കൽപാത്തിയിൽ ഇന്ന് ഒന്നാം തേര്
text_fieldsകൽപാത്തി രഥോത്സവത്തിന്റെ ഭാഗമായി കുണ്ടമ്പലത്തിലെ തേരുക്കടകളിലെ തിരക്ക്
പാലക്കാട്: ചരിത്രപ്രസിദ്ധമായ കൽപാത്തി തേരിന് തിങ്കളാഴ്ച തുടക്കമാകുമ്പോൾ രണ്ടു വർഷത്തിനു ശേഷം അഗ്രഹാരവും പരിസരവും ഉത്സവലഹരിയിലമർന്നു. കോവിഡിൽ മുങ്ങി ഒരു വർഷം നിശ്ചലമായും കഴിഞ്ഞ വർഷം നിയന്ത്രണങ്ങളോടെയും നടന്ന രഥോത്സവം ഇത്തവണ പൂർവാധികം ഭംഗിയാക്കി ആഘോഷിക്കുകയാണ്.
ഉത്സവത്തിന്റെ ഭാഗമായി കഴിഞ്ഞാഴ്ച ആരംഭിച്ച ദേശീയ സംഗീതോത്സവം ഞായറാഴ്ച സമാപിച്ചു. തിങ്കളാഴ്ചത്തെ ഒന്നാം തേരും ചൊവ്വാഴ്ചത്തെ രണ്ടാം തേരിനും ശേഷം ബുധനാഴ്ചത്തെ മൂന്നാം തേരിൽ രഥസംഗമം നടക്കും. രഥപ്രയാണത്തിനായി പുതുക്കിപ്പണിത ചാത്തപ്പുരം ക്ഷേത്രത്തിന്റെ രഥം കഴിഞ്ഞാഴ്ച ട്രയൽ റൺ നടത്തിയിരുന്നു. ചൊവ്വാഴ്ചയാണ് രഥോത്സവ ഭാഗമായുള്ള കൊടിയേറ്റം നടത്തിയത്.
ചാത്തപ്പുരം പ്രസന്ന മഹാഗണപതി ക്ഷേത്രം, പഴയ കൽപാത്തി ലക്ഷ്മി നാരായണ പെരുമാൾ ക്ഷേത്രം, മന്തക്കര മഹാഗണപതി ക്ഷേത്രം, വിശാലാക്ഷി സമേത വിശ്വനാഥ ക്ഷേത്രം എന്നിവിടങ്ങളിൽനിന്നുള്ള ദേവരഥങ്ങൾ തിങ്കളാഴ്ച മുതൽ അഗ്രഹാര വീഥികളിൽ രഥപ്രയാണം നടത്തും. 37 വർഷത്തിനുശേഷമാണ് മന്തക്കര ഗണപതി ക്ഷേത്ര രഥം നവീകരണം നടത്തി രഥപ്രയാണത്തിനിറങ്ങുന്നത്. രഥോത്സവത്തിന്റെ ഭാഗമായി കൽപാത്തി അഗ്രഹാരവീഥികളെല്ലാം കച്ചവടക്കാരാൽ നിറഞ്ഞു.
കൗണ്‍സിലര്‍ പോയന്റ് തുടങ്ങി
പാലക്കാട്: കൽപാത്തി രഥോത്സവ ഭാഗമായി വാര്‍ഡ് വികസന സമിതിയുടെ നേതൃത്വത്തില്‍ കൽപാത്തിയില് കൗണ്‍സിലര്‍ പോയന്റ് തുടങ്ങി. ബി.ജെ.പി ജില്ല ട്രഷറര്‍ പി. ഭാസി ഉദ്ഘാടനം ചെയ്തു. വാര്‍ഡ് കൗണ്‍സിലര്‍ കെ.വി. വിശ്വനാഥന് അധ്യക്ഷത വഹിച്ചു. കൗണ്‍സിലര്‍മാരായ വി. നടേശന്, കെ. സുഭാഷ് എന്നിവര്‍ സംസാരിച്ചു. അജിത്ത് കുമാര്‍ സ്വാഗതവും ഗണേശന് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

