ആശങ്കയൊഴിഞ്ഞ് ആത്മീയവഴിയിൽ മഹ്റമില്ലാ ഹാജിമാർ
text_fieldsമഹ്റമില്ലാതെ ഹജ്ജിനെത്തിയ ഇന്ത്യൻ വനിതാ തീർഥാടകർ
മക്ക: കോവിഡിന് ശേഷം വിദേശ തീര്‍ഥാടകരെത്തുന്ന ആദ്യ ഹജ്ജാണ് ഇത്തവണത്തേത്. ഇന്ത്യയില്‍ നിന്നുള്‍പ്പെടെയുള്ള ഹാജിമാര്‍ മക്കയിലെത്തി ഹജ്ജിനായുള്ള ഒരുക്കത്തിലാണിപ്പോള്‍. മഹറമില്ലാത്ത (പുരുഷ ബന്ധുക്കള്‍ കൂടെയില്ലാത്ത) വനിതാ ഹാജിമാരുടെ സംഘം ഇത്തവണയും എത്തിയിട്ടുണ്ട്. പുരുഷ സഹായമില്ലാതെ എത്തിയ ഹാജിമാർക്ക് മികച്ച സൗകര്യങ്ങളാണ് മക്കയിൽ ഏർപ്പെടുത്തിയിരിക്കുന്നത്. നാട്ടിൽ നിന്ന് പുറപ്പെടുമ്പോൾ ഉണ്ടായിരുന്ന ആശങ്കകളെല്ലാം അസ്ഥാനത്തായി. പുറപ്പെടുമ്പോൾ ഏറെപേരും ആശങ്കയിലായിരുന്നു. മഹ്റം ഇല്ലാതെ (പുരുഷ സഹായമില്ലാതെ) എങ്ങനെ മക്കയിൽ കഴിയുകയെന്ന കാര്യത്തിൽ എല്ലാവർക്കും ആശങ്കയുണ്ടായിരുന്നു.
സ്വന്തം വീട്ടിലെന്ന പോലെ എല്ലാ സൗകര്യങ്ങളോടും കൂടിയാണ് താമസം. ഇവർക്കുള്ള സേവനങ്ങളെല്ലാം പ്രത്യേകമായാണ് പുണ്യ കേന്ദ്രങ്ങളിൽ (മക്കയിലും മദീനയിലും) ഒരുക്കിയിട്ടുള്ളത്. സ്ത്രീകൾ മാത്രമുള്ള കെട്ടിടങ്ങൾ, സ്ത്രീകൾ മാത്രം യാത്ര ചെയ്യുന്ന ബസുകൾ, ആശുപത്രികൾ തുടങ്ങി സേവനങ്ങളെല്ലാം പ്രത്യേകമായാണ് സജ്ജീകരിച്ചിട്ടുള്ളത്. ഇവർ താമസിക്കുന്ന കെട്ടിടങ്ങൾക്ക് സുരക്ഷക്കായി 24 മണിക്കൂറും പ്രത്യേകം ആളുകൾ പ്രവർത്തിക്കുന്നുണ്ട്. കെട്ടിടങ്ങൾക്ക് അകത്തേക്ക് പുരുഷ സന്ദർശകർക്ക് വിലക്കുണ്ട്.
പ്രയാസങ്ങളുന്നുമില്ലാതെ മക്കയിലെത്തിയതില്‍ ഏറെ സന്തോഷത്തിലാണിവര്‍. 45 വയസ്സിന് മുകളിലുള്ള സ്ത്രീകളാണ് ഈ വിഭാഗത്തിൽ ഹജ്ജിനു എത്താനാവുക. നാലോ അഞ്ചോ സ്ത്രീകൾ ചേർന്ന് ഒരു കവർ നമ്പറിൽ അപേക്ഷിക്കാം. ബന്ധുക്കളോ പരിചയക്കാരോ ആണ് ഇത്തരത്തിൽ സംഘമായി ഹജ്ജിന് അപേക്ഷിക്കുന്നത്. പുണ്യകേന്ദ്രങ്ങളില്‍ ചെയ്യേണ്ട എല്ലാ കർമങ്ങളും സ്വയം ചെയ്യുമെന്ന സമ്മതവും നല്‍കണം. ഇവര്‍ക്കുള്ള സേവനത്തിനായി വിവിധ സന്നദ്ധ സംഘടനകളുടെ വനിതാ വളന്റിയർമാർ സജീവമായി രംഗത്തുണ്ട്.
ഇവരുടെ ബിൽഡിങ് ലോബിയിൽ വിവിധ നിറങ്ങളിലുള്ള ജാക്കറ്റ് അണിഞ്ഞ വനിതാ വളന്റിയർമാർ നിത്യ സന്ദർശകരാണ്. ഭക്ഷണങ്ങൾ എത്തിച്ചും മെഡിക്കല്‍ സേവനങ്ങളുള്‍പ്പെടെ വളന്റിയര്‍മാരുടെ നേതൃത്വത്തില്‍ സദാ ലഭ്യമാക്കുന്നുണ്ട്. 2018ലാണ് ആദ്യമായി മഹറമില്ലാതെ ഹാജിമാര്‍ എത്തിത്തുടങ്ങിയത്. പദ്ധതി വിജയം കണ്ടതോടെയാണ് കൂടുതല്‍ പേര്‍ ഈ വിഭാഗത്തില്‍ എത്തി തുടങ്ങിയത്. 2,300 ഓളം പേരാണ് ഈ വിഭാഗത്തില്‍ ഇന്ത്യയില്‍നിന്നും ഇത്തവണ ഹജ്ജിനെത്തിയത്. ഇവരില്‍ 1,600 പേര്‍ കേരളത്തില്‍നിന്നാണ്.
ഇവരുടെ സേവനത്തിനായി നാട്ടില്‍നിന്നും 14 വനിതാസേവകരും കൂടെ എത്തിയിട്ടുണ്ട്. ഇതിൽ ഏഴ് മലയാളിൽ വനിതാ സേവകരാണ് ഉള്ളത്. പ്രത്യേകമായി ലഭിക്കുന്ന പരിഗണന തന്നെയാണ് മലയാളികളെ ഈ വിഭാഗത്തില്‍ ഹജ്ജിനെത്തുന്നതിന് ആകര്‍ഷിക്കുന്നത്. വരും വര്‍ഷങ്ങളിലും ഈ വിഭാഗത്തില്‍ കൂടുതല്‍ പേര്‍ ഹജ്ജിനെത്തുമെന്ന് തന്നെയാണ് പ്രതീക്ഷിക്കുന്നത്.