കണ്ണീർക്കടലിനക്കരെനിന്നവൻ വന്നു, ഇളംവെയിലേകിയവർക്ക് നന്ദി പറയാൻ
text_fieldsറിയാദിലെത്തിയ അബ്ദുൽ ഹനാൻ ശിഹാബ് കൊട്ടുകാടിനൊപ്പം
നിയമക്കുരുക്കിൽപെട്ട് ഒന്നര പതിറ്റാണ്ടിലധികമായി ജന്മനാട് കാണാനാകാതെ റിയാദിൽ കുടുങ്ങിപ്പോയ തനിക്കും കുടുംബത്തിനും നാടണയാൻ കൂടെ നിന്നവരെ കാണാൻ, നന്ദി അറിയിക്കാൻ ഹനാൻ തിരിച്ചെത്തി
റിയാദ്: ഒരാൾക്കുമുണ്ടാകരുതേ എന്ന് പ്രാർഥിച്ചുപോകുന്ന ദുരനുഭവങ്ങളുടെ നെരിപ്പോടിൽ വെന്തുരുകിയ ജീവിതം ഇന്ന് അവന് നൊമ്പരപ്പെടുത്തുന്ന ഒരു ഓർമമാത്രമാണ്. സ്വപ്നത്തിൽപോലും ആശക്ക് വകയില്ലാതിരുന്ന ഒരു നല്ല ജീവിതത്തിന്റെ ആഹ്ലാദകാലത്തിലൂടെ കടന്നുപോകുമ്പോൾ അവൻ മാത്രമല്ല, അവന്റെ പ്രിയപ്പെട്ട ഉമ്മയും ഉപ്പയും കൂടപ്പിറപ്പുകളും ഹൃദയം തൊടുന്ന നന്ദിയോടെ ഓർത്തുപോകുന്ന ചിലരുണ്ട്. ദുരിതങ്ങളുടെ കാറും കോളുമിളകിയ ജീവിതക്കടലിൽനിന്ന് കൈപിടിച്ചുയർത്തിയ, കടലിനിക്കരെയുള്ള ആ മനുഷ്യസ്നേഹികളെ വീണ്ടും കാണാനും അവർക്കും ദൈവത്തിനും നന്ദി പറയാനും തിരിച്ചുവന്നിരിക്കുകയാണ് ഹൈദരാബാദ് സ്വദേശിയായ ആ യുവാവ്, അബ്ദുൽ ഹനാൻ. നിയമക്കുരുക്കിൽപെട്ട് ഒന്നര പതിറ്റാണ്ടിലധികമായി ജന്മനാട് കാണാനാകാതെ റിയാദിൽ കുടുങ്ങിപ്പോയ അവനും കുടുംബത്തിനും ഒമ്പതു വർഷം മുമ്പ് സാമൂഹികപ്രവർത്തകൻ ശിഹാബ് കൊട്ടുകാടിന്റെ നേതൃത്വത്തിലുള്ള ഒരുപറ്റം മനുഷ്യരുടെ ശ്രമഫലമായാണ് നാടണയാനായത്.
കുടിച്ചുവറ്റിച്ച കയ്പേറിയ അനുഭവങ്ങളുടെ ഒരു കടൽ അവന്റെ ഉള്ളിലുണ്ട്; അവന്റെ മാത്രമല്ല, മുഴുവൻ കുടുംബാംഗങ്ങളുടെയും. നല്ല ജീവിതം കൈയിൽ കിട്ടിയപ്പോൾ അതിന്റെ മൂല്യം എത്ര വലുതാണെന്ന് ഉള്ളിലെ ഇനിയും നൊമ്പരമടങ്ങാത്ത കടൽത്തിരകൾ അവരെ ഓർമിപ്പിച്ചുകൊണ്ടിരുന്നു. തങ്ങളെ ഒരിക്കൽ കരുണയോടെ ചേർത്തുപിടിച്ചവരിലേക്ക് ഓടിയണയാൻ അവരെല്ലാം കൊതിച്ചു. അങ്ങനെയാണ് കുടുംബത്തിലെ എല്ലാവർക്കുംവേണ്ടി ആ ദൗത്യമേറ്റെടുത്ത് ഹനാൻ ടൂറിസ്റ്റ് വിസയിൽ റിയാദിലെത്തിയത്.
