ആറ്റുകാൽ ഭക്തിസാന്ദ്രം, ഇന്ന് പൊങ്കാല; 10.15ന് പണ്ടാര അടുപ്പില്‍ തീ പകരും, ഉച്ചക്ക് 1.15നാണ് പൊങ്കാല നിവേദ്യം
text_fieldsആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച് ദീപാരാധന തൊഴുന്ന ഭക്തർ
തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല ഇന്ന്. ഭക്തലക്ഷങ്ങള്‍ ഒരുമിക്കുന്ന തലസ്ഥാനത്ത് പൊങ്കാല അര്‍പ്പണത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ക്ഷേത്രപരിസരത്തു നിന്നും പത്ത് കിലോമീറ്റർ ചുറ്റളവില്‍ റോഡിനിരുവശത്തും പൊങ്കാല അടുപ്പുകള്‍കൊണ്ട് നിറഞ്ഞു. വ്യാഴാഴ്‌ച രാവിലെ 10.15ന് ക്ഷേത്രത്തിന് മുന്നിലെ പണ്ടാര അടുപ്പില്‍ തീ പകരും. ഉച്ചക്ക് 1.15 നാണ് പൊങ്കാല നിവേദ്യം. പൊങ്കാല നിവേദ്യത്തിനായി ക്ഷേത്രത്തില്‍ നിന്നും 400 പൂജാരിമാരെ പ്രത്യേകമായി നിയോഗിച്ചിട്ടുണ്ട്.
വൈകീട്ട് 7.45ന് കുത്തിയോട്ട നേര്‍ച്ചക്കാര്‍ക്കുള്ള ചൂരല്‍ കുത്ത്. 582 ബാലന്മാരാണ് ഇക്കുറി കുത്തിയോട്ടത്തിനുള്ളത്. രാത്രി 11.15ന് മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്ക് ദേവിയെ എഴുന്നള്ളിക്കും. വെള്ളിയാഴ്ച രാവിലെ എഴുന്നള്ളത്ത് തിരിച്ച് ക്ഷേത്രത്തിലെത്തും. രാത്രി 10ന് കാപ്പഴിച്ച് ദേവിയെ കുടിയിളക്കിയശേഷം പുലർച്ചെ ഒരു മണിക്ക് നടക്കുന്ന കുരുതി സമര്‍പ്പണത്തോടെ ഈ വർഷത്തെ പൊങ്കാല മഹോത്സവം സമാപിക്കും.
ലോകത്തിലെ ഏറ്റവും കൂടുതല്‍ സ്ത്രീകള്‍ ഒത്ത് ചേരുന്ന ചടങ്ങെന്ന നിലയില്‍ ആറ്റുകാല്‍ പൊങ്കാല 2009ല്‍ ഗിന്നസ് ബുക്കിലെത്തിയിരുന്നു. അന്ന് 25 ലക്ഷത്തില്‍ കൂടുതല്‍ സ്ത്രീകളാണ് എത്തിയത്. ഇത്തവണ ആ റെക്കോഡ് തകര്‍ക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഹരിതചട്ടങ്ങൾ പാലിക്കണം
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് എത്തുന്ന എല്ലാവരും ഹരിത ചട്ടങ്ങൾ പാലിക്കാൻ ശ്രദ്ധിക്കണമെന്ന് മന്ത്രി എം.ബി രാജേഷ്. പൊങ്കാല ഇടാനെത്തുന്നവർ പ്ലാസ്റ്റിക്കിനു പകരം സ്റ്റീൽ പാത്രങ്ങളും ഗ്ലാസും ഉപയോഗിക്കണം. അന്നദാനവും കുടിവെള്ളവിതരണവും നടത്തുന്നവർക്കും ഇക്കാര്യത്തിൽ ജാഗ്രതയുണ്ടാവണം.
ഇത്തരം സന്നദ്ധസംഘടനകൾക്ക് കോർപറേഷൻ ആവശ്യമായ നിർദേശം നൽകിയിട്ടുണ്ട്. മാലിന്യമുക്തം നവകേരളം കാമ്പയിനുമായി ബന്ധപ്പെട്ട് തിരുവനന്തപുരം നഗരത്തെ വൃത്തിയായി സൂക്ഷിക്കാൻ വിപുലമായ ഒരുക്കങ്ങളാണ് കോർപറേഷൻ നടത്തിയിരിക്കുന്നത്. കോർപറേഷൻ ഒരുക്കിയ സജ്ജീകരണങ്ങളോട് സഹകരിക്കാൻ എല്ലാവരും തയ്യാറാവണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
പൊങ്കാലക്കാർ ഒന്ന് ശ്രദ്ധിക്കണേ...
