‘നാളെയാവുമോ ഉമ്മാ പെരുന്നാള്’
text_fieldsഇന്ന് റമദാൻ എത്രയാണ്. ഇരുപത്തെട്ടോ അതോ ഇരുപത്തൊമ്പതോ..ശരീരത്തിന്റെ കടുത്ത വേദനയിലും ഞാൻ ആലോചിച്ചത് അതാണ്. പുറം ഭാഗത്തെ നീറ്റലും പുകച്ചിലും അല്ല, ഈ പെരുന്നാൾ ദിവസം ഇവിടെ ഹോസ്പിറ്റലിൽ ആയിപ്പോകുമോ എന്നതാണ് എന്നെ ഏറെ വേദനിപ്പിച്ചത്..
മെഡിക്കൽ കോളജ് ഹോസ്പിറ്റലിൽ അഡ്മിറ്റായിട്ട് ഒരു മാസം കടന്നു പോയിരിക്കുന്നു. കിടക്കയിൽ തളർന്നു വീണു പോയ ശരീരത്തിന്റെ അതിജീവനം ഇങ്ങനെയൊക്കെയാണ് എന്ന് ഞാൻ എന്നെത്തന്നെ ഇടക്കിടെ സമാധാനിപ്പിക്കാൻ ശ്രമിച്ചു. തുടർച്ചയായ കിടപ്പു കൊണ്ടുണ്ടായ മുറിവ് ശരീരത്തെ കൂടുതൽ തളർത്താൻ തുടങ്ങിയപ്പോഴാണ് ഞാൻ ഹോസ്പിറ്റലിൽ അഭയം പ്രാപിച്ചത്..
എന്റെ വേദനയുടെ കഠിനമായ തീജ്വാലകൾ ഉള്ളിൽ ഇങ്ങനെ തിളച്ചു മറിയുകയാണ്. ചിലപ്പോൾ ശരീരം കുളിർന്നു വിറക്കും. പുതപ്പിട്ട് മൂടിയാലും മാറാത്ത കുളിര്. ഇഞ്ചക്ഷനും മരുന്നുകളും ക്രമേണ ആശ്വാസം പകർന്നു. റമദാൻ തുടങ്ങുമ്പോൾ ആശുപത്രിയിൽ എത്തിയിട്ട് കുറേ ദിവസങ്ങൾ ആയിരുന്നു. നോമ്പും നമസ്കാരവുമൊക്കെ അസ്തമിച്ചിരുന്നു.
വേദനയും ബുദ്ധിമുട്ടുകളും കുറച്ചു തരാൻ വേണ്ടിയുള്ള നിശ്ശബ്ദ പ്രാർഥന മാത്രം അവശേഷിച്ചു. വീട്ടിൽ ഉള്ളപ്പോഴുള്ള നോമ്പുകളും പെരുന്നാളുകളും ഓർമയിൽ നിറഞ്ഞു. വീടിന്റെ അടുത്തു തന്നെയുള്ള പള്ളിയിൽനിന്ന് തറാവീഹ് നമസ്കാരത്തിന്റെ അലകൾ സുഖകരമായ മന്ത്രണം പോലെ കാതുകളിൽ കേൾക്കാം.. ഇടയത്താഴം കഴിഞ്ഞു സുബഹി വാങ്കുകേട്ട് നമസ്കരിച്ചു കഴിഞ്ഞാൽ ഒരു കുഞ്ഞുമയക്കം.. അതു ചിലപ്പോൾ പത്തു മണി വരെയൊക്കെ നീണ്ടുപോയി വലിയ ഉറക്കമാവും..
പകൽ നോമ്പ് ചിന്തകളും നമസ്കാരവും ദിക്റുകളും ഒക്കെയായി ചെലവഴിക്കും. ചിലപ്പോൾ ഇസ്ലാം ചരിത്ര പുസ്തകങ്ങൾ വായനക്കെടുക്കും. റമദാനിലാണ് ഞാൻ ഏറെ ചരിത്ര പുസ്തകങ്ങൾ വായിച്ചിട്ടുള്ളത്. നോമ്പിന്റെ ക്ഷീണമോ ബുദ്ധിമുട്ടുകളോ ഒക്കെ നമസ്കാരത്തിൽ മുഴുകിയോ വായനയിൽ ഊളിയിട്ടോ ആണ് കടന്നുപോവുക. ഇടനേരങ്ങളിൽ അറിയാതെ കുഞ്ഞുമയക്കങ്ങൾ...
