മാനസാന്തരത്തിന്റെ കഥ; സംരംഭവിജയത്തിന്റെയും
text_fieldsഅടുത്തിടെ പണി പൂർത്തീകരിച്ച വീടിന്റെ താക്കോൽ അഫ്സൽ കൈമാറുന്നു
വടുതല: ജീവിതപരീക്ഷണങ്ങൾ ഒത്തിരി നേരിട്ടയാളാണ് അഫ്സൽ ബിസ്മി. സുഹൃത്തുക്കളെല്ലാം പുസ്തകവുമായി സ്കൂളിലേക്ക് പോകുമ്പോൾ അഫ്സലിന് തൊഴിൽ തേടി ഇറങ്ങേണ്ടിവന്നു. അവിടുന്ന് പലവഴി തിരിഞ്ഞ് ഇപ്പോൾ കോൺട്രാക്ടറായി 35 തൊഴിലാളികളും വാഹനങ്ങളും ഓഫിസും ഒക്കെയുള്ള നിലയിലെത്തി. ഈ സംരംഭവിജയത്തിന് പിന്നിൽ മാനസാന്തരത്തിന്റെ നാൾവഴികളുണ്ട്. 1008 ജങ്ഷനു സമീപത്തെ വളയനാട് അഫ്സൽ ബിസ്മി ഇപ്പോൾ 95 വീട് പൂർത്തീകരിച്ചു. 26 സ്ഥലത്ത് പുനർനിർമാണവും മറ്റ് അനുബന്ധ ജോലികളും നടത്തുന്നു. 12 സ്ഥലങ്ങളിൽ ജോലി പുരോഗമിക്കുന്നു. ഒമ്പതോളം സ്ഥലങ്ങളിൽ പണി ആരംഭിക്കാനുള്ള തയാറെടുപ്പിലുമാണ് അഫ്സലിന്റെ ബിസ്മി കൺസ്ട്രക്ഷൻ.
സാഹചര്യത്തിന്റെ സമ്മർദത്താൽ ദീർഘനാൾ ജീവിതം വഴിതെറ്റിപ്പോയിട്ടുണ്ടെന്നും ക്വട്ടേഷൻ പ്രവർത്തനംവരെ നടത്തിയിട്ടുണ്ടെന്നും അഫ്സൽ പറയുന്നു. പിതാവിന്റെ പിന്തുണ വേണ്ടത്ര ഇല്ലാത്തതിനാൽ മാതാവ് വീടുകളിൽ ജോലിയെടുത്താണ് കുടുംബം പോറ്റിയത്. കുട്ടിക്കാലം ദാരിദ്ര്യവും ആളുകളുടെ പരിഹാസവും നിറഞ്ഞതായിരുന്നു. മരപ്പണി, ബസുകളിലെ പണി, മണ്ണ് വാരൽ, ടൈൽസ് പണി, പെയിന്റിങ് തുടങ്ങി ധാരാളം ജോലികൾ ചെയ്തിട്ടുണ്ട്.
പത്തൊമ്പതാമത്തെ വയസ്സിലെ തന്റെ വിവാഹവും മതബോധമുള്ള ഒരു പെൺകുട്ടിയും ജീവിതം മാറ്റി. സഹോദരിയുടെ വിവാഹത്തെ തുടർന്ന് വീടുപോലും വിൽക്കേണ്ടി വന്നു. ഒരു ഞായറാഴ്ച 600 രൂപ മാത്രമായിട്ടാണ് സ്വന്തം വീട്ടിൽനിന്നിറങ്ങിയത്. അതിനുശേഷം വീണ്ടും പഴയ ജീവിതത്തിലേക്ക് തിരിച്ചുപോകേണ്ടി വന്നു. ഒരു മതപണ്ഡിതന്റെ ആത്മാർഥ ഇടപെടലുകളാണ് നേർമാർഗത്തിലേക്ക് വീണ്ടുമെത്തിച്ചതെന്ന് അഫ്സൽ ഓർക്കുന്നു. വർഷങ്ങളോളം ഒരു കമ്പനിയുടെ കീഴിൽ കൽപണിക്കാരനായി ജോലിനോക്കി. ആ മേഖലയിൽ പ്രാവീണ്യം നേടി.
സ്വന്തമായി സമ്പാദിച്ച് ഒരു വിഹിതം അശരണർക്ക് കൂടി പ്രയോജനപ്പെടുത്തണമെന്ന ചിന്തയാണ് സ്വന്തമായി പണി പിടിച്ച് ചെയ്യുന്നതിലേക്കെത്തിച്ചത്. കാട്ടുപുറം പള്ളിക്ക് സമീപമുള്ള മിസ്ക് ഇബ്രാഹിമാണ് (മാധ്യമം ഏരിയ കോഓഡിനേറ്റർ) തന്നെ ആദ്യമായി പണി ഏൽപിച്ചത്. അദ്ദേഹത്തിന്റെ ഉപദേശവും പിന്തുണയുമാണ് ഈ നിലയിലെത്താൻ സഹായിച്ചത്. ഉമ്മ സുബൈദയുടെ കഠിനാധ്വാനശീലവും ഉപദേശവും സഹായവും തന്നെ പ്രചോദിപ്പിച്ചിരുന്നു. പിന്നീടങ്ങോട്ട് ആരും സഹായിക്കാനില്ല എന്നറിഞ്ഞ് ഒരു മനോധൈര്യത്തിലായിരുന്നു മുന്നോട്ട് പോയത്.
നല്ല അനുഭവം മാത്രം കിട്ടുന്ന രംഗമല്ല നിർമാണമേഖല. ധാരാളം പേർ ചേർത്ത് നിർത്തുമ്പോഴും പലരിൽനിന്നും മോശം വാക്കുകളും കേൾക്കേണ്ടി വന്നിട്ടുണ്ട്. 12 ലക്ഷം രൂപ വരുന്ന ബിൽഡിങ് ഉപകരണങ്ങളും കാറും പിക്അപ്പും ടിപ്പറും ബൈക്കുകളും ഒക്കെ ഇന്ന് സ്വന്തമായുണ്ട്. സ്ഥലമുണ്ടെങ്കിലും സ്വന്തമായൊരു വീട് സ്വപ്നമായി അവശേഷിക്കുന്നു. എട്ട് വർഷമായി 15 തൊഴിലാളികൾ സ്ഥിരമായി കൂടെയുണ്ട്. പണിയിൽനിന്ന് ആദ്യം ബാലൻസ് കിട്ടിയ 6000 രൂപയിൽനിന്ന് 2000 രൂപക്ക് ഒരു കുടുംബത്തിന് ഭക്ഷണകിറ്റ് കൊടുത്തു. ഇപ്പോൾ 34 കുടുംബങ്ങൾക്ക് കമ്പനിയിൽനിന്ന് കിറ്റുകൾ കൊടുത്തുകൊണ്ടിരിക്കുന്നുണ്ട്.
ഹജ്ജും ഉംറക്കും പോകുന്നവരുടെ വീട്ടിൽ ജോലിക്ക് നിന്നു കൊണ്ടിരുന്ന ഉമ്മ സുബൈദയെ ഉംറക്ക് വിടാൻ കഴിഞ്ഞു. ഹംസയാണ് (അമ്പു) പിതാവ്. ഭാര്യ സജ്ന. ആയിഷ, ആദിൽ, ആഹിൽ തുടങ്ങിയവർ മക്കളാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