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലക്ക് എത്തുന്നവർ ശ്രദ്ധിക്കാൻ സുരക്ഷ നിർദേശം പുറപ്പെടുവിച്ചിരിക്കുകയാണ് പൊലീസ് വിഭാഗം.
- പെട്രോൾ പമ്പുകൾക്കും, ട്രാൻസ്‌ഫോമറുകൾക്കും സമീപം അടുപ്പ് കത്തിക്കരുത്
- പൊലീസ്, ഫയർഫോഴ്‌സ് വാഹനങ്ങൾ, ആംബുലൻസ് എന്നിവയുടെ സുഗമമായ യാത്ര ഉറപ്പുവരുത്തുന്നതിനായുള്ള സ്‌ഥലം ഒഴിവാക്കി മാത്രം അടുപ്പ് കത്തിക്കുക
- മുഖാമുഖമായി നിൽക്കുന്ന നിലയിൽ അടുപ്പുകൾ ക്രമീകരിക്കുക
- വസ്‌ത്രത്തിന്റെ തുമ്പ് അലക്ഷ്യമായി നീണ്ടുകിടക്കുന്നത് ഒഴിവാക്കുക
- അടുപ്പ് കത്തിക്കുന്നതിനായി മണ്ണെണ്ണയോ മറ്റ് ഇന്ധനങ്ങളോ ഉപയോഗിക്കാതിരിക്കുക
- പെർഫ്യൂം ബോട്ടിലുകൾ, സാനിറ്റൈസറുകൾ എന്നിവ കൈവശം സൂക്ഷിക്കരുത്
- കുട്ടികളെ പൊങ്കാല അടുപ്പിന് സമീപം നിർത്തരുത്
- പൊങ്കാലയ്‌ക്ക് ശേഷം അടുപ്പിലെ തീ പൂർണമായി അണച്ചശേഷം മാത്രം പോവുക
- അനുവദിച്ചിട്ടുള്ള ഏരിയയിൽ മാത്രം വാഹനങ്ങൾ പാർക്ക് ചെയ്യുക.
ഒഴുകിയെത്തി ലക്ഷക്കണക്കിന് വനിതകൾ
തിരുവനന്തപുരം: പൊങ്കാല പുണ്യം തേടി ഭക്‌തർ വ്യാഴാഴ്ച ആറ്റുകാലമ്മയ്‌ക്ക് പ്രാർഥനകൾ നിവേദ്യമായി അർപ്പിക്കുമ്പോൾ സഫലമാകുന്നത് ഒരു വർഷത്തെ കാത്തിരിപ്പ്. ആറ്റുകാല്‍ പൊങ്കാലയ്‌ക്കായി ചൊവ്വാഴ്ച മുതല്‍ തന്നെ ദേവീപുണ്യം തേടി ഭക്തലക്ഷങ്ങള്‍ തലസ്ഥാനത്തേക്ക് ഒഴുകിയെത്തിയിരുന്നു. ക്ഷേത്ര പരിസരവും പത്ത് കിലോമീറ്റർ ചുറ്റളവിലുള്ള റോഡിനിരുവശത്തും പൊങ്കാലക്കലങ്ങളാൽ നിറഞ്ഞു. വ്യാഴാഴ്‌ച രാവിലെ 9.45ന് നടക്കുന്ന ശുദ്ധപുണ്യാഹത്തോടെയാണ് ആറ്റുകാൽ പൊങ്കാലയുടെ ചടങ്ങുകള്‍ ആരംഭിക്കുന്നത്.