വൈകീട്ട് നോമ്പു തുറക്കാൻ വേണ്ടിയുള്ള ഹൃദ്യമായ കാത്തിരിപ്പ്.. പ്രാർഥനാനിരതമായ ഹൃദയങ്ങൾ. വിശപ്പിലും ദാഹത്തിലും ഒരേയൊരുവനോടുള്ള അടങ്ങാത്ത ആത്മാരാധന. പള്ളിയിൽ നിന്നുള്ള മഗ്രിബ് വാങ്ക് മുഴങ്ങുമ്പോൾ ഈത്തപ്പഴ മധുരത്തിന്റെ സാർഥകമായ നോമ്പുതുറ. വരണ്ടുപോയ തൊണ്ടയിൽ നോമ്പ് പൂർണമാക്കിയ നനവ്. നമസ്കാരം കഴിഞ്ഞാൽ എല്ലാവരും ഒരുമിച്ചു കൂടിയുള്ള "വിശദമായ" നോമ്പുതുറ. വിഭവരുചി മധുരങ്ങൾ നിറഞ്ഞ ഇഫ്താർ സംഗമങ്ങൾ സ്നേഹത്തിന്റെ കൂടിച്ചേരൽ കൂടിയായിരുന്നു.
നോമ്പ് ഇരുപത്തി ഒമ്പതാകുമ്പോൾ പെരുന്നാൾ പിറ തേടിയുള്ള സമയമായി.... ചന്ദ്രപ്പിറവി കണ്ടാൽ പിറ്റേ ദിവസം പെരുന്നാൾ ആണ്... നോമ്പ് മുപ്പതു തികയാൻ ചിലപ്പോൾ വീട്ടിലെ മുതിർന്നവരുടെ ആഗ്രഹം... വല്യുമ്മക്ക് അതാണ് പ്രാർഥനയെങ്കിൽ ചെറുമകന് പിറ്റേ ദിവസം പെരുന്നാൾ ആഘോഷിക്കാനായിരിക്കും തിടുക്കം. ഒരു മാസം നീണ്ടുനിന്ന വിധിവിലക്കുകളിൽനിന്ന് പാറിപ്പറക്കാനുള്ള യുവ മനസ്സുകളുടെ മോഹം... പിറ കണ്ടുവെന്ന വിശ്വസനീയമായ വിവരം കിട്ടിയാൽ പെരുന്നാളിനുള്ള ഒരുക്കങ്ങൾ തുടങ്ങുകയായി...
ഫിത്ർ സകാത് വീടിക്കഴിഞ്ഞാൽ പിന്നെ പിറ്റേ ദിവസം വേണ്ട ഭക്ഷണത്തിനുള്ള ഒരുക്കങ്ങൾ തുടങ്ങും.. രാവിലെ നല്ല വസ്ത്രങ്ങൾ ധരിച്ചു, സുഗന്ധങ്ങൾ പൂശി എല്ലാവരും പെരുന്നാൾ നമസ്കാരത്തിനായി പള്ളിയിലേക്കും ഈദ് ഗാഹുകളിലേക്കും തിരിക്കും.... പുതിയ വസ്ത്രങ്ങൾ അണിഞ്ഞ കുട്ടികളും വീട്ടിലെ പ്രായമായവരും കണ്ണുകൾക്ക് അനിർവചനീയമായ ആനന്ദമാണ് പകരുക..
