തൃശൂർ പൂരം: കുടമാറ്റ കുടകൾ കുറക്കും
text_fieldsതൃശൂർ: തൃശൂർ പൂരത്തിന്റെ ആകർഷക കാഴ്ചയായ കുടമാറ്റത്തിലെ വർണക്കുടകളുടെ എണ്ണം കുറക്കാൻ തിരുവമ്പാടി-പാറമേക്കാവ് ദേവസ്വങ്ങളുടെ സംയുക്ത യോഗത്തിൽ ധാരണ. സമയനിഷ്ഠ പാലിക്കുന്നതും അധ്വാനഭാരം കുറക്കുന്നതിനുമൊപ്പം കുടമാറ്റക്കാഴ്ചകൾ ആസ്വാദ്യകരമാക്കുകയാണ് ലക്ഷ്യം.
50 മുതൽ 70 സെറ്റുകൾ വരെ കുടകളാണ് ഉയർത്തുന്നത്. ഇത് 40ലേക്ക് താഴ്ത്താനാണ് തീരുമാനം. 35 സെറ്റ് സാധാരണ കുടകളും അഞ്ച് സെറ്റ് സ്പെഷ്യൽ കുടകളുമാണ് ഉണ്ടായിരിക്കുക. മുമ്പ് ആറരയോടെ കുടമാറ്റം പൂർത്തിയായിരുന്നത് എട്ട് മണി കടന്നും നീളുകയാണ്.
ഇതോടൊപ്പം വെടിക്കെട്ട് കൂടുതൽ ആളുകൾക്ക് കാണാനുള്ള സാഹചര്യം ഒരുക്കാനായി ദൂരപരിധി കുറക്കാനുള്ള ശ്രമം നടത്താനും യോഗത്തിൽ തീരുമാനിച്ചു. കാണികൾക്കുള്ള 100 മീറ്റർ ദൂരം എന്ന നിബന്ധന 60 മീറ്ററാക്കണമെന്ന് കേന്ദ്ര സർക്കാരിനോടും എക്സ്പ്ലോസിവ് വകുപ്പിനോടും നിർദേശം വെക്കും.
കൂട്ടപ്പൊരിച്ചിൽ നടക്കുന്ന സ്ഥലത്ത് കൂടുതൽ നിയന്ത്രണം ഏർപ്പെടുത്താമെന്നും ദേവസ്വങ്ങൾ പറയുന്നു. പാറമേക്കാവ് ഭാഗത്ത് രാഗം തിയറ്റർ വരെയും തിരുവമ്പാടി ഭാഗത്ത് ബാനർജി ക്ലബ് വരെയും റൗണ്ടിൽ ആളുകളെ പ്രവേശിപ്പിക്കാൻ ഇതിലൂടെ സാധിക്കും. ഏപ്രിൽ 30നാണ് ഈ വർഷത്തെ തൃശൂർ പൂരം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