ആരോഗ്യ വകുപ്പിലെ ഡോക്ടര്‍മാര്‍ അടങ്ങിയ 10 മെഡിക്കല്‍ ടീമുകളെ ആംബുലന്‍സ് ഉള്‍പ്പെടെ വിവിധ ഭാഗങ്ങളില്‍ നിയോഗിച്ചിട്ടുണ്ട്. ഡോക്ടർമാരും സ്റ്റാഫ് നഴ്‌സുമാരുമടങ്ങിയ ഈ ടീമില്‍ ജൂനിയർ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരുടെ സേവനവും ഉറപ്പാക്കിയിട്ടുണ്ട്. കനിവ് 108ന്റെ 11 ആംബുലന്‍സുകള്‍, ബൈക്ക് ഫസ്റ്റ് റസ്‌പോണ്ടര്‍, ഐ.സി.യു ആംബുലന്‍സ്, മറ്റ് വകുപ്പുകളുടെ 10 ആംബുലന്‍സുകള്‍ എന്നിവ സജ്ജമാണ്. പൊങ്കാല മേഖലകളില്‍ താൽകാലികമായി 1391 ശുദ്ധജല ടാപ്പുകളും 50 ഷവറുകളും സ്ഥാപിച്ചിട്ടുണ്ട്. കുടിവെള്ള വിതരണം സുഗമമാക്കാനായി പ്രത്യേകസംഘത്തെ നിയോഗിച്ചു. സുരക്ഷയ്ക്കായി 3811 പൊലീസ് ഉദ്യോഗസ്ഥർ ഡ്യൂട്ടിയിലുണ്ട്. 300 ലധികം അഗ്‌നിരക്ഷ സേന അംഗങ്ങളും കര്‍മ്മനിരതരായുണ്ട്.
ഒരു സമയം 8000 പേര്‍ക്ക് ദര്‍ശനത്തിനായി വരി നില്‍ക്കാനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ഭിന്നശേഷിക്കാര്‍, കൈക്കുഞ്ഞുങ്ങളുമായി വരുന്ന അമ്മമാര്‍ എന്നിവര്‍ക്ക് പ്രത്യേക സൗകര്യങ്ങളുണ്ട്. കെ.എസ്.ആർ.ടി.സി അഞ്ഞൂറോളം സർവിസ് നടത്തും. ഭക്തരെ അതത് സ്ഥലങ്ങളിലേക്ക് തിരികെയെത്തിക്കുന്നതിനും കെ.എസ്.ആര്‍.ടി.സി പ്രത്യേക സര്‍വീസുകളുള്ളതായി അധികൃതർ അറിയിച്ചു.
കോർപറേഷൻ സുസജ്ജം
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലക്കായി മണിക്കൂറുകൾ മാത്രം ശേഷിക്കേ അവസാനവട്ട ഒരുക്കവും പൂർത്തിയാക്കി തിരുവനന്തപുരം കോർപറേഷൻ. എല്ലാവരും ഹരിതചട്ടം കര്‍ശനമായി പാലിക്കണം. അന്നദാന, കുടിവെള്ള വിതരണത്തിനായി സ്‌മാർട്ട് ട്രിവാൻഡ്രം ആപ്പിൽ 228 സന്നദ്ധ സംഘടനകളാണ് ഇതുവരെ രജിസ്‌റ്റർ ചെയ്‌തത്. ഭക്ഷ്യവിതരണം നടത്തുന്നവർ ആപിൽ രജിസ്‌റ്റർ ചെയ്യണമെന്ന് കോർപറേഷൻ കർശന നിർദ്ദേശം നൽകിയിരുന്നു.
അന്നദാന, കുടിവെള്ള വിതരണം സ്‌ഥലങ്ങളിൽ പരിശോധനകൾക്കായി സ്‌ക്വാഡുകളെ നിയോഗിച്ചിട്ടുണ്ട്. മാലിന്യമുക്തം നവകേരളം പദ്ധതിയുടെ ഭാഗമായി പൊങ്കാലക്കെത്തുന്ന ഭക്‌തരും അന്നദാന, കുടിവെള്ള വിതരണം നടത്തുന്ന സന്നദ്ധസംഘടനകളും പ്ലാസ്‌റ്റിക് പോലുള്ള വസ്‌തുക്കൾക്ക് പകരം സ്റ്റീല്‍ പ്ലേറ്റ്, ഗ്ലാസ് എന്നിവ ഉപയോഗിക്കണം.
സർക്കാർ തലത്തിൽ വിപുലമായ ഒരുക്കം- മന്ത്രി വി. ശിവൻകുട്ടി
തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല അതിഗംഭീരമായി സംഘടിപ്പിക്കാൻ ഒരുക്കം പൂർത്തിയായതായി മന്ത്രി വി. ശിവൻകുട്ടി. പൊങ്കാലയുമായി ബന്ധപ്പെട്ട് വിവിധ നിർവഹണ ഏജൻസികൾക്ക് സർക്കാർ ഫണ്ട് അനുവദിച്ചിട്ടുണ്ട്. 30 വാർഡുകൾ ഉത്സവ മേഖലയായി പ്രഖ്യാപിച്ചു. വ്യാഴാഴ്ച ജില്ലക്ക് കലക്ടർ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം കോർപറേഷൻ പരിധിയിലും വെങ്ങാനൂർ ഗ്രാമപഞ്ചായത്തിലെ വെള്ളാർ വാർഡിലും പൊങ്കാല ദിവസം വൈകിട്ട് ആറുവരെ മദ്യനിരോധനമുണ്ട്.