ഒരു മാസം നീണ്ട ത്യാഗനിർഭരമായ വ്രതചര്യകൾ പുലരുമ്പോൾ ഹൃദയങ്ങളിൽ സ്നേഹവും ക്ഷമയും സഹാനുഭൂതിയും ഉണരണം... ഒരാളുടെ വിശപ്പിന്റെയും സങ്കടങ്ങളുടെയും ആഴമറിയണം. അങ്ങനെ ഉണ്ടായില്ലെങ്കിൽ അവന്റെ നോമ്പിന് എന്തോ പ്രശ്നമുണ്ട്. പെരുന്നാൾ ദിവസം എല്ലാവരും ബന്ധുവീടുകൾ സന്ദർശിക്കും..
പരസ്പരം പിണക്കങ്ങൾ പൊറുത്ത് ബന്ധങ്ങൾ നല്ലതാക്കണം... എന്റെ പെരുന്നാൾ കാഴ്ചകൾ പലപ്പോഴും വീടിന്റെ ജാലകത്തിലൂടെയാണ്... പെരുന്നാൾ നമസ്കാരത്തിനായി പള്ളിയിലേക്ക് പോകുന്നവരെ കാണാം... അവിടെ ഇരുന്നു തന്നെ എന്റെ പെരുന്നാൾ നമസ്കാരം... നമസ്കാരം കഴിഞ്ഞു ബന്ധുക്കളും സുഹൃത്തുക്കളും വീട്ടിലേക്കെത്തും... വെടി വട്ടം... പൊട്ടിച്ചിരികൾ.. ഫുഡ്... എല്ലാം കഴിഞ്ഞു അവർ മടങ്ങും...ചലന സ്വാതന്ത്ര്യം ഇല്ലാതിരുന്നപ്പോഴും ഞാൻ പെരുന്നാളുകൾ ഇങ്ങനെ ആസ്വദിച്ചിരുന്നു.
ഈ പെരുന്നാൾ എനിക്ക് നഷ്ടപ്പെടുകയാണ്. കണ്ണുകൾ നിറഞ്ഞു. അറിയാതെ മനസ്സ് വിതുമ്പുന്നു. ശരീരം കിടന്നു പൊട്ടിയിട്ട് ഹോസ്പിറ്റലിലേക്ക് എത്തുമ്പോൾ ഒരാഴ്ച കഴിഞ്ഞു വീട്ടിലേക്ക് മടങ്ങാമെന്നായിരുന്നു എന്റെ സമാധാനം.. നോമ്പും പെരുന്നാളും നഷ്ടമാവുകയാണ്. എന്റെ അരികിലിരുന്ന് ഉമ്മയും വേദനയോടെ കണ്ണുകൾ തുടക്കുന്നു. ഞാൻ വേദനകൾ ഉള്ളിലൊളിപ്പിച്ച് ഉമ്മയോട് ചോദിച്ചു.
" നാളെയാവുമോ ഉമ്മാ പെരുന്നാള് " ഷാൾ കൊണ്ട് കണ്ണീരൊപ്പി ഉമ്മ ഇടർച്ചയോടെ പറഞ്ഞു. "ഇന്നാണ് പെരുന്നാള്." ഞാൻ കേട്ടത് സത്യമോ എന്നറിയാതെ അമ്പരപ്പിൽ ഉമ്മയെ നോക്കിക്കിടന്നു... മരുന്നുകളുടെ മയക്കത്തിൽ ഞാൻ ദിവസങ്ങളുടെ തുടർച്ചയെ മറന്നുപോയിരിക്കുന്നു. ഇരുപത്തിയൊമ്പതു റമദാൻ പൂർത്തിയാക്കി ഇന്നായിരുന്നു ചെറിയ പെരുന്നാൾ... എനിക്ക് കരയണമെന്ന് തോന്നി.
