Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഗാനമേളകളിൽ പെൺശബ്ദത്തിൽ പാടി തുടങ്ങിയ സംഗീതയാത്ര; ഈണങ്ങളുടെ സുൽത്താന്‍ കോഴിക്കോട് അബൂബക്കർ

text_fields
bookmark_border
കോഴിക്കോട് അബൂബക്കർ
cancel
camera_alt

കോഴിക്കോട് അബൂബക്കർ


മാപ്പിളപ്പാട്ടിന്റെ ഈണങ്ങൾക്ക് തനതായ ഭാവവും ആത്മാവും പകർന്ന കലാകാരൻ. തബലയുടെ താളത്തിൽ തുടങ്ങി മാപ്പിളപ്പാട്ടിന്റെ സംഗീതലോകത്ത് സ്വന്തമായ ഇടം കണ്ടെത്തിയ പ്രതിഭ. മൂവായിരത്തിലധികം ഗാനങ്ങൾക്ക് ഈണമിട്ട് തലമുറകളുടെ മനസ്സിൽ ഇടം നേടിയ കോഴിക്കോട് അബൂബക്കർ. ഗായകൻ, തബലിസ്റ്റ്, സംഗീതസംവിധായകൻ എന്നീ നിലകളിൽ അരനൂറ്റാണ്ടിലേറെ നീണ്ട സംഗീതസപര്യയിലൂടെ അദ്ദേഹം തീർത്തത് മാപ്പിളപ്പാട്ടിന്റെ ചരിത്രത്തിലെ വേറിട്ടൊരു അധ്യായമാണ്. ആ സംഗീതജീവിതത്തിലൂടെയുള്ള ഓർമയാത്ര...

വലിയങ്ങാടിയിലെ ഇരുമ്പ് കച്ചവടക്കാരൻ ഇമ്പിച്ചി അഹമ്മദിന്റെയും ഖദീജയുടെയും മകന് സംഗീതമെന്നത് സ്കൂൾ കാലം മുതലേയുള്ള കൂട്ടായിരുന്നു. മലയാളസിനിമയുടെ ഇതിഹാസം മാമുക്കോയയുടെ ഉറ്റസുഹൃത്ത് കൂടിയായിരുന്നു അബൂബക്കർ. തബലയിൽ സ്വയം പ്രാവീണ്യം നേടിയ അദ്ദേഹം പിന്നീട് പ്രശസ്ത സംഗീതസംവിധായകൻ എം.എസ്. ബാബുരാജിന്റെ ട്രൂപ്പിലൂടെയാണ് സംഗീതലോകത്ത് സജീവമാകുന്നത്. ബാബുരാജിന്റെ സംഘത്തിലെ തബലിസ്റ്റായി പ്രവർത്തിച്ചതോടെ അദ്ദേഹത്തിന് മലയാള സംഗീതരംഗത്തെ പ്രമുഖരുമായി അടുത്ത ബന്ധം സ്ഥാപിക്കാനായി.

തബലിസ്റ്റായിരിക്കെയാണ് അബൂബക്കറിലെ സംഗീതസംവിധായകൻ ജനിക്കുന്നത്. പാട്ടിന്റെ വരികൾക്ക് അനുയോജ്യമായ ഈണം കണ്ടെത്താനുള്ള അദ്ദേഹത്തിന്റെ കഴിവ് പിന്നീട് മാപ്പിളപ്പാട്ട് രംഗത്ത് അബൂബക്കറിനെ വേറിട്ടുനിർത്തി. മാപ്പിളപ്പാട്ടിന്റെ പരമ്പരാഗത ഇശലുകൾ സ്വായത്തമാക്കിയ അദ്ദേഹം പുതിയ സംഗീതഭാവങ്ങളും പരീക്ഷിച്ചു. എസ്.എം. കോയയിൽ നിന്നാണ് മാപ്പിളപ്പാട്ടിന്റെ രീതികൾ പഠിച്ച് ഈ രംഗത്ത് കൂടുതൽ സജീവമായതെന്നും പറയുന്നു.