എയർപോർട്ടിലിറങ്ങിയ അവൻ ഒരു ടാക്സിയിൽ ബത്ഹയിലെത്തി. അവനീ നഗരത്തെ മറക്കാനാവില്ല. വാടക കൊടുക്കാൻ നിവൃത്തിയില്ലാത്തതിന് താമസിച്ചിരുന്ന ഫ്ലാറ്റിൽനിന്ന് ആട്ടിപ്പുറത്താക്കപ്പെട്ടപ്പോൾ അഭയമായ തെരുവാണിത്. മനുഷ്യസ്നേഹികൾ ഏറ്റെടുത്ത് അന്തിയുറങ്ങാൻ ഇടംനൽകിയ ഷിഫ അൽജസീറ പോളിക്ലിനിക്കും അൽഖലീജ് ഹോട്ടലും ഇവിടെയാണ്. ബംഗാളി മാർക്കറ്റിലുള്ള അതേ ഹോട്ടലിനു മുന്നിലാണ് ടാക്സി അവനെ എത്തിച്ചത്. അവിടെ മുറിയെടുത്തു. ഒമ്പതു വർഷം മുമ്പ് തങ്ങൾ അഭയാർഥികളായി കഴിഞ്ഞ ഹോട്ടലാണിതെന്ന് അവൻ അവിടത്തെ ജീവനക്കാരോട് പറഞ്ഞു. ശിഹാബ് കൊട്ടുകാടിനെ കാണാൻ അവരുടെ സഹായം തേടി. ഫോൺ നമ്പർ അവർ സംഘടിപ്പിച്ചുകൊടുത്തു. കിട്ടിയ നമ്പറിൽ വിളിച്ചപ്പോൾ ഫോണെടുത്ത ശിഹാബിന് അത്ഭുതം. രണ്ടര പതിറ്റാണ്ടത്തെ സാമൂഹികപ്രവർത്തനത്തിനിടയിൽ ഇതുപോലൊന്ന് ആദ്യമായാണ്. എത്രയോ ആളുകളെ ദുരിതങ്ങളിൽനിന്ന് രക്ഷപ്പെടുത്തി നാടുകളിലേക്ക് കയറ്റിവിട്ടിട്ടുണ്ട്.
പക്ഷേ, ഇതാദ്യമാണ് അങ്ങനെ പോയവരിലൊരാൾ നന്ദി പറയാൻ തിരികെയെത്തുന്നത്. നേരിൽ കണ്ടുമുട്ടിയ നിമിഷത്തെക്കുറിച്ച് വിവരിക്കാൻ വാക്കുകൾ മതിയാകുന്നില്ലെന്ന് ശിഹാബ് പറയുന്നു. പരസ്പരം ആശ്ലേഷിച്ചു. അവൻ തങ്ങൾക്ക് കിട്ടിയ ഇപ്പോഴത്തെ നല്ല ജീവിതത്തെക്കുറിച്ച് ശിഹാബിനോട് വിശദീകരിച്ചു.
കുടുംബത്തിന്റെ നന്ദിയും സ്നേഹവും അറിയിച്ചു. ശിഹാബിനൊപ്പം സെൽഫിയെടുത്ത് ഉമ്മക്ക് അയച്ചുകൊടുത്തു. ശേഷം മക്കയിൽ പോയി ഉംറ നിർവഹിക്കുകയും ഉള്ളുരുകി ദൈവത്തെ സ്തുതിക്കുകയും ചെയ്തു. വൈകാതെ നാട്ടിലേക്കു മടങ്ങും. ഇനി ഉമ്മയെയും കൂട്ടി അവൻ വരും. അവർക്കുമുണ്ട് മനുഷ്യരോടും ദൈവത്തോടും കൃതജ്ഞത പറയാനുള്ള കടം ബാക്കി.
ദുരിതത്തിലായ കുടുംബത്തെക്കുറിച്ച് ഗൾഫ് മാധ്യമം ഒമ്പതു വർഷം മുമ്പ് പ്രസിദ്ധീകരിച്ച വാർത്തകൾ
അനുഭവിച്ചത് സമാനതകളില്ലാത്ത ദുരിതം
1995ൽ ഒരു ഫാർമസ്യൂട്ടിക്കൽ കമ്പനിയിൽ സെയിൽസ്മാനായി റിയാദിലെത്തിയതാണ് ഹനാന്റെ ഉപ്പ അബ്ദുൽ അസീസ്. മൂന്നു വർഷത്തിനുശേഷം ഭാര്യ അനീസ് ബീഗത്തെയും മൂത്ത മക്കളായ അബ്ദുൽ ഹാദി, അബ്ദുൽ ഹനാൻ എന്നിവരെയും കൊണ്ടുവന്നു. അബ്ദുൽ സുബുഹാൻ, ആയിഷ അസീസ്, നൂറ അസീസ്, അബ്ദുൽ മന്നാൻ എന്നീ നാലു മക്കൾകൂടി ഇവിടെവെച്ച് ജനിച്ചു. അങ്ങനെ ആറു മക്കളും ഭാര്യയുമടങ്ങുന്ന കുടുംബവുമൊത്ത് റിയാദിലെ ഹാരയിൽ ജീവിച്ചുവരുകയായിരുന്നു. അതിനിടയിലാണ് കമ്പനിയിൽ ശമ്പളം മുടങ്ങുന്നതും ഇഖാമ പുതുക്കാതാവുന്നതും. 2003 മുതൽ ഇഖാമ പുതുക്കിയിട്ടില്ല.