" അല്ലാഹു അക്ബർ അല്ലാഹു അക്ബർ.അല്ലാഹു അക്ബർ... ലാ ഇലാഹ ഇല്ലല്ലാഹു അല്ലാഹു അക്ബർ... " എവിടെയോ നിന്ന് തക്ബീർ ഈണങ്ങൾ കാതിൽ കേട്ടതുപോലെ... മെഡിക്കൽ കോളജിലെ ഈ അഞ്ചാം നിലയിലെ വാർഡിൽ അത് കേൾക്കാൻ ഒരു സാധ്യതയും ഇല്ല. രോഗികളും കൂട്ടിരുപ്പുകാരും അവരെ കാണാൻ വന്നവരുടെയും സംസാരങ്ങളും ബഹളങ്ങളുമല്ലാതെ ഇവിടെ മറ്റൊന്നും കേൾക്കാനില്ല. വീട്ടിൽ നിന്ന് ഹോസ്പിറ്റലിലേക്ക് ഇന്ന് ആരെങ്കിലും വരുമെന്ന പ്രതീക്ഷയും ഇല്ല. ഞാനും ഉമ്മയും ഏതൊരു ദിവസത്തെയും പോലേ ഈ ദിവസത്തെ നേരിടാൻ വിഷമിച്ചു... എവിടെയോ ഒരു തുരുത്തിൽ ഒറ്റപ്പെട്ട യാത്രക്കാരെ പോലെ...
പെരുന്നാൾ സുദിനത്തിൽ ഇങ്ങനെ ഹോസ്പിറ്റലിൽ വേദനയോടെ ജീവിക്കേണ്ടി വരുന്ന എത്രയോ മനുഷ്യരുണ്ടാവും...ഏതൊരു മനുഷ്യനും ആരോഗ്യം തകർന്നാൽ എങ്ങനെയൊക്കെ ഈ ജീവിതത്തിൽ പ്രയാസപ്പെടുമെന്ന് ഞാൻ ഓർത്തു. ആഘോഷങ്ങൾ അന്യമാകും... സന്തോഷങ്ങൾ നിഷേധിക്കപ്പെടും...
ഞാൻ ക്ഷമിക്കുന്നവരുടെ കൂടെയാണെന്ന ദൈവവചനം ഓർമയിലെത്തി. തലയിണയിലേക്ക് കണ്ണുനീർ തുള്ളികൾ അടർന്നുവീണു.. തലയിൽ വിരലുകൾ തലോടുന്ന പോലെ തോന്നിയിട്ട് ഞാൻ തിരിഞ്ഞുനോക്കി. അടുത്തൊരു ബെഡിൽ കിടക്കുന്ന ഉപ്പയുടെ മരുമകൻ ആയിരുന്നു അത്.. മാമയെ കാണാൻ ഇടക്കിടെ വരുന്ന അദ്ദേഹത്തെ എനിക്ക് പരിചയമുണ്ട്... പിറകിലെ മുറിവ് തട്ടാതെ പകുതി ചരിഞ്ഞും കമിഴ്ന്നും കിടന്നിരുന്ന ഞാൻ പതിയെ നിവരാൻ ശ്രമിച്ചു..
" അസ്സലാമു അലൈകും മോനേ... ഈദ് മുബാറക്.. " അദ്ദേഹം പ്രസന്ന വദനനായി എന്നെ തലോടി. പതിയെ ഒരാലിംഗനവും... " പെരുന്നാൾ ദിവസമായിട്ട് മോനും ഉമ്മയും എന്താണ് മൂഡോഫ് ആയി ഇരിക്കുന്നെ.. ഒന്ന് ഫ്രഷ് ആവൂ... ഞങ്ങൾ നിങ്ങൾക്കും കൂടി ഭക്ഷണം കൊണ്ടു വന്നിട്ടുണ്ട്... നമുക്ക് ഒരുമിച്ചു കഴിക്കാം... " പെരുന്നാൾ സുഗന്ധമുള്ള സ്നേഹത്തിന്റെ വാക്കുകൾ...അദ്ദേഹത്തിന്റെ ഭാര്യ ഭക്ഷണവുമായി എത്തി. വീട്ടിൽ നിന്ന് ഞങ്ങൾക്കും കൂടി വേണ്ടി കരുതി ഭക്ഷണം കൊണ്ടുവന്നിരിക്കുന്നു. ചില സങ്കടങ്ങളിൽ, മനുഷ്യർ തന്നെയാവും മരുന്ന്. പെരുന്നാൾ നിറവ് ആർദ്രമായ ഹൃദയങ്ങളിലും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

