ഇന്ന് അധ്യാപക ദിനം; 76ാം വയസിലും ശിഷ്യർക്ക് ജീവിത മന്ത്രം പകർന്ന് ടി.പി മാഷ്
text_fieldsമുഹമ്മദ്
കരുവാരകുണ്ട്: അറിവിനോടൊപ്പം ജീവിതമന്ത്രം കൂടി പകർന്ന് 76ാം വയസ്സിലും വിശ്രമമില്ലാതെ വിദ്യ തേടുന്നവരെ ചേർത്തുപിടിക്കുകയാണ് തരിശിലെ മുഹമ്മദ് എന്ന ടി.പി മാഷ്. 1974 ൽ കാസർകോട് ജില്ലയിലെ മുണ്ടക്കൈ ജി.എൽ.പി സ്കൂളിൽ അധ്യാപകനായിട്ടായിരുന്നു ഔദ്യോഗിക ജീവിതത്തിന്റെ തുടക്കം. മാഹിയിലെ കുനിയിൽ ജി.എൽ.പി സ്കൂൾ, കാരാട് ജി.എൽ.പി സ്കൂൾ, തരിശ് ജി.എൽ.പി സ്കൂൾ,പുൽവെട്ട ജി.എൽ.പി സ്കൂൾ എന്നിവിടങ്ങളിലെ 28 വർഷം നീണ്ട സേവനത്തിനൊടുവിൽ 2003ൽ വിരമിച്ചു.
പഠിച്ച് ഉന്നത ബിരുദം നേടണമെന്നായിരുന്നു മുഹമ്മദിന്റെ ആഗ്രഹം. പക്ഷെ വഴികാട്ടാൻ മുഹമ്മദിന് ആരുമുണ്ടായിരുന്നില്ല. സ്വന്തം ഇഷ്ടപ്രകാരം ഇരിങ്ങാട്ടിരി പള്ളി ദർസിലും കുറ്റ്യാടി, ശാന്തപുരം കോളജുകളിലും പഠിച്ചു. സ്വപ്രയത്നത്താൽ സർക്കാർ ജോലി നേടി. തന്റേതുപോലുള്ള അനുഭവം ആർക്കും വരരുത് എന്ന തോന്നലിൽ നിന്നാണ് മുന്നിലുള്ള കുട്ടികൾക്ക് അക്ഷരങ്ങളോടൊപ്പം ജീവിതം കൂടി പറഞ്ഞുകൊടുക്കാൻ തുടങ്ങിയത്.
പ്രതിഭകളെ കണ്ടെത്തി പ്രോത്സാഹിപ്പിച്ചും സംശയം ചോദിക്കുന്നവർക്ക് പുസ്തകങ്ങൾ സമ്മാനം നൽകി അവരെ വായിപ്പിച്ചും ആഗ്രഹങ്ങൾ ചോദിച്ച് പ്രോൽസാഹിപ്പിച്ചും മുഹമ്മദ് കുട്ടികളെ ചേർത്തുപിടിച്ചു. പട്ടിണി വ്യാപകമായ കാലത്ത് ദരിദ്ര വിദ്യാർഥികളെ കണ്ടെത്തി ഭക്ഷണം നൽകിയും ട്യൂഷൻ കൊടുത്തും സഹായിച്ചു. പെൺമക്കളെ നേരത്തെ വിവാഹം കഴിച്ചയക്കുന്ന രക്ഷിതാക്കളെ വിലക്കി. നിരവധി പേരെ ഉപരിപഠനത്തിന് കോളജുകളിൽ ചേരാൻ സഹായിച്ചു.
ഐ.എ.എസ് നേടിയ പി.മുഹമ്മദ് സജാദ് മുതൽ വിദേശ സർവകലാശാലകളിൽ നിന്ന് ഉന്നത ബിരുദം നേടിയ പ്രഗത്ഭരും വിദഗ്ധ ഡോക്ടർമാരും അധ്യാപകരുൾപ്പെടെ നിരവധി സർക്കാർ ഉദ്യോഗസ്ഥരും മുഹമ്മദിന്റെ പ്രോൽസാഹനം ലഭിച്ചവരിലുണ്ട്. തരിശിലെ എൻ.യു.കെ മൗലവി സ്മാരക ലൈബ്രറിയുടെ സ്ഥാപകരിൽ മുഖ്യനാണ് മുഹമ്മദ്. ഐഡിയൽ പബ്ലിക് സ്കൂൾ സ്ഥാപിക്കാൻ നേതൃത്വം നൽകി. മിടുക്കരായ ദരിദ്ര വിദ്യാർഥികൾക്ക് പഠനസഹായം ലഭ്യമാക്കാൻ ശ്രമിക്കുന്നു. വിശ്രമജീവിതത്തിന്റെ 23ാം ആണ്ടിലും കർമനിരതനാണ് നിശ്ശബ്ദനായ ഈ വിദ്യാസ്നേഹി. സഫിയയാണ് ഭാര്യ. അഞ്ച് മക്കളുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