മാതാപിതാക്കളുടെ രേഖകളുടെ കാലാവധി കഴിഞ്ഞതോടെ മൂത്ത മക്കളുടെ രേഖകളും പുതുക്കാനായില്ല. ഇവിടെ ജനിച്ച മക്കൾക്ക് ജനന സർട്ടിഫിക്കറ്റോ പാസ്പോർട്ടോ ഒന്നും നേടാനും കഴിഞ്ഞില്ല. മക്കളെ ആരെയും സ്കൂളിൽ ചേർക്കാനുമായില്ല. ബിരുദധാരിയായ ഉമ്മ അനീസ് ബീഗം വീട്ടിലിരുന്ന് കുട്ടികളെ പഠിപ്പിച്ചു. അതിനാവശ്യമായ പുസ്തകങ്ങൾ അബ്ദുൽ അസീസ് സംഘടിപ്പിച്ചുകൊണ്ടുവന്ന് കൊടുത്തു. ശമ്പളം മുടങ്ങി ദുരിതത്തിലായതോടെ സ്വന്തമായുണ്ടായിരുന്ന കാർ ടാക്സിയായിട്ട് ഓടിച്ചും മറ്റുമാണ് കുടുംബത്തിന്റെ നിത്യച്ചെലവുകൾക്കുള്ള പണം അയാൾ കണ്ടെത്തിയിരുന്നത്.
കൂടാതെ, ഭാര്യയുടെ കൈയിലുണ്ടായിരുന്ന 40 പവനോളം സ്വർണം പലപ്പോഴായി വിറ്റാണ് വീട്ടുവാടക ഉൾപ്പെടെ ചെലവുകളും നടത്തിക്കൊണ്ടുപോയത്. കുടുംബമെത്തി അധികം വൈകാതെ രേഖകളുടെ കാലാവധി കഴിഞ്ഞതിനാൽ സൗദിയിലെത്തിയശേഷം നാട്ടിൽ പോയിട്ടേയുണ്ടായിരുന്നില്ല. ഇതിനിടയിൽ ഇഖാമയില്ലാത്തതിന് പൊലീസ് പിടിയിലായി അയാൾ ജയിലിലായി. അതോടെ ഒറ്റപ്പെട്ടുപോയ കുടുംബത്തെ വാടക നൽകാത്തതിന് ഫ്ലാറ്റിൽനിന്ന് ഇറക്കിവിട്ടു. അന്തിയുറങ്ങാൻ ഇടമില്ലാത്തതിനാൽ അന്ന് പകലും രാത്രിയും ആ ഉമ്മ ആറു മക്കളെയുംകൊണ്ട് അസീസിയയിലെ പബ്ലിക് ടാൻസ്പോർട്ട് ബസ് സ്റ്റേഷനിലാണ് ചെലവഴിച്ചത്.
ഇതറിഞ്ഞ് ശിഹാബ് കൊട്ടുകാട് ഇവരെ ഏറ്റെടുത്ത് ബത്ഹയിലെത്തിച്ച് ഷിഫ അൽജസീറ പോളിക്ലിനിക്കിലെ ഓഡിറ്റോറിയത്തിൽ അഭയമൊരുക്കി. മൂന്നര മാസം അവിടെ കഴിഞ്ഞു. പിന്നീടാണ് മലയാളികളായ അബ്ദുൽ ബാരി, ബഷീർ വാടാനപ്പള്ളി എന്നിവർ നടത്തുന്ന അൽഖലീജ് ഹോട്ടലിലേക്കു മാറ്റുന്നത്. അവിടെയും കുറച്ചുകാലം കഴിഞ്ഞു. അപ്പോഴേക്കും ഇന്ത്യൻ എംബസി, സൗദി നാടുകടത്തൽ കേന്ദ്രം (തർഹീൽ), ജവാസത്ത് എന്നിവിടങ്ങളിൽ ശിഹാബ് കൊട്ടുകാട് നടത്തിയ ശ്രമങ്ങളുടെ ഫലമായി നാട്ടിൽ പോകാനുള്ള രേഖകളെല്ലാം ശരിയാക്കാനായി.
