ഇന്ന് അധ്യാപക ദിനം; വിശ്രമജീവിതത്തിൽ അധ്യാപന സ്മരണകളുമായി ദമ്പതികൾ
text_fieldsജോബുട്ടി - മേരി രാജി ദമ്പതികൾ
പഴഞ്ഞി: ഒരേ സ്കൂളിൽ പഠിച്ചവർ പിന്നീട് ജീവിത പങ്കാളികളായി മാറി. അതേ സ്കൂളിൽ തന്നെ ഇരുവരും അധ്യാപകരുമായി. പഴഞ്ഞി മൂലേപ്പാട്ട് സ്വദേശികളായ കൊള്ളന്നൂർ വീട്ടിൽ ജോബുട്ടി - മേരിരാജി ദമ്പതികൾ വിശ്രമ ജീവിതത്തിലും അധ്യാപന ജീവിതത്തിലെ സ്നേഹവും ഓർമകളും അയവിറക്കി കഴിയുകയാണ്. കാഞ്ഞിരത്തിങ്കൽ കൊള്ളന്നൂർ മൂലേപ്പോട്ട് ചേറപ്പൻ - തേത്തു ദമ്പതികളുടെ മകനാണ് ജോബുട്ടി. കൃഷിയിൽ അധ്വാനജീവിതം നയിക്കുമ്പോഴും മക്കളെ പഠിപ്പിച്ച് മുന്നോട്ട് നയിക്കണമെന്നതായിരുന്നു ഈ ദമ്പതികളുടെ ലക്ഷ്യം.
മൂത്ത സഹോദരി മോളുകുട്ടിയുടെ പാത പിൻപറ്റിയാണ് ജോബുട്ടി അധ്യാപന രംഗത്തെത്തിയത്. 1976 ൽ പെങ്ങാമുക്ക് ഹൈസ്കൂളിൽ ബയോളജി അധ്യാപകനായി ജോലിയിൽ പ്രവേശിച്ചു. 31 വർഷത്തെ സേവനത്തിനു ശേഷം 2007 ൽ വിരമിച്ചു. പെങ്ങാമുക്ക് പുലിക്കോട്ടിൽ ചാക്കോരു - എളച്ചാർ ദമ്പതിമാരുടെ മൂന്ന് പെൺമക്കളിൽ മൂത്ത മകളാണ് മേരിരാജി. അമ്മയെ പിൻപറ്റിയാണ് മേരി അധ്യാപന രംഗത്തെത്തുന്നത്. പെങ്ങാമുക്ക് ഹൈസ്കൂളിൽ കണക്ക് അധ്യാപികയായിരുന്ന ഇവർ 2015ലാണ് വിരമിച്ചത്.
പഴഞ്ഞി സെന്റ്. മേരീസ് നഗറിലെ വീട്ടിൽ പൂന്തോട്ടം ഒരുക്കിയും പരിപാലിച്ചുമൊക്കെയാണ് ഇവർ വിശ്രമജീവിതം കഴിക്കുന്നത്. മുറ്റത്ത് മനോഹരമായി ഒരുക്കിയ പൂന്തോട്ടത്തിലുള്ള താമരപൂക്കളും ഓർക്കിഡുമടക്കം പൂ ചെടികളെല്ലാം പഠിപ്പിച്ച കുട്ടികളാണ് ഇവർക്ക് നൽകിയത്. മക്കളില്ലാത്ത തങ്ങൾക്ക് സ്കൂളിലെ എല്ലാ കുട്ടികളും സ്വന്തം മക്കളെ പോലെയാണെന്നും അധ്യാപന കാലത്ത് നൽകിയ സ്നേഹം തിരിച്ചുകിട്ടുന്നത് സന്തോഷമുള്ളതാണെന്നും ഇവർ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

