ശോഭായാത്രക്ക് നിറപ്പകിട്ടേകാൻ 36ാം വർഷവും സുനിലെത്തി
text_fieldsസുനിൽ തേഞ്ഞിപ്പലം നിശ്ചല ദൃശ്യങ്ങളുടെ പണിപ്പുരയിൽ
തേഞ്ഞിപ്പലം: പതിവു തെറ്റിക്കാതെ തുടർച്ചയായ 36ാം വർഷവും ശ്രീകൃഷ്ണ ജയന്തി ശോഭായാത്രയിലേക്ക് നിശ്ചലദൃശ്യങ്ങൾ ഒരുക്കി സുനിൽ തേഞ്ഞിപ്പലത്തിന്റെ കലാസമർപ്പണം. സിനിമ മേഖലയിൽ ആർട്ട് ഡയറക്ടറായ സുനിൽ ഇത്തവണ 11 നിശ്ചലദൃശ്യങ്ങളാണ് ശോഭായാത്രയിലേക്ക് അണിയിച്ചൊരുക്കിയത്. പത്ത് അടി ഉയരമുള്ള മൂന്ന് തലയുള്ള കാളിയമർദന ദൃശ്യമാണ് ഇത്തവണ ഹൈലൈറ്റ്.
ആലിലയിലെ ഓടക്കുഴലുമായുള്ള കൃഷ്ണൻ, ഉരലിൽ കെട്ടിയ കണ്ണൻ, നരസിംഹ അവതാരം, പൂതന മോക്ഷം, കാളയുടെ വേഷത്തിൽ എത്തിയുള്ള വത്സാസുരവധം, കംസന്റെ മദയാനയായ കുവലയാപീഠത്തെ കൊല്ലുന്നത്, മള്ളിയൂർ ഗണപതിയും കൃഷ്ണനും കളിക്കുന്നത്, മത്സ്യാവതാരം തുടങ്ങിയ അഴകാർന്ന നിശ്ചല ദൃശ്യങ്ങളാണ് സുനിൽ തയാറാക്കിയിരിക്കുന്നത്. കോഴിക്കോട് കുറ്റിക്കാട്ടൂർ, മാങ്കാവ്, അരീക്കോട്, കൊണ്ടോട്ടി, പരപ്പനങ്ങാടി എന്നിവിടങ്ങളിലാണ് സുനിലിന്റെ േഫ്ലാട്ടുകൾ കാണികളെ അതിശയിപ്പിക്കുക.
മകൻ ശ്രീ കശ്യപ്, സുഹൃത്ത് വൈക്കം സ്വദേശിയായ സതീഷ് എന്നിവർ ചേർന്നാണ് കഴിഞ്ഞ നാല് മുതൽ തേഞ്ഞിപ്പലം ആലുങ്ങലിലെ വാടക മുറികളിൽ ഒത്തു ചേർന്ന് ഇവ അണിയിച്ചൊരുക്കിയത്. ഏഴാം വയസ്സിൽ ചിത്രരചനയോടെയാണ് സുനിലിന്റെ തുടക്കം. ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ചുള്ള ശോഭായാത്രക്ക് നിറം പകർന്നായിരുന്നു തുടക്കം. കമ്പി, പോളി ഫോം, വിവിധ തരത്തിലുള്ള തുണികൾ എന്നിവ ഉപയോഗിച്ചാണ് നിർമാണം. ശനിയാഴ്ചയോടെ നിർമാണം പൂർത്തിയാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

