടെ പരിമിതികൾ കൂട്ടായ ശക്തിയിലൂടെ മറികടക്കാനാകും.

ഒറ്റയ്ക്ക് വിജയിക്കുന്നതും ടീമിനെ വിജയിപ്പിക്കുന്നതും രണ്ടാണ്

ചില സാഹചര്യങ്ങളിൽ ഒരാൾക്ക് സ്വന്തം തീരുമാനങ്ങളിലൂടെ മികച്ച ഫലങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞേക്കാം. മറ്റുള്ളവരുടെ ഇടപെടലുകളില്ലാതെ വേഗത്തിൽ തീരുമാനമെടുക്കാനും പ്രവർത്തിക്കാനും കഴിയുന്നത് അത്തരമൊരു നേതൃത്വത്തിന്റെ പ്രത്യേകതയാണ്. എന്നാൽ വ്യക്തിപരമായ നേട്ടം മാത്രം ഒരു മികച്ച നേതൃത്വത്തിന്റെ മാനദണ്ഡമാകുന്നില്ല.കൂടെ പ്രവർത്തിക്കുന്നവരുടെ വിശ്വാസം നേടാൻ കഴിയുന്നുണ്ടോ എന്നതും പ്രധാനമാണ്. തീരുമാനങ്ങളിൽ പങ്കാളികളാക്കാതെ മാറ്റിനിർത്തപ്പെടുന്നവർക്ക് തുടക്കത്തിൽ എതിർപ്പ് പ്രകടിപ്പിക്കാൻ കഴിഞ്ഞില്ലെങ്കിലും അവസരം ലഭിക്കുമ്പോൾ സഹകരണം പിൻവലിക്കാം. ചിലർ പരസ്യമായി എതിർക്കാതെ തന്നെ പ്രവർത്തനങ്ങളെ ദുർബലപ്പെടുത്തുന്ന സാഹചര്യങ്ങളും ഉണ്ടാകാം.അതുകൊണ്ടുതന്നെ ഒരു നേതാവിന്റെ വിജയം അയാൾ ഒറ്റയ്ക്ക് എത്രത്തോളം നേട്ടമുണ്ടാക്കി എന്നതുകൊണ്ട് മാത്രം അളക്കാനാകില്ല. അയാളുടെ നേതൃത്വത്തിൽ മറ്റുള്ളവർക്ക് എത്രത്തോളം വളരാനും സംഭാവന നൽകാനും കഴിഞ്ഞു എന്നതും വിലയിരുത്തണം.

വിജയത്തേക്കാൾ വലിയ പരീക്ഷണം വിനയം

ഒരു വ്യക്തിക്കോ നേതാവിനോ സ്വന്തം കഴിവിലൂടെ മികച്ച ഫലങ്ങൾ ഉണ്ടാക്കാൻ കഴിഞ്ഞേക്കാം. അതിലൂടെ പൊതുജനങ്ങളുടെ പിന്തുണയും അംഗീകാരവും നേടാനും സാധിക്കും. എന്നാൽ വിജയത്തിന്റെ പേരിൽ അഹങ്കാരം പ്രകടിപ്പിക്കാൻ തുടങ്ങിയാൽ സ്ഥിതി മാറും.ആളുകൾ പിന്തുണയ്ക്കുന്നത് ഫലങ്ങളെ മാത്രമല്ല, ആ ഫലങ്ങൾ സൃഷ്ടിക്കുന്നവരുടെ സമീപനത്തെയും കൂടിയാണ്. വിമർശനങ്ങളെ അംഗീകരിക്കാതിരിക്കുക, മറ്റുള്ളവരെ അവഗണിക്കുക, സ്വന്തം തീരുമാനങ്ങളാണ് എപ്പോഴും ശരിയെന്ന് വാശിപിടിക്കുക തുടങ്ങിയ പ്രവണതകൾ ജനങ്ങൾക്കിടയിൽ എതിർപ്പുണ്ടാക്കാം. തുടക്കത്തിൽ വലിയ പിന്തുണയുണ്ടായിരുന്ന ഒരാൾക്ക് പോലും പിന്നീട് അത് നഷ്ടപ്പെടാം.നേട്ടങ്ങൾ കൈവരിക്കുമ്പോൾ വിനയം നിലനിർത്തുക എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. എന്നാൽ ദീർഘകാലം വിശ്വാസവും പിന്തുണയും നിലനിർത്താൻ അത് അനിവാര്യമാണ്.


യഥാർഥ നേതൃത്വം എന്താണ്?

ഒരു കൂട്ടം കഴിവുള്ള ആളുകളെ ഒരുമിച്ചുകൂട്ടുന്നതല്ല നേതൃത്വം. അവരുടെ കഴിവുകൾ പരസ്പരം ഏറ്റുമുട്ടാതെ ഒരേ ലക്ഷ്യത്തിലേക്ക് ഉപയോഗിക്കാൻ കഴിയുന്നതാണ് യഥാർഥ നേതൃത്വത്തിന്റെ മികവ്. അതിന് അധികാരത്തേക്കാൾ കൂടുതൽ ആവശ്യം വിശ്വാസവും ആശയവിനിമയവും പരസ്പര ബഹുമാനവുമാണ്.ടീമിൽ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികമാണ്. എന്നാൽ അത് വ്യക്തികൾ തമ്മിലുള്ള മത്സരമായോ ഈഗോയുടെ പോരാട്ടമായോ മാറരുത്. ആരോഗ്യകരമായ അഭിപ്രായവ്യത്യാസങ്ങൾ മികച്ച തീരുമാനങ്ങളിലേക്ക് നയിക്കുമ്പോൾ വ്യക്തിപരമായ താൽപര്യങ്ങൾക്കായുള്ള തർക്കങ്ങൾ കൂട്ടായ പ്രവർത്തനത്തെ തകർക്കും.കഴിവുള്ള ഒരാൾക്ക് ഒറ്റയ്ക്ക് ചില വിജയങ്ങൾ നേടാൻ കഴിഞ്ഞേക്കാം. എന്നാൽ ഒരുപാട് പേരെ വിശ്വാസത്തോടെ കൂടെ നിർത്തി മുന്നോട്ട് കൊണ്ടുപോകാൻ കഴിയുന്നവർക്കാണ് ദീർഘകാല വിജയം സൃഷ്ടിക്കാനാകുക. കാരണം ഒരു ടീമിനെ ശക്തമാക്കുന്നത് അതിലെ ഏറ്റവും കഴിവുള്ള വ്യക്തിയല്ല, എല്ലാവരെയും ഒരുമിച്ച് നിർത്തുന്ന പരസ്പര വിശ്വാസമാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Teamwork and Leadership: Why Trust Matters More Than Talent
Next Story