16 വർഷം ഇഖാമ പുതുക്കാതെ അനധികൃതമായി കഴിഞ്ഞതിനുള്ള പിഴയും അത്രയും കാലത്തെ ഫീസും ഉൾപ്പെടെ വലിയൊരു തുക സർക്കാറിൽ അടക്കാനുണ്ടായിരുന്നു. എന്നാൽ, കുടുംബത്തിന്റെ ദയനീയ കഥ കേട്ടറിഞ്ഞ ജവാസത്ത് ഉദ്യോഗസ്ഥൻ അബ്ദുൽ നാസർ ഉന്നതതലത്തിൽ ഇടപെടൽ നടത്തി അതെല്ലാം ഒഴിവാക്കി എക്സിറ്റ് വിസ അടിച്ചുനൽകി. അതൊരു റമദാൻ കാലത്തായിരുന്നെന്ന് ശിഹാബ് ഓർക്കുന്നു. അത്തവണത്തെ പെരുന്നാൾ ആ കുടുംബം ഏറെ മധുരത്തോടെ ആഘോഷിച്ചു. അതുവരെ ആ കുട്ടികളുടെ ഓർമയിൽ ഒരു ആഹ്ലാദപ്പെരുന്നാൾ പോലുമുണ്ടായിരുന്നില്ല. അന്നാദ്യമായി അവർ പെരുന്നാൾ മധുരം രുചിച്ചു. പുലർകാലെ കുളിച്ചൊരുങ്ങി സമ്മാനമായി കിട്ടിയ പുതുവസ്ത്രങ്ങളണിഞ്ഞ് ഉമ്മയുടെ കൈപിടിച്ച് ദീറയിലെ ഈദ്ഗാഹിലേക്കു പോയി. തങ്ങളെ സഹായിക്കാൻ മനുഷ്യസ്നേഹികളെ അയച്ച ദൈവത്തിന് മുന്നിൽ അവർ കൃതജ്ഞതയോടെ മുട്ടുകുത്തി.
പെരുന്നാൾ കഴിഞ്ഞ് ഏതാനും ദിവസത്തിനുള്ളിൽ നാട്ടിലേക്കുള്ള വിമാനടിക്കറ്റുകളെത്തി. തർഹീലിൽനിന്ന് അബ്ദുൽ അസീസിനെ ജയിലുദ്യോഗസ്ഥർ റിയാദ് എയർപോർട്ടിലെത്തിച്ചു. അവിടെവെച്ച് കുടുംബവും അയാളും പുനഃസംഗമിച്ചു. ഒരുമിച്ച് നാട്ടിലേക്കു പറന്നു. നാട്ടിലെത്തിയശേഷം പുതിയ ജീവിതം കരുപ്പിടിക്കാൻ അവർ ഏറെ കഷ്ടപ്പെട്ടു. സ്വന്തമായി വീടോ വസ്തുവോ ഉണ്ടായിരുന്നില്ല. കൂട്ടുകാരൻ ഇട്ടുകൊടുത്ത ഒരു ഫാർമസിയിൽനിന്നാണ് അബ്ദുൽ അസീസ് രണ്ടാമതൊരു ജീവിതം കെട്ടിപ്പടുത്തത്.
ഔപചാരിക വിദ്യാഭ്യാസത്തിന്റെ രേഖകളൊന്നും കൈയിലില്ലായിരുന്നെങ്കിലും മിടുക്കുള്ള കുട്ടികൾ ഹൈദരാബാദിലെ നല്ല സ്കൂളിൽതന്നെ പ്രവേശനപരീക്ഷ പാസായി പ്രവേശനം നേടി. അബ്ദുൽ ഹാദി എം.ബി.എ പാസായി പ്രമുഖ കമ്പനിയിൽ എച്ച്.ആർ എക്സിക്യൂട്ടിവായി. അബ്ദുൽ ഹന്നാൻ മെറിറ്റോടെ പ്രമുഖ കോളജിൽ പ്രവേശനം നേടി ഐ.ടി എൻജിനീയറായി. പ്രമുഖ കമ്പനിയിൽ ടെക്നിക്കൽ സപ്പോർട്ട് സ്റ്റാഫായി. അബ്ദുൽ സുബുഹാൻ ബി.എസ്സി കമ്പ്യൂട്ടർ സയൻസിന് പഠിക്കുന്നു. ആയിഷ പ്ലസ്ടുവിലും നൂറ പ്ലസ് വണിലും. ഇളയ മകൻ അബ്ദുൽ മന്നാന് ജന്മനാ ശ്വാസകോശപ്രശ്നമുണ്ടായിരുന്നു. കോവിഡ് കാലത്ത് മരിച്ചു. ആ നൊമ്പരം മാത്രമാണ് പുതിയ ജീവിതത്തിൽ ആ കുടുംബത്തിന് ബാക്കിയായത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