ദുരന്ത പ്രതിരോധ പ്രവർത്തനങ്ങൾക്കായി ദുരന്തനിവാരണ വിഭാഗം ഡിഎം പ്ലാൻ തയാറാക്കിയിട്ടുണ്ട്. ദുരന്തനിവാരണ വിഭാഗ കൺട്രോൾ റൂം ക്ഷേത്ര പരിസരത്ത് പ്രവർത്തിക്കുന്നുണ്ട്. ജലവും ജലസ്രോതസ്സും ടെസ്റ്റ് ചെയ്യുന്നതിനും അണുവിമുക്തമാക്കുന്നതിനുമുള്ള നടപടികൾ, ദുരന്തങ്ങൾ ഉണ്ടായാൽ ഒഴിവാക്കുന്നതിനും നഗരത്തിലെ പ്രധാനപ്പെട്ട ഹോസ്പിറ്റലുകളിൽ 10 ബെഡ് വീതം മാറ്റിവക്കാനും അതിനുള്ള ക്രമീകരണങ്ങൾ സജ്ജമാക്കാനും ആരോഗ്യവകുപ്പ് നടപടികൾ കൊണ്ടിട്ടുണ്ട്. ക്ഷേത്ര പരിസരത്ത് 24 മണിക്കൂറും കെ.എസ്.ഇ.ബിയുടെ കൺട്രോൾ റൂം പ്രവർത്തിക്കും. ആറ്റുകാൽ പരിസരത്ത് 15 സ്ഥലങ്ങളിലായി ഡ്യൂട്ടിക്ക് ജീവനക്കാരെ കെ.എസ്.ഇ.ബി വിന്യസിച്ചു.
ആറ്റുകാൽ ഉത്സവവുമായി ബന്ധപ്പെട്ട് പൊതുമരാമത്ത് വകുപ്പ് പ്രധാനപ്പെട്ട 12 റോഡുകളിൽ ആറെണ്ണം ബി.എം.ആൻഡ് ബി.സി ചെയ്ത് നവീകരിച്ചു. മൂന്ന് റോഡിന്റെ അറ്റകുറ്റപ്പണികൾ പൂർത്തീകരിച്ചു. ഓട വൃത്തിയാക്കൽ, പൊട്ടിയ സ്ലാബുകൾ മാറ്റൽ, അപകടാവസ്ഥയിലുള്ള വൃക്ഷശിഖരങ്ങൾ മുറിച്ചുമാറ്റൽ തുടങ്ങിയവ പൂർത്തീകരിച്ചു. ലീഗൽ മെട്രോളജി വകുപ്പിന്റെ സ്പെഷ്യൽ സ്ക്വാഡ് പ്രവർത്തനങ്ങൾ തുടങ്ങി.
എക്സൈസ് വകുപ്പ് 24 മണിക്കൂർ പ്രവർത്തിക്കുന്ന കൺട്രോൾ റൂം രാവിലെ എട്ടുമുതൽ രാത്രി എട്ടുവരെ പ്രവർത്തിപ്പിക്കും. വനിത ജീവനക്കാരുടെ സേവവും ഉണ്ടാകും. പൊങ്കാലയോട് അനുബന്ധിച്ച് കുടിവെള്ള വിതരണം സുഗമമായി നടത്തുന്നതിന് വാട്ടർ അതോറിറ്റി ഉത്സവ മേഖലയെ മൂന്ന് സോണുകളായി തിരിച്ച് പ്രവർത്തനം നടത്തുകയാണ്.
ആറ്റുകാൽ ക്ഷേത്ര പരിസരവും നഗരപ്രദേശങ്ങളും ആറ്റുകാൽ സെക്ടർ, ഈസ്റ്റ് ഫോർട്ട്, കിള്ളിപ്പാലം, തമ്പാനൂർ, സിറ്റി ഔട്ടർ എന്നിങ്ങനെ 5 സെക്ടറുകൾ ആയി തിരിച്ച് ഫയർ ആൻഡ് റെസ്ക്യൂ ടീമിന്റെ നേതൃത്വത്തിൽ കൺട്രോൾ സ്റ്റേഷൻ പ്രവർത്തിക്കുന്നതായും മന്ത്രി പറഞ്ഞു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.