മാപ്പിളപ്പാട്ട് വേദികളിൽ കോഴിക്കോട് അബൂബക്കറിന്റെ പാട്ടുകൾ ഇല്ലാത്ത പരിപാടികൾ അപൂർവമായിരുന്നു. സംഗീതസംവിധായകനാകും മുമ്പ് ഗാനമേളകളിൽ പെൺശബ്ദത്തിൽ ഹിന്ദിപ്പാട്ടുകൾ പാടി അബൂബക്കർ ശ്രദ്ധ നേടിയിരുന്നു. അതോടൊപ്പം കുട്ടികൾക്ക് തബല പരിശീലനവും നൽകിയിരുന്നു. അതുകൊണ്ടുതന്നെ നിരവധി ശിഷ്യന്മാരും അദ്ദേഹത്തിനുണ്ട്.

അബൂബക്കറിന്റെ സംഗീതലോകം മാപ്പിളപ്പാട്ടിൽ മാത്രം ഒതുങ്ങിയിരുന്നില്ല. മലയാളത്തിലെ പ്രമുഖ ഗായകരായ കെ.ജെ. യേശുദാസ്, കെ.എസ്. ചിത്ര, എം.ജി. ശ്രീകുമാർ, സുജാത തുടങ്ങിയവർ അദ്ദേഹത്തിന്റെ സംവിധാനത്തിൽ ആലപിച്ചു.

ബാപ്പു വെള്ളിപറമ്പുമായുള്ള കൂട്ടുകെട്ട് മാപ്പിളപ്പാട്ട് സംഗീതരംഗത്ത് ശ്രദ്ധേയമായ ഒരു അധ്യായമായിരുന്നു. ഇരുവരുടെയും കൂട്ടായ്മയിൽ നിരവധി ഹിറ്റ്, സൂപ്പർഹിറ്റ് ഗാനങ്ങൾ പിറന്നു. യേശുദാസിന്റെ തരംഗിണി സ്റ്റുഡിയോയിലൂടെ ഇരുവരുടെയും മാപ്പിളപ്പാട്ടുകൾ നിരവധി ആൽബങ്ങളായി പുറത്തിറങ്ങി. മൈലാഞ്ചി, ജന്നാത്തുൽ ഫിർദൗസ് തുടങ്ങിയവ ജനപ്രീതി നേടി.

കെ.ജെ. യേശുദാസ് പാടിയ 'കരയാനും പറയാനും മനം തുറന്നിരിക്കാനും', കെ.എസ്. ചിത്രയുടെ സ്വരമാധുര്യത്തിൽ പിറന്ന 'യത്തീമിന്നത്താണീ' എന്നീ പാട്ടുകൾ അറിയാത്ത മലയാളികൾ ഉണ്ടാകില്ല. തബലയുടെ താളത്തിൽ നിന്ന് മാപ്പിളപ്പാട്ടിന്റെ ഈണങ്ങളിലേക്കുള്ള കോഴിക്കോട് അബൂബക്കറിന്റെ യാത്ര ഒരു കലാകാരന്റെ വളർച്ച മാത്രമായിരുന്നില്ല, മറിച്ച് ഒരു സംഗീതകാലഘട്ടത്തിന്റെ തന്നെ ചരിത്രമായിരുന്നു.

ആയിരക്കണക്കിന് ഗാനങ്ങളിലൂടെ അദ്ദേഹം പകർന്നുനൽകിയ ഈണങ്ങൾ ഇന്നും മാപ്പിളപ്പാട്ട് ആസ്വാദകരുടെ മനസ്സിൽ ജീവിക്കുന്നു. കാലം കടന്നുപോകുമ്പോഴും ആ പാട്ടുകൾ പാടിക്കേൾക്കുമ്പോൾ തിരിച്ചെത്തുന്നത് അബൂബക്കറിന്റെ സംഗീതത്തിന്റെ അതേ മാധുര്യമാണ്. ഒരു കലാകാരൻ അരങ്ങൊഴിഞ്ഞാലും അയാൾ സൃഷ്ടിച്ച സംഗീതം ബാക്കിവെക്കുന്ന ഓർമകൾക്ക് മരണമില്ല. കോഴിക്കോട് അബൂബക്കറും അദ്ദേഹത്തിന്റെ ഈണങ്ങളും അങ്ങനെ മാപ്പിളപ്പാട്ടിന്റെ ചരിത്രത്തിൽ എന്നും നിലനിൽക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Sultan of melodies Kozhikode Abubacker
Next